SignIn
Kerala Kaumudi Online
Sunday, 30 August 2026 8.45 PM IST

'ഇംഗ്ലണ്ടിലെത്തിയ ഏറ്റവും ദുർബലമായ പാക്  ടീം,​ എളുപ്പത്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന ബാറ്റിംഗ് നിര',​ പരിഹാസവുമായി മുൻ നായകൻ

babar-azam-jo-root
പാക് ക്യാപ്‌ടൻ ബാബർ അസം, ഇംഗ്ലണ്ട് ക്യാപ്‌ടൻ ജോ റൂട്ട് ​

ലണ്ടൻ: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് നിരയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പാക് ബാറ്റർമാർ കാഴ്ചവയ്ക്കുന്ന ദയനീയ പ്രകടനത്തെയാണ് വോൺ വിമർശിച്ചത്, അടുത്ത കാലത്തൊന്നും ഇത്ര എളുപ്പത്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുന്ന ബാറ്റിംഗ് നിരയെ കണ്ടിട്ടില്ലെന്നായിരുന്നു വോണിന്റെ വിമർശനം. ഇംഗ്ലണ്ട് ബൗളർമാർ വിക്കറ്റ് നേടാൻ ക്യൂ നിൽക്കുന്ന അവസ്ഥയാണെന്നും വോൺ പരിഹസിച്ചു. ബിബിസി ടെസ്റ്റ് മാച്ച് സ്‌പെഷ്യലിൽ സംസാരിക്കുകയായാരുന്നു അദ്ദേഹം.


'സത്യസന്ധമായി പറഞ്ഞാൽ, ഇംഗ്ലണ്ട് ബൗളർമാർക്ക് യാതൊരു വെല്ലുവിളിയും നേരിടേണ്ടിവരുന്നില്ല. അടുത്ത കാലത്തൊന്നും ഇത്ര എളുപ്പത്തിൽ പന്തെറിയാൻ കഴിയുന്ന ബാറ്റിംഗ് നിരയെ കണ്ടിട്ടില്ല. പാകിസ്ഥാനെതിരെ പന്തെറിയാൻ ഇംഗ്ലണ്ട് ബൗളർമാർ പരസ്പരം ക്യൂ നിൽക്കുകയാണെന്ന് തോന്നും. കാരണം, വിക്കറ്റുകൾ ഇവിടെ കാത്തിരിക്കുന്നുണ്ടെന്ന് അവർക്കറിയാം'.

പാക് ബാറ്റിംഗ് നിരയിൽ നിന്ന് ഇംഗ്ലണ്ട് ബൗളർമാരെ അപകടത്തിലാക്കാൻ ആരുമില്ല. അവരുടെ ബൗളിംഗ് കണക്കുകൾ മോശമാക്കാൻ പോലും ഒരു ബാറ്റർക്കും കഴിയുന്നില്ല. ആർക്കാണ് അടുത്ത വിക്കറ്റ് നേടേണ്ടതെന്ന മത്സരമാണ് നടക്കുന്നത്. പാകിസ്ഥാൻ വലിയ സ്‌കോർ നേടില്ലെന്ന് ബൗളർമാർക്കെല്ലാം അറിയാം. അതിനാൽ 40 മുതൽ 50 ഓവർ വരെ മാത്രമേ മൈതാനത്ത് നിൽക്കേണ്ടിവരൂ. ഓരോ സ്‌പെല്ലിലും പരമാവധി നൽകാം. ജോ റൂട്ടിനോട് 'ഇനി ഒരു ഓവർ കൂടി എറിയട്ടെ' എന്ന് പറയുന്ന അവസ്ഥയാണ്

'ഇംഗ്ലണ്ട് ബൗളർമാർ മികച്ച രീതിയിലാണ് പന്തെറിയുന്നത്, അവർ വലിയ ഭീഷണിയുമാണ്. മികച്ച ബാറ്റിംഗ് നിരകൾക്കെതിരെയും ഇതേ രീതിയിൽ പന്തെറിഞ്ഞാൽ ഈ ബൗളിംഗ് ആക്രമണം വലിയ വെല്ലുവിളിയാകും. എന്നാൽ ഇത് പാകിസ്ഥാന്റെ ബാറ്റിംഗാണ്. രണ്ടാം ഡിവിഷൻ കൗണ്ടി ക്രിക്കറ്റാണോ എന്ന് പോലും തോന്നിപ്പോകും. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ബാറ്റിംഗ് നിരയുടെ നിലവാരത്തിലേക്ക് പോലും ഇവരുടെ പ്രകടനം എത്തിയിട്ടില്ല,'-വോൺ കൂട്ടിച്ചേർത്തു.


അതേസമയം,​ ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെ ഇന്നിംഗ്‌സിനും 103 റൺസിനും തകർത്ത ഇംഗ്ലണ്ട്, പാകിസ്ഥാനെ രണ്ട് ഇന്നിംഗ്‌സുകളിലും യഥാക്രമം 171, 135 റൺസിന് പുറത്താക്കിയിരുന്നു. രണ്ടാം ടെസ്റ്റിലും പാക് ബാറ്റിംഗ് നിരയ്ക്ക് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. ആദ്യ ഇന്നിംഗ്സിൽ 110 റൺസിന് പുറത്തായ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് 290 റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 208 റൺസിന് പുറത്തായതോടെ പാകിസ്ഥാന് മുന്നിൽ 389 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ പാക് ടീമിന്റെ നിലവാരം സംബന്ധിച്ച് ഇതിനകം തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെത്തിയ ഏറ്റവും ദുർബലമായ പാക് ടീമുകളിലൊന്നാണിതെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. രണ്ടാം ടെസ്റ്റിൽ 389 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് വിമർശനങ്ങൾക്ക് മറുപടി നൽകണമെങ്കിൽ അസാധാരണ ബാറ്റിംഗ് പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

English Summary

Former England captain Michael Vaughan criticized the Pakistan cricket team's batting performance during their Test series against England. He described their lineup as offering no challenge, making it easy for England bowlers to take wickets. This criticism comes after Pakistan's struggle, including an innings defeat in the first Test and a difficult chase in the second.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BABAR AZAM, JO ROOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360