SignIn
Kerala Kaumudi Online
Thursday, 22 October 2026 9.48 PM IST

എൽ ക്ളാസിക്കോയിൽ ബാഴ്സ ജയം, നാലടിയേറ്റ് നട്ടെല്ലൊടിഞ്ഞ് റയൽ

el-classico

ബാഴ്സലോണ 4- റയൽ മാഡ്രിഡ് 0

റോബർട്ട് ലെവാൻഡോവ്‌സ്കിക്ക് ഇരട്ട ഗോൾ

നാലുഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ളാസിക്കോ പോരാട്ടത്തിൽ മറുപടിയില്ലാത്ത നാലുഗോളുകളുടെ തകർപ്പൻ വിജയം നേടി ബാഴ്സലോണ. കഴിഞ്ഞരാത്രി റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിലാണ് ബാഴ്സ റയലിന്റെ നട്ടെല്ലൊടിച്ചുകളഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തോളമായി ലാ ലിഗയിൽ തോൽവി നേരിട്ടില്ലാത്ത റയലിന്റെ തോൽവിയറിയാത്ത 42 മത്സരങ്ങളുടെ തുടർച്ചയാണ് ബാഴ്സ അവസാനിപ്പിച്ചത്. കഴിഞ്ഞ നാല് എൽ ക്ളാസിക്കോകളിൽ ജയിക്കാൻ കഴിയാതിരുന്നതിന്റെ സങ്കടവും മാറ്റുന്നതായിരുന്നു ബാഴ്സയുടെ ജയം.

ഇരട്ട ഗോളുകൾ നേടിയ പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവാൻഡോവ്സ്കിയും ഓരോ ഗോളടിച്ച യുവതാരം ലാമിൻ യമാലും നായകൻ റഫീഞ്ഞയുമാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. രണ്ടാം പകുതിയിലാണ് ബാഴ്സയുടെ നാലുഗോളുകളും പിറന്നത്. 54-ാം മിനിട്ടിൽ ആദ്യ ഗോൾ നേടിയ ലെവാൻഡോവ്‌സ്കി രണ്ട് മിനിട്ടികം വീണ്ടും വലകുലുക്കി. 77-ാം മിനിട്ടിൽ ലാമിനും 84-ാം മിനിട്ടിൽ റഫീഞ്ഞയും പട്ടിക പൂർത്തിയാക്കി. റയലിന് വേണ്ടി ആദ്യ എൽ ക്ളാസിക്കോയ്ക്ക് ഇറങ്ങിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് തവണ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി മാറി. കഴിഞ്ഞ വാരം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ 4-1ന് തോൽപ്പിച്ച് വർഷങ്ങളുടെ പക തീർത്തിരുന്ന ബാഴ്സയുടെ അക്കൗണ്ടിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് ഈ എൽ ക്ളാസിക്കോ വിജയം.

ഗോളുകൾ ഇങ്ങനെ

1-0

54-ാം മിനിട്ട്

റോബർട്ട് ലെവാൻഡോവ്‌സ്കി

മദ്ധ്യനിരയിൽ നിന്ന് കസാഡോ നീട്ടിനൽകിയ പാസ് റയലിന്റെ സെന്റർ ബാക്സുകളെ മനോഹരമായി കബളിപ്പിച്ച് ലെവാൻഡോവ്സ്കി സ്വന്തമാക്കുന്നു.ബോക്സിലേക്ക് കയറിയുടൻ ഗോൾ കീപ്പറെ കബളിപ്പിച്ചുകൊണ്ട് ലെവാൻഡോവ്സ്കിയുടെ ഗ്രൗണ്ട് ഷോട്ട് വലയിലേക്ക്.

2-0

56-ാം മിനിട്ട്

റോബർട്ട് ലെവാൻഡോവ്‌സ്കി

ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്ന് ഉണരുന്നതിന് മുമ്പ് അടുത്ത ഗോളും റയലിന്റെ വലയിൽ. ബോക്സിന് വശത്തുനിന്ന് ബാൾഡെ ഉയർത്തി നൽകിയ പന്ത് ഹെഡ് ചെയ്താണ് ലെവാൻഡോവ്‌സ്കി വലയിലാക്കിയത്.

3-0

77-ാം മിനിട്ട്

ലാമിൻ യമാൽ

ഗോൾ കിക്കിൽ നിന്ന് കിട്ടിയ പന്തുമായി റഫീഞ്ഞ മുന്നോട്ടോടിക്കയറി നൽകിയ പാസിൽ നിന്ന് യമാലിന്റെ തകർപ്പൻ ഫിനിഷിംഗ്.

4-0

84-ാം മിനിട്ട്

റഫീഞ്ഞ

മാർട്ടിനേസിൽ നിന്ന് കിട്ടിയ പന്തുമായി റയൽ ബോക്സിലേക്ക് ഓടിക്കയറിയ റഫീഞ്ഞ വസ്ക്വേസിനെ വെട്ടിച്ചശേഷം റയൽ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലേക്കിട്ട് പട്ടിക പൂർത്തിയാക്കി.

രണ്ടാം പകുതിയിലെ ബാഴ്സജാലം

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ റയലിന്റെ ആധിപത്യം കണ്ട ആദ്യ പകുതിക്ക് ശേഷമാണ് കളിയുടെ ഗതി മാറിയത്.

അപ്രതീക്ഷിതമായി കിട്ടിയ ലോംഗ്പാസിൽ നിന്നായിരുന്നു ബാഴ്സയുടെ ആദ്യഗോൾ. രണ്ട് മിനിട്ടിനകം വീണ്ടും അടികിട്ടിയത് റയലിനെ തകർത്തുകളഞ്ഞു.

66-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാങ്ക് ഡിയോംഗിന്റെ പരിശ്രമങ്ങൾ ബാഴ്സയുടെ ആക്രമണവേഗം ഒട്ടും കുറയാതെ സൂക്ഷിച്ചു.

എംബാപ്പെയുടെ രണ്ട് ശ്രമങ്ങളും ഓഫ്സൈഡായതാണ് റയലിന് വലിയ തിരിച്ചടിയായത്. വിനീഷ്യസും ബെല്ലിംഗ്ഹാമും നിറം മങ്ങിയതും അവർക്ക് തിരിച്ചടിയായി.

റയൽ ഗോളി ആന്ദ്ര ലൂനിനെ പോസ്റ്റിനുമുന്നിൽ ഒറ്റപ്പെടുത്തുന്ന രീതിയുള്ളതായിരുന്നു റയലിന്റെ പ്രതിരോധം.കാര്യമായ വെല്ലുവിളികൾ കൂടാതെയാണ് ബാഴ്സ നാലുഗോളുകളും നേടിയത്.

42

തോൽവിയറിയാതെ തുടർച്ചയായി 42 മത്സരങ്ങൾ കളിച്ചുവന്ന റയലിന്റെ തുടർച്ചയ്ക്കാണ് ബാഴ്സ അറുതി വരുത്തിയത്.

2023

സെപ്തംബർ 25ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയായിരുന്നു ലാ ലിഗയിലെ ഇതിനുമുമ്പുള്ള തോൽവി.

ആറടി മുന്നിൽ ബാഴ്സ

എൽ ക്ളാസിക്കോ വിജയത്തോടെ സ്പാനിഷ് ലാ ലിഗയിൽ ആറ് പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ.11കളികളിൽ 10 വിജയവുമായി 30 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 11 കളികളിൽനിന്ന് 24 പോയിന്റേയുള്ളൂ. 21 പോയിന്റുള്ള വിയ്യാറയലാണ് മൂന്നാം സ്ഥാനത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360