
ഞായറാഴ്ച 2.30pm മുതൽ
ദുബായ് : മറ്റൊരു ഐ.സി.സി കിരീടത്തിൽ മുത്തമിടാൻ രോഹിത് ശർമ്മയും സംഘവും കച്ചകെട്ടുന്നു. നാളെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. ദക്ഷിണാഫ്രിക്കയെയാണ് ന്യൂസിലാൻഡ് സെമിയിൽ തോൽപ്പിച്ചത്.
വ്യാഴവട്ടക്കാലത്തിന് ശേഷം ചാമ്പ്യൻസ് ട്രോഫി നാട്ടിലെത്തിക്കാൻ യത്നിക്കുന്ന രോഹിത് ശർമ്മയും സംഘത്തിനും ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കാനും അതിലെല്ലാം ജയിക്കാനും കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. സ്പിന്നർ മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലാൻഡ് ആകട്ടെ കാൽനൂറ്റാണ്ടിന് ശേഷമാണ് ഒരു വൈറ്റ്ബാൾ ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയെ നേരിടുന്നത്.
ഗ്രൂപ്പ് റൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കാനായതും ഇന്ത്യയ്ക്ക് കലാശക്കളിക്ക് ഇറങ്ങുമ്പോൾ ആത്മവിശ്വാസം പകരുന്നു. 44 റൺസിനായിരുന്നു ഈ മാസം രണ്ടിന് നടന്ന മത്സരത്തിൽ ഇന്ത്യൻ വിജയം.അന്ന് ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 249/9 റൺസിൽ ഒതുങ്ങിയെങ്കിലും കിവീസിനെ 45.3 ഓവറിൽ 205 റൺസിന് ചുരുട്ടുകയായിരുന്നു.
സ്പിന്നിനെ തുണയ്ക്കുന്ന ദുബായ്‌യിലെ പിച്ചിൽ ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടത്തിനാകും ഫൈനൽ സാക്ഷ്യം വഹിക്കുക.
ഫൈനലിലേക്കുള്ള വഴി
ഇന്ത്യ
1. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെതിരെ ആറുവിക്കറ്റ് വിജയം
2. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ കീഴടക്കിയതും ആറുവിക്കറ്റിന്.
3. അവസാന മത്സരത്തിൽ 44 റൺസിന് കിവീസിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കൾ.
4. സെമിയിൽ ഓസ്ട്രേലിയയെ മറികടന്നത് നാലുവിക്കറ്റിന്.
ന്യൂസിലാൻഡ്
1. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 60 റൺസിന് കീഴടക്കി തുടക്കമിട്ടു.
2. ബംഗ്ളാദേശിന് എതിരായ മത്സരത്തിൽ വിജയം അഞ്ചുവിക്കറ്റിന്.
3. ഇന്ത്യയ്ക്ക് എതിരെ ടൂർണമെന്റിലെ ഏക പരാജയം.
4. സെമിയിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 50 റൺസിന്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : രോഹിത് ശർമ്മ (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ),വിരാട് കൊഹ്‌ലി,ശ്രേയസ് അയ്യർ,രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ,അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ,അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്,മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, റിഷഭ് പന്ത്.
ന്യൂസിലാൻഡ് : മിച്ചൽ സാന്റ്നർ(ക്യാപ്ടൻ),ഡെവോൺ കോൺവേ,ടോം ലതാം,കേൻ വില്യംസൺ,വിൽ യംഗ്,മിച്ചൽ ബ്രേസ്‌വെൽ,മാർക്ക് ചാപ്മാൻ,ഡാരിൽ മിച്ചൽ,ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര,നഥാൻ സ്മിത്ത്,വിൽ ഒറൂക്കെ,മാറ്റ് ഹെൻറി, ലോക്കീ ഫെർഗൂസൺ,ജേക്കബ് ഡഫി,ബെൻ സിയേഴ്സ്.
2023 നവംബർ 15ന് ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലാൻഡും ഈ ചാമ്പ്യൻസ് ട്രോഫിക്ക്മുമ്പ് അവസാനമായി ഏകദിനത്തിൽ ഏറ്റുമുട്ടിയത്. ആ കളിയിൽ വിരാട് ഏകദിനത്തിലെ തന്റെ 50-ാം സെഞ്ച്വറി നേടുകയും ഷമി ഏഴുവിക്കറ്റ് നേടുകയും ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
2024ൽ ഇന്ത്യൻ മണ്ണിൽ വച്ച് ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര നേടിയിരുന്നു.
കലാശക്കളിയിൽ രണ്ടുവട്ടം
ഇതിന് മുമ്പ് രണ്ട് തവണ ഇന്ത്യയും ന്യൂസിലാൻഡും ഐ.സി.സി ടൂർണമെന്റുകളുടെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
2000ത്തിൽ കെനിയയിൽ വച്ച് നടന്ന ഐ.സി.സി നോക്കൗട്ട് മത്സരത്തിലാണ് ഇരുടീമുകളും ആദ്യം ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് കിവീസാണ്.
2021ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയും ന്യൂസിലാൻഡും ഫൈനലിൽ ഏറ്റുമുട്ടിയ മറ്റൊരു ഐ.സി.സി ടൂർണമെന്റ്. ഈ മത്സരത്തിലും വിജയം ന്യൂസിലാൻഡിനായിരുന്നു.
ഇന്ത്യ : കരുത്തും വെല്ലുവിളികളും
1. വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ,രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ ബാറ്റർമാർ മികച്ച ഫോമിലുള്ളതാണ് ഇന്ത്യയുടെ കരുത്ത്.
ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ കിവീസ് ബാറ്റിംഗ് നിരയിൽ കേൻ വില്യംസൺ,രചിൻ രവീന്ദ്ര, ഡെവോൺ കോൺവേയ്, ഡാരിൽ മിച്ചൽ, വിൽ യംഗ് തുടങ്ങിയവരുണ്ട്.
2.വരുൺ ചക്രവർത്തി,രവീന്ദ്ര ജഡേജ,കുൽദീപ് യാദവ്,അക്ഷർ പട്ടേൽ തുടങ്ങിയവരടങ്ങിയ മികച്ച സ്പിൻ നിര ഇന്ത്യയ്ക്കുണ്ട്. വരുൺ ഗ്രൂപ്പ് മത്സരത്തിൽ കിവീസിന്റെ അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ക്യാപ്ടൻ മിച്ചൽ സാന്റ്നറാണ് കിവീസ് സ്പിൻ ബൗളിംഗിന് നേതൃത്വം നൽകുന്നത്.മിച്ചൽ ബ്രേസ്‌വെല്ലും രചിൻ രവീന്ദ്രയുമാണ് അവരുടെ മറ്റ് രണ്ട് സ്പിൻ ഓപ്ഷനുകൾ.
3. പേസർ മുഹമ്മദ് ഷമിയുടെ ഫോമാണ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്ന മറ്റൊരു ഘടകം. കിവീസ് നിരയിൽ പേസർ മാറ്റ് ഹെൻറി പരിക്ക് ഭീഷണിയിലാണ്. ഹെൻറി കഴിഞ്ഞ കളിയിൽ ഇന്ത്യയുടെ അഞ്ചുവിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ഹെൻറി കളിച്ചില്ലെങ്കിൽ കൈൽ ജാമീസണിനാകും കിവി പേസ് ബാറ്ററിയുടെ ചുമതല. പേസ് ബൗളിംഗിനെക്കാൾ സ്പിന്നിനെ ആശ്രയിക്കാനാകും കിവികൾ നോക്കുക.
4. എല്ലാമത്സരങ്ങളും ദുബായ് സ്റ്റേഡിയത്തിൽ തന്നെ കളിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുമെന്നത് തീർച്ചയാണ്.
ദുബായ്‌യിൽ മത്സരപരിചയമുള്ള ടീം തന്നെയാണ് ന്യൂസിലാൻഡും. ഏത് സാഹചര്യത്തിലും കളിക്കാൻ അവർ മിടുക്കരുമാണ്.
5
ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തുന്നത് അഞ്ചാം തവണയാണ് .
2000,2002,2013,2017
വർഷങ്ങളിലാണ് ഇതിനുമുമ്പ് ഫൈനലിലെത്തിയത്.
2002,2013
വർഷങ്ങളിൽ ഇന്ത്യ ജേതാക്കളായി.
3
ഇക്കുറി കിരീടം നേടിയാൽ ഇന്ത്യയ്ക്ക് മൂന്നുതവണ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകുന്ന ആദ്യ ടീമാകാം.
തുടർച്ചയായ മൂന്നാം ഐ.സി.സി ടൂർണമെന്റിലാണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്.2023 ഏകദിന ലോകകപ്പ്,2024 ട്വന്റി-20 ലോകകപ്പ് എന്നിവയിലാണ് ഇതിനുമുമ്പ് ഫൈനലിൽ കളിച്ചത്.
ഇവർ തുറുപ്പു ചീട്ടുകൾ
ഇന്ത്യ
വിരാട് കൊഹ്‌ലി
പാകിസ്ഥാനെതിരെ സെഞ്ച്വറിയും ഓസീസിനെതിരെ അർദ്ധ സെഞ്ച്വറിയുംനേടി മികച്ച ഫോമിലാണ് വിരാട്.
മുഹമ്മദ് ഷമി
ടൂർണമെന്റിലെ നാലുകളികളിൽ നിന്ന് എട്ടുവിക്കറ്റുകൾ വീഴ്ത്തി പേസ് ബൗളിംഗിന്റെ കുന്തമുന.
ശ്രേയസ് അയ്യർ
മദ്ധ്യനിരയിൽ ക്ഷമയോടെ പിടിച്ചുനിന്ന് ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കുന്നതിൽ കേമൻ.
കെ.എൽ രാഹുൽ
ചേസിംഗിലായാലും ആദ്യ ബാറ്റിംഗിലായാലും വിശ്വസിക്കാൻ കഴിയുന്ന പ്രകടനമാണ് രാഹുലിന്റേത്.
അക്ഷർ പട്ടേൽ
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ മികവ് പുലർത്തുന്നു.
വരുൺ ചക്രവർത്തി
കിവീസിനെതിരെയാണ് ആദ്യ അവസരം ലഭിച്ചത്. അഞ്ചുവിക്കറ്റുമായി മിന്നി.
ന്യൂസിലാൻഡ്
കേൻ വില്യംസൺ
കിവീസ് ബാറ്റിംഗ് നിരയിലെ ഏറ്റവും പരിചയസമ്പന്നനും സ്ഥിരതയുള്ളതുമായ ബാറ്റർ
രചിൻ രവീന്ദ്ര
സ്പിൻ ബൗളിംഗ് ആൾറൗണ്ടറായ രചിൻ രണ്ട് സെഞ്ച്വറികളുമായി മിന്നുന്ന ഫോമിലാണ്.
ഡെവോൺ കോൺവേ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം മാറ്റിനിറുത്തപ്പെട്ട ഇടംകയ്യൻ ബാറ്റർ ഡെവോൺ കോൺവേയെ ഫൈനലിൽ കളിപ്പിച്ചേക്കും.
മിച്ചൽ സാന്റ്നർ
കിവീസ് സ്പിൻ ബൗളിംഗിന്റെ കുന്തമുന. സെമിയിൽ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ തകർത്തു.
ഗ്ളെൻ ഫിലിപ്പ്സ്
മദ്ധ്യനിരയിലെ വിശ്വസ്തനായ ബാറ്ററും കിടിലൻ ഫീൽഡറും.
മാറ്റ് ഹെൻറി
കിവീസ് നിരയിലെ മികച്ച ഫോമിലുള്ള പേസർ. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ കളിയിൽ അഞ്ചുവിക്കറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |