SignIn
Kerala Kaumudi Online
Thursday, 22 October 2026 8.13 PM IST

ഇറാനി കപ്പിൽ സഞ്ജു ഇല്ല ഇന്ത്യ വിളിച്ചേക്കും

sanju

ഇറാനി കപ്പിനുള്ള റെസ്റ്റ് ഒഫ് ഇന്ത്യ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയില്ല

ബംഗ്ളാദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ ഉൾപ്പെടുത്താനായെന്ന് സൂചന

മുംബയ് : രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബയ്‌യും റെസ്റ്റ് ഒഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പിൽ ക്രിക്കറ്റ് മത്സരത്തിനുള്ള റെസ്റ്റ് ഒഫ് ഇന്ത്യ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയത് ഇതിന് പിന്നാലെ നടക്കുന്ന ബംഗ്ളാദേശിനെതിരായ മൂന്ന് ട്വന്റി-20കൾക്കുള്ള പരമ്പരയിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനെന്ന് സൂചന. ഇറാനി കപ്പിൽ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെ ലക്നൗവിലാണ് ഇറാനി കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ട്വന്റി-20കൾ ഒക്ടോബർ 6,9,12 തീയതികളിലും. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പറായ റിഷഭ് പന്താണ് നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെങ്കിലും ട്വന്റി-20യിൽ റിഷഭിന് വിശ്രമം നൽകി സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചന.

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടന്ന ട്വന്റി-20 ലോകകപ്പിൽ സഞ്ജു 15 അംഗ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽപോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് നടന്ന സിംബാബ്‌വെ പര്യടനത്തിലും ശ്രീലങ്കൻ പര്യടനത്തിലും

സഞ്ജു ടീമിൽ ഉണ്ടായിരുന്നു. പക്ഷേ സിംബാബ്‌വെയിൽ 58 റൺസ് നേടിയതൊഴിച്ചാൽ പ്രകടനം മോശമായിരുന്നു. അവസാനം ലങ്കയിൽ കളിച്ച രണ്ട് ട്വന്റി-20 കളിലും ഡക്കാവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച അവസാന അഞ്ച് ട്വന്റി-20കളിൽ 70 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

സഞ്ജുവിന്റെ സാദ്ധ്യതകൾ

1. ഇക്കഴിഞ്ഞ ദിവസം സമാപിച്ച ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ വീണ്ടും സെലക്ടർമാരുടെ റഡാറിലെത്തിച്ചത്.

2. ഇന്ത്യ ഡിക്ക് വേണ്ടി കളത്തിലിറങ്ങിയ സഞ്ജു ഇന്ത്യ ബിക്ക് എതിരെ സെഞ്ച്വറിയും നേടിയിരുന്നു. രണ്ട് മത്സരങ്ങളിലെ നാല് ഇന്നിംഗ്സുകളിൽ നിന്ന് 5,40,106,45 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറിംഗ്.

3. അപകടം കഴിഞ്ഞ് ടെസ്റ്റിലേക്കും തിരിച്ചെത്തിയ റിഷഭ് പന്തിനെ അടുത്തമാസം ന്യൂസിലാൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും കളിപ്പിക്കേണ്ടതിനാൽ ബംഗ്ളാദേശിനെതിരായ ട്വന്റി-20യിൽ വിശ്രമം അനുവദിക്കാനാണ് സാദ്ധ്യത.

4. റിഷഭ് ബംഗ്ളാദേശിനെതിരെ കളിച്ചില്ലെങ്കിൽ സഞ്ജു,ഇഷാൻ കിഷൻ എന്നിവരിൽ ആരെങ്കിലുമാണ് പകരം ടീമിലെത്തേണ്ടത്. ഇതിൽ ഇഷാനെ ഇതേസമയം നടക്കുന്ന ഇറാനി കപ്പിൽ ടീമിലെടുത്തതോടെ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് വഴിതെളിയുകയാണ്.

5. വിരാട്,രോഹിത് എന്നിവർ വിരമിച്ചതോടെ ട്വന്റി-20 ടീമിൽ ബാറ്ററായിത്തന്നെ സഞ്ജുവിനെ ഉൾപ്പെടുത്താനുള്ള സ്ളോട്ടുണ്ട്. എന്നാൽ ലഭിക്കുന്ന അവസരങ്ങളിൽ സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിന് കഴിയണമെന്ന് മാത്രം.

റെസ്റ്റ് ഒഫ് ഇന്ത്യയെ

റുതുരാജ് നയിക്കും

ഇറാനി കപ്പിനുള്ള റസ്റ്റ് ഒഫ് ഇന്ത്യ ടീമിനെ റുതുരാജ് ഗെയ്‌ക്ക്‌വാദ് നയിക്കും. അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്ടൻ. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുള്ള വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിനെയും പേസർ യഷ് ദയാലിനെയും റെസ്റ്റ് ഒഫ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറുനാടൻ മലയാളിതാരം ദേവ്‌ദത്ത് പടിക്കൽ,ഇഷാൻ കിഷൻ,മുകേഷ് കുമാർ,പ്രസിദ്ധ് കൃഷ്ണ,ഖലീൽ അഹമ്മദ് രാഹുൽ ചഹർ തുടങ്ങിയവരും റെസ്റ്റ് ഒഫ് ഇന്ത്യ ടീമിൽ അണിനിരക്കും. അജിങ്ക്യ രഹാനെ നയിക്കുന്ന മുംബയ് ടീമിൽ ബംഗ്ളാദേശിനെതിരായ ടെസ്റ്റ് ടീമിലുള്ള സർഫ്രാസ് ഖാനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറാനി കപ്പ്

ഒക്ടോബർ 1 മുതൽ 5 വരെ ലക്നൗവിൽ

ഇന്ത്യ Vs ബംഗ്ളാദേശ് ട്വന്റി-20

ഒക്ടോബർ 6 ഗ്വാളിയോർ

ഒക്ടോബർ 9 ന്യൂഡൽഹി

ഒക്ടോബർ 12 ഹൈദരാബാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360