SignIn
Kerala Kaumudi Online
Saturday, 22 August 2026 11.25 PM IST

'കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മോശം പാകിസ്ഥാൻ ടീം', വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്ന് ആഗ

salman-ali-agha
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പാക് നായകൻ സൽമാൻ അലി ആഗ

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ഹെഡിങ്ലിയിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിനും 103 റൺസിനും ഇംഗ്ലണ്ട് പാകിസ്ഥാനെ തകർക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

ഇതിനിടെ പരിക്കിനെ തുടർന്ന് ബാബർ അസം പുറത്തായതോടെ ടീമിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. എന്നാൽ മത്സരത്തിലെ പാകിസ്ഥാന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു. മൂന്ന് ദിവസവും എട്ട് സെഷനുകളും പിന്നിടും മുമ്പേ പാകിസ്ഥാൻ ഇംഗ്ലണ്ടിനോട് മുട്ടുമടക്കി. ഇതിൽ രണ്ട് സെഷനുകൾ മഴമൂലം നഷ്ടമാവുകയും ചെയ്തു.

പാകിസ്ഥാൻ ബാറ്റിംഗിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ നിറം മങ്ങിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ പാകിസ്ഥാൻ ടീമിനെ കഴിഞ്ഞ 50 വർഷത്തെ ഏറ്റവും മോശം ടീമെന്ന തരത്തിൽ വിമർശനമുയർന്നിരുന്നു.

എന്നാൽ വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്ന് സൽമാൻ അലി ആഗ പ്രതികരിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ മതിയായ സമയം ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് മാത്രമാണ് ടീം ഇംഗ്ലണ്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് ടെസ്റ്റുകളിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നും ടീമിന് തിരിച്ചുവരാനുള്ള കഴിവുണ്ടെന്നും ആഗ വ്യക്തമാക്കി.

12 ദിവസം മുമ്പാണ് പാക് ടീം ഇംഗ്ലണ്ടിൽ എത്തിയത്. ബെക്കൻഹാമിൽ നടന്ന ത്രിദിന പരിശീലന മത്സരത്തിൽ സെലക്ടഡ് ഇലവനെതിരെ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് തുടങ്ങി മൂന്ന് മേഖലകളിലും ഇംഗ്ലണ്ട് പാകിസ്ഥാനെക്കാൾ മികച്ചുനിന്നെന്ന് ആഗ സമ്മതിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ പന്തിന്റെ ദിശയിൽ കാര്യമായ മാറ്റമുണ്ടാകുന്നതിനാൽ താരങ്ങൾ എല്ലായ്‌പ്പോഴും ശ്രദ്ധയോടെ കളിക്കണമെന്നും സ്ഥിരതയില്ലായ്മയാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്റെ ബാറ്റിംഗ് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു മത്സരത്തിലെ കണക്കുകൾ. 514 പന്തുകൾക്കുള്ളിലാണ് ഇംഗ്ലണ്ട് പാകിസ്ഥാന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത്. ബൗളിങ്ങിലും പാകിസ്ഥാന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പേസ് ബൗളർമാർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇംഗ്ലണ്ട് 400ലേറെ റൺസ് അടിച്ചുകൂട്ടി.

English Summary

Pakistan suffered a heavy defeat against England in the first Test at Headingley, losing by an innings and 103 runs to fall 1-0 behind in the three-match series. Captain Salman Ali Agha admitted that England outplayed Pakistan in batting, bowling and fielding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALMAN ALI AGHA, SPORTS, PAKISTAN CRICKET, LATESTNEWS, TESTCRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360