
രണ്ടാം ട്വന്റി-20യിലും ജയം, ഇന്ത്യയ്ക്ക് പരമ്പര
ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 90 റൺസിന്റെ വമ്പൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ടപരമ്പര ഇന്ത്യ ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കി.ആദ്യ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു. അയർലാൻഡിനും ഇംഗ്ലണ്ടിനും എതിരായ ട്വന്റി-20 പരമ്പരകളിലെ തോൽവിക്ക് പിന്നാലെ ലോകചാമ്പ്യന്മാരുടെ തിരിച്ചുവരവ് കൂടിയായി ഈ പരമ്പര. സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനായ ശേഷമുള്ള ആദ്യ പരമ്പര നേട്ടം കൂടിയാണിത്.
ഹരാരെ സ്‌പോർട്സ് ക്ലബിൽ ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 219 റൺസെടുത്തു. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 17.5 ഓവറിൽ 129 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ്മ മൂന്നും അരങ്ങേറ്റക്കാരൻ യഷ് താക്കൂറും പ്രിൻസ് യാദവും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. രവി ബിഷ്‌ണോയ്‌യും തിലക് വർമ്മയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം നേടി.
32 (19 പന്തിൽ) റൺസെടുത്ത ഓപ്പണർ ബ്രിയാൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ. 3 വീതം സിക്‌സുംഫോറും നേടിയ ബെന്നറ്റ് സിംബാബ്‌വെയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ടീം സ്കോർ 34ൽ വച്ച് ബെന്നറ്റിനെ നാലാം ഓവറിലെ മൂന്നാം പന്തിൽ യഷ് താക്കൂർ വിക്കറ്ര് കീപ്പർ ഇഷാൻ കിഷന്രെ കൈയിൽ എത്തിച്ചതോടെ സിംബാബ്‌വെയുടെ തകർച്ച തുടങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ 65/5 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. മറുമാനി (24), റയാൻ ബുറൽ (20), ബ്രാഡ് ഇവാൻസ് (19) എന്നിവരാണ് ബെന്നറ്രിനെക്കൂടാതെ സിംബാബ്‌വെ നിരയിൽ അല്പമെങ്കിലും പിടിച്ചു നിന്നത്.
നേരത്തേ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഇഷാൻ കിഷന്റെയും (44 പന്തിൽ 81), തിലക് വർമ്മയുടെയും (പുറത്താകാതെ 29 പന്തിൽ 50) വെടിക്കെട്ട് അർദ്ധ സെഞ്ച്വറികളാണ് മികച്ച സ്കോറിൽ എത്തിച്ചത്. ടീം സ്കോർ 10ൽ എത്തിയപ്പോൾ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ അഭിഷേക് ശർമ്മയെ (8) നഷ്ടമായിരുന്നു. ബ്ലെസ്സിംഗ് മുസറബനിയുടെ പന്തിൽ ബുറൽ പിടിച്ചാണ് അഭിഷേക് പുറത്തായത്. 3 ഫോറും 1 സിക്സുംഅടിച്ച് നന്നായി തുടങ്ങിയ വൈഭവ് സൂര്യവംശി (9 പന്തിൽ 20) റിച്ചാർഡ് നഗവരെയ്ക്ക് വിക്കറ്ര് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യ 3 ഓവറിൽ 29/2 എന്ന നിലയിലായി. എന്നാൽതുടർന്ന് ക്രീസിലൊന്നിച്ച ഇഷാനും ക്യാപ്‌ടൻ ശ്രേയസ് അയ്യരും (20 പന്തിൽ 25) പ്രശ്‌നങ്ങളില്ലാതെ ഇന്ത്യൻ സ്കോർ മുന്നോട്ടു കൊണ്ടുപോയി. ടീം സ്കോർ 95ൽ വച്ച് ബെന്നറ്റിന്റെ പന്തിൽ ഇവാൻസ് പിടിച്ച് പുറത്തായി. ഇരുവരും മൂന്നാം വിക്കറ്റിൽ 42 പന്തിൽ 66 റൺസിന്രെ കൂട്ടുകെട്ടുണ്ടാക്കി. പകരം ക്രീസിലെത്തിയ തിലക് ഇഷാനൊപ്പം അടിച്ച് തകർത്തതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. ഇരുവരും നാലാം വിക്കറ്റിൽ 44 പന്തിൽ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. ടീം സ്കോർ 189ൽ വച്ച് ഇഷാനെ പുറത്താക്കി ന്യൂമാൻ ന്യാംഹരിയാണ് കൂട്ടുകെട്ട് പൊളിച്ചത്. റിങ്കു സിംഗിനെ (12) അവസാന ഓവറിൽ ഇവാൻസ് മടക്കി. ശിവം ദുബെ (3 പന്തിൽ 6) തിലകിനൊപ്പം പുറത്താകാതെ നിന്നു.
9- ട്വന്റി-20യിൽ ഒരുകലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ 200 പ്ലസ് ടോട്ടൽ നേടുന്ന ടീമെന്ന സ്വന്തം റെക്കാഡിനൊപ്പമെത്തി ഇന്ത്യ. 2024ലും ഈ വർഷവും ഇന്ത്യ 9 ട്വന്റി-20 മത്സരങ്ങളിൽ 200 പ്ലസ് ടോട്ടലുകൾ നേടിയിട്ടുണ്ട്.
1-ഇന്ത്യൻ ട്വന്റി-20 ടീമിന്റെ സ്ഥിരം ക്യാപ്ടനായ ശേഷം ശ്രേയസ് അയ്യരുടെ ആദ്യ പരമ്പര നേട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |