ലോര്‍ഡ്സ്: 1975 മുതല്‍ 2023 വരെ ക്രിക്കറ്റിന്റെ 13 ലോകകപ്പുകള്‍ അരങ്ങേറി. ക്രിക്കറ്റിനെ മതം പോലെ കാണുന്ന ഇന്ത്യക്കാരുടെ ഹൃദയം ഇന്ത്യക്കായിട്ടല്ലാതെ മറ്റൊരു രാജ്യത്തിനായി വേദനിച്ചിട്ടുണ്ടെങ്കില്‍ അത് 2019ലെ ഏകദിന ലോകകപ്പിന്റെ കലാശപ്പോരിനൊടുവിലാണ്. ഇംഗ്ലണ്ട് - ന്യൂസിലാന്‍ഡ് കലാശപ്പോര് നടന്നത് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍. മത്സരവും സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചതിനൊടുവില്‍ ബൗണ്ടറി കൗണ്ട് എന്ന അന്നോളം കേട്ടിട്ടില്ലാത്ത ഒരു നിയമത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിട്ടു. തോല്‍ക്കാത്ത മത്സരത്തില്‍ എതിരാളികള്‍ കിരീടമുയര്‍ത്തിയപ്പോള്‍ ചെറുചിരിയോടെ നിന്ന കെയ്ന്‍ വില്യംസണ്‍ എന്ന അന്നത്തെ കിവീസ് നായകനെ ക്രിക്കറ്റിനോട് സ്നേഹമുള്ള ഒരാളും മറക്കില്ല.
16 വര്‍ഷം നീണ്ട് നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് വില്യംസണ്‍ സലാം പറഞ്ഞിരിക്കുകയാണ്. കരിയറില്‍ വില്യംസണ്‍ എന്ന മാന്യനായ നായകനെ എന്നെന്നും ഓര്‍ക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. സഹതാരങ്ങള്‍ കണ്ണീരണിഞ്ഞും ഗ്രൗണ്ടില്‍ മുഖം പൊത്തിവീണും കിടക്കുമ്പോഴും വില്യംസണ്‍ വളരെ ശാന്തനായിരുന്നു. മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ ഇത് നിങ്ങള്‍ അര്‍ഹിച്ച കിരീടമല്ലേ എന്നായിരുന്നു വില്യംസണ്‍ നേരിട്ട ആദ്യ ചോദ്യം. വിവാദമുണ്ടാക്കുന്ന എന്തെങ്കിലുമൊരു ഉത്തരം പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. 'ഞങ്ങളേപ്പോലെ തന്നെ ഇംഗ്ലണ്ടും ഈ മത്സരത്തില്‍ തോറ്റില്ല, അവരും ഈ കിരീടം അര്‍ഹിക്കുന്നുണ്ടായിരുന്നു. നിയമത്തിന്റെ ആനുകൂല്യത്തില്‍ അവര്‍ വിജയികളായി. മത്സരത്തിന് മുമ്പ് തന്നെ നിയമം ഇതാണെന്ന് ഞങ്ങള്‍ക്കും അറിയാമായിരുന്നല്ലോ'
ഒരായുസിന്റെ മുഴുവന്‍ സ്വപ്നം തകര്‍ന്ന് പോയിട്ടും എങ്ങനെയാണ് ഇത്ര ശാന്തത കൈവരിക്കാന്‍ കഴിയുകയെന്നതാണ് ലോകം മുഴുവന്‍ വില്യംസണിന്റെ അന്നത്തെ ആ പ്രതികരണത്തോട് പ്രതികരിച്ചത്. തോറ്റിട്ടും ബ്ലാക്ക് ക്യാപ്‌സ് കാണിച്ച ആ മാന്യതയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും വിലമതിക്കാനാവാത്തതാണെന്നാണ് അന്നത്തെ ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിയായിരുന്ന ജസീന്ത ആര്‍ഡേന്‍ വില്യംസണിന്റെ നിലപാടിനെ വിശേഷിപ്പിച്ചത്. അവര്‍ ഫൈനല്‍ തോറ്റിട്ടില്ലെന്നും അതുകൊണ്ട് തന്നെ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോള്‍ വീരോചിതമായ സ്വീകരണം നല്‍കണമെന്നും ജസീന്ത അന്ന് ന്യൂസിലാന്‍ഡുകാരോട് ആഹ്വാനം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |