
തിരുവനന്തപുരം : ഈ മാസം 28 മുതൽ ഫെബ്രുവരി 14വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിനുളള കേരള കായികതാരങ്ങളുടെ ആദ്യ സംഘം ഇന്ന് പുറപ്പെടും. രാവിലെ നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് മൂന്ന് കളിക്കാരും രണ്ട് ഒഫിഷ്യൽസുമടങ്ങുന്ന ട്രയാത്‌ലൺ സംഘം പുറപ്പെടുന്നത്. ഇതാദ്യമായാണ് സർക്കാർ ചെലവിൽ ദേശീയ ഗെയിംസിനുള്ള താരങ്ങൾക്ക് വിമാനയാത്ര ഒരുക്കുന്നത്.
ട്രയാത്‌ലണിൽ ആറ് കളിക്കാരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഇതിൽ സേതുലക്ഷ്മി വി.വി, സാന്ദ്രജ.എം, ഫ്രാൻസിസ് ജെ.കെ എന്നിവരും ടീം ഒഫിഷ്യൽസായ പി.എസ് പ്രസാദും കെ.ഷീബയുമാണ് കൊച്ചിയിൽ നിന്ന് തിരിച്ചത്. ബാക്കി മൂന്ന് താരങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനം നടത്തുന്നവരായതിനാൽ അവിടെ നിന്ന് നേരത്തേ ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്.ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് മുന്നേ ട്രയാത്‌ലൺ ആരംഭിക്കും. വ്യക്തിഗത ഇനത്തിലും റിലേയിലും മെഡൽ പ്രതീക്ഷയുമായാണ് ടീം യാത്ര തിരിക്കുന്നതെന്ന് പരിശീലകൻ പ്രസാദ് കേരള കൗമുദിയോട് പറഞ്ഞു.
445 കായികതാരങ്ങൾ
ദേശീയ ഗെയിംസിനുള്ള കേരള താരങ്ങളുടെ രജിസ്ട്രേഷൻ നടത്തിയ കേരള ഒളിമ്പിക് അസോസിയേഷന്റെ കണക്കുപ്രകാരം 445 കായികതാരങ്ങളാണ് കേരള സംഘത്തിൽ ഉണ്ടാവുക. 129ഒഫിഷ്യൽസിനെയാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ചില ഇനങ്ങളിൽ ഒഫിഷ്യൽസിന്റെ രജിസ്ട്രേഷൻ നടക്കുന്നതേയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |