ചെന്നൈ: ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ച താരത്തിനെതിരെ നടപടി. തമിഴ്നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ (ടി.എൻ.പി.എൽ) 'പ്ലെയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ' (പി.എം.ഒ.എ) പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പേര് വെളിപ്പെടുത്താത്ത താരത്തിന് ഒരു ലക്ഷം രൂപയാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പിഴ ചുമത്തിയത്. അന്വേഷണം പൂർത്തിയാകുന്നത് വരെ ഈ സീസണിലെ മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കിയിട്ടുണ്ട്.
26കാരനായ താരം നിരോധിത മേഖലയായ പി.എം.ഒ.എയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും മത്സരത്തിനിടെ കാമുകിക്ക് സന്ദേശം അയയ്ക്കുകയും ചെയ്യുകയുമായിരുന്നു. പി.എം.ഒ.എയിൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയിട്ടുള്ളതിനാൽ ഇതൊരു ചട്ടലംഘനമാണ്. എന്നാൽ താരത്തിനെതിരെ അഴിമതിയാരോപണങ്ങൾ ഒന്നും തന്നെ ഉന്നയിച്ചിട്ടില്ല.
ഓൾറൗണ്ടർ കൂടിയായ താരത്തിനെതിരെ കർശന നടപടിയുണ്ടായേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷത്തെ വിലക്കേർപ്പെടുത്താനും സാദ്ധ്യതയുണ്ടായിരുന്നു. എന്നാൽ കുറ്റം അത്ര ഗൗരവമുള്ളതായിരുന്നില്ലാത്തതിനാൽ, ഒരു ലക്ഷം രൂപ പിഴ ചുമത്തി അദ്ദേഹത്തെ വിട്ടയച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടിഎൻസിഎ താരത്തിന്റെ പേര് വെളിപ്പെടുത്തില്ല. കഴിഞ്ഞ വർഷത്തെ രഞ്ജി ട്രോഫിയിൽ തമിഴ്നാടിനായി രണ്ട് അർദ്ധസെഞ്ച്വറികൾ നേടിയ ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹമെന്ന് റിപ്പോർട്ടുണ്ട്.
'മത്സരത്തിനിടെ കാമുകിക്ക് സന്ദേശം അയച്ചത് കണ്ടെത്തി. അഴിമതി ആരോപണങ്ങളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും, മത്സരസമയത്ത് കളിക്കാർക്കും ഒഫീഷ്യലുകൾക്കും മാത്രമായുള്ള പ്രദേശത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതിനാൽ, ഇതൊരു ചട്ടലംഘനമാണ്'- ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |