SignIn
Kerala Kaumudi Online
Thursday, 20 August 2026 8.40 PM IST

140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുക അഭിമാനം; ഇന്ത്യൻ കുപ്പായമണിഞ്ഞതിനെക്കുറിച്ച് ഫുട്ബോൾ താരം റയാൻ വില്യംസ്

ryan-williams-
ഇന്ത്യൻ ഫുട്‌ബോൾ താരം റയാൻ വില്യംസ്

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ ജേഴ്സിയിൽ ചരിത്രമെഴുതിയ ഫുട്ബാൾ താരമാണ് റയാൻ വില്യംസ്. എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ കൊച്ചിയിൽ ഹോങ്കോംഗിനെതിരെ പകരക്കാരനായി ഇറങ്ങി നാല് മിനിറ്റിൽത്തന്നെ ഗോൾ നേടി സ്വപ്നതുല്യമായ അരങ്ങേറ്റമായിരുന്നു മുപ്പത്തിരണ്ടുകാരൻ കുറിച്ചത്. ദേശീയ ടീമിന്റെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും വില്യംസ് സ്വന്തമാക്കിയിരുന്നു.

അരാത്ത് ഇസുമിക്ക് ശേഷം ദേശീയത മാറ്റി ഇന്ത്യയ്ക്കായി കളിക്കുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ തന്റെ അനുഭവങ്ങളുടെ ഫലമായാണ് ഈ യാത്രയെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ജേഴ്സി അണിയുന്നത് അഭിമാനമാണെന്ന് വില്യംസ് തുറന്ന് പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബയിൽ കുടുംബ വേരുകളുള്ള വില്യംസ്, ഇന്ത്യൻ ടീമിൽ കളിക്കാൻ വേണ്ടി മാത്രമാണ് ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ചത്. ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കാനുള്ള പ്രക്രിയകൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. പലരും നടക്കില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി. 'എന്റെ കുടുംബത്തിന് അഭിമാന നിമിഷമാണ്. ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാനും ഫിഫ റാങ്കിംഗിൽ ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും എനിക്ക് സാദ്ധ്യമായതെല്ലാം ചെയ്യണം'- വില്യംസ് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ ജനിച്ച് പോർട്ട്‌സ്‌മൗത്ത്, ഫുൾഹാം, ഓക്സ്ഫോർഡ് യുണൈറ്റഡ്, റോഥർഹാം യുണൈറ്റഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ക്ലബ്ബുകളിൽ 12 വർഷത്തോളം കളിച്ചശേഷമാണ് വില്യംസ് എ-ലീഗിലേക്കും തുടർന്ന് 2023-ൽ ബംഗളൂരു എഫ്സിയിലേക്കും എത്തിയത്. പെർത്ത് ഗ്ലോറിക്കായി കളിച്ചശേഷമാണ് താരം ഇന്ത്യയിലേക്ക് വരുന്നത്. കരിയറിൽ പലപ്പോഴും പ്രതിസന്ധികൾ ഉണ്ടായെങ്കിലും തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിലെത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎസ്‌എല്ലിൽ ബംഗളൂരു എഫ്‌സി താരമായ റയാൻ, പ്രമുഖ എലൈറ്റ് ടാലന്റ് മാനേജ്മെന്റ് കമ്പനിയായ ജെഎസ്‌ഡബ്ല്യു സ്പോർട്സിന്റെ റോസ്റ്ററിലെത്തുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടവും സ്വന്തമാക്കി. ഇതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിക്കളത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈയൊരു പങ്കാളിത്തം തന്നെ സഹായിക്കുമെന്നും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും വില്യംസ് പറഞ്ഞു. 2023-ൽ ബംഗളൂരു എഫ്‌സിയിലെത്തിയതുമുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഐഎസ്‌എല്ലിൽ ഇതുവരെ 50 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

English Summary

Australia-born forward Ryan Williams gave up his citizenship to represent India, scoring a record-breaking goal just four minutes into his debut against Hong Kong in an AFC Asian Cup 2027 qualifier in Kochi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN FOOTBALL, RAYAN WILLIAMS, SPORTS, LATESTNEWS, PROUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360