
ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സൂര്യകുമാര്‍ യാദവിനെ മാറ്റിയ നടപടിയിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുൻപ് സൂര്യകുമാറിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ നീക്കത്തിന് പിന്നിലെ യുക്തി മനസിലാകുന്നില്ലെന്ന് അശ്വിൻ തുറന്നടിച്ചു.
തന്റെ യൂട്യൂബ് ചാനലായ ആഷ് കി ബാത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഈ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അശ്വിൻ ട്വന്‍റി 20 കിരീടം നിലനിര്‍ത്താന്‍ സഹായിച്ച ക്യാപ്റ്റനാണെന്നത് പോലും പരിഗണിക്കാതെയാണ് സൂര്യയെ പുറത്താക്കിയതെന്നും കുറ്റപ്പെടുത്തി. നമ്മുടെ മനുഷ്യത്വമെല്ലാം എവിടെപ്പോയി? ഒരു തരി അത് ശേഷിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയാകുമോ പെരുമാറുകയെന്നും അദ്ദേഹം വിമർശിച്ചു.
"ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ഐപിഎൽ 2026 സീസണിലേക്ക് ഇറങ്ങുക എന്നത് സൂര്യകുമാറിന് അത്ര എളുപ്പമായിരുന്നില്ല. കൂടാതെ അദ്ദേഹം ഒരു അച്ഛനാകാൻ പോകുന്ന സമയം കൂടിയായിരുന്നു അത്. ജീവിതത്തിൽ അച്ഛനാകുന്നതിനേക്കാൾ വലിയ മറ്റെന്താണുള്ളത്? ആ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മികവ് അല്പം കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ അവനാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ എന്ന കാര്യം ആരും മറക്കരുത്"- അശ്വിൻ പറഞ്ഞു.
ബാറ്റിംഗില്‍ സൂര്യ നിരാശപ്പെടുത്തിയെന്നത് സത്യമാണെന്ന് സമ്മതിച്ച അശ്വിൻ സൂര്യകുമാർ യാദവിന് അല്പം സമയം കൂടി നൽകാമായിരുന്നെന്നും കൂട്ടിച്ചേർത്തു. മൂന്ന് പരമ്പരകളെങ്കിലും സൂര്യകുമാറിന് നല്‍കാന്‍ സിലക്ടര്‍മാര്‍ തയാറാവണമായിരുന്നു. അതിലും സൂര്യയ്ക്ക് പഴയ ഫോം തിരിച്ചുപിടിക്കാൻ സാധിച്ചില്ലെങ്കിൽ ടീമിനു പുറത്താക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് സമാനമായി ഉറച്ച തീരുമാനമെടുക്കാനുള്ള കരുത്ത് ഇന്ത്യയ്ക്ക് വേണമെന്ന ചിലരുടെ അഭിപ്രായത്തോടും അശ്വിൻ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ അവിടെ നടക്കാറില്ലെന്ന് പറഞ്ഞ അശ്വിൻ ഓസ്‌ട്രേലിയയിൽ കൃത്യമായ ആശയവിനിമയങ്ങൾ നടക്കാറുണ്ടെന്നും വ്യക്തമാക്കി.
സമീപകാല മത്സരങ്ങളിലെ മോശം ബാറ്റിംഗ് പ്രകടനങ്ങളും ഫോമുമാണ് സൂര്യകുമാർ യാദവിന് തിരിച്ചടിയായത്. ഇതോടെയാണ് സൂര്യയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനത്തിലെത്തിയത്. അതേസമയം ശ്രേയസ് അയ്യരാണ് പുതിയ ട്വന്റി-20 ക്യാപ്റ്റൻ.അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്.16 അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |