ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ആദ്യമായി എത്തിയപ്പോൾ ഡ്രസിംഗ്റൂമിലെ അനുഭവം പങ്കുവച്ച് പേസർ മുഹമ്മദ് ഷമി. കുട്ടിക്കാലത്ത് ടിവിയിൽ കണ്ട് ആരാധിച്ച മുൻനിര താരങ്ങളെല്ലാം ഒരുമിച്ച് ഇരിക്കുന്ന ഡ്രസിംഗ് റൂമിലേക്ക് ആദ്യമായി കാലെടുത്തുവച്ചപ്പോൾ തനിക്ക് നാണവും ഭയവും തോന്നിയിരുന്നുവെന്ന് ഷമി തുറന്നുപറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി ടീമിൽ എത്തിയപ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഷമി പറഞ്ഞത്.
ഷമിയുടെ വാക്കുകൾ
'ആദ്യമായി ഇന്ത്യൻ ടീമിൽ ചേർന്നപ്പോൾ കാര്യങ്ങൾ എങ്ങനെയാണെന്ന് എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. മത്സരത്തിന് തലേദിവസം ഒരു ടീം മീറ്റിംഗ് ഉണ്ടായിരുന്നു. ഞാൻ മുറിയിലേക്ക് കയറി ചുറ്റും നോക്കിയപ്പോൾ, ഞാൻ സ്വപ്നങ്ങളിൽ മാത്രം കണ്ട മുഖങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. ഞാൻ ഒരു കസേരയിൽ ഒതുങ്ങി നിശബ്ദനായി ഇരുന്നു.
തുടർന്നാണ് ഇന്ത്യൻ ടീമിന്റെ മുൻതാരം യുവരാജ് സിംഗ് തനിക്ക് പണി തന്ന രസകരമായ സംഭവം ഷമി ഓർത്തെടുത്തത്. 'യുവരാജ് എന്നോട് കസേരയിൽ കയറി നിൽക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതുപോലെ ചെയ്തു. ഒരു പ്രസംഗം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ താരങ്ങളെല്ലാം മുന്നിൽ ഇരിക്കുന്നത് കണ്ട് എന്റെ തലയിൽ ഉണ്ടായിരുന്നതൊക്കെ മറന്നുപോയി. എനിക്ക് അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. എന്റെ പേരും ഞാൻ എവിടെ നിന്നാണ് വരുന്നത് എന്നും മാത്രമാണ് പറയാൻ സാധിച്ചത്. അതിൽക്കൂടുതലൊന്നും ഓർമ്മയിൽ വന്നില്ല, ഇത്തരം തമാശകൾ ഞങ്ങൾ ഒരുപോലെ ആസ്വദിക്കാറുണ്ടായിരുന്നു,' -ഷമി കൂട്ടിച്ചേർത്തു.
2013 ജനുവരി 6-ന് ഡൽഹിയിൽ പാകിസ്ഥാനെതിരെയായിരുന്നു ഷമിയുടെ ഏകദിന അരങ്ങേറ്റം. അതേ വർഷം നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. തുടർന്ന് 2014 മാർച്ചിൽ മിർപൂരിൽ പാകിസ്ഥാനെതിരെ ട്വന്റി-20 അരങ്ങേറ്റവും നടത്തി. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായി താരം പിന്നീട് വളരുകയായിരുന്നു.
ദേശീയ ടീമിനായി 64 ടെസ്റ്റുകളിലും 108 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും ഷമി പന്ത് എറിഞ്ഞിട്ടുണ്ട്. ടെസ്റ്റിൽ 229 വിക്കറ്റുകളും ഏകദിനത്തിൽ 206 വിക്കറ്റുകളും വീഴ്ത്തിയ ഷമി, ട്വന്റി-20യിൽ സ്വന്തമാക്കിയത് 27 വിക്കറ്റുകളാണ്. 2025 മാർച്ച് ഒമ്പതിന് ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഷമി അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്.
Indian pacer Mohammed Shami recalled his nervous first experience in the Indian team dressing room. He said he felt shy and intimidated when he first entered the room and saw the star players he had admired on television.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |