
കഴിഞ്ഞരാത്രി വാങ്കഡേ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ടോസിംഗിനെത്തിയ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയോട് ടി.വി അവതാരകൻ രവി ശാസ്ത്രി ടീമിലെ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു പുതുമുഖം കളിക്കാനുണ്ടെന്ന് പറഞ്ഞ പാണ്ഡ്യ പക്ഷേ ആ പേരുമറന്നുപോയി. കുറച്ചുനേരം ഒന്ന് ആലോചിച്ചശേഷമാണ് പറഞ്ഞത് , ' അശ്വനികുമാർ". പക്ഷേ സീസണിലെ മുംബയ് ഇന്ത്യൻസിന്റെ ആദ്യജയത്തോടെ മത്സരം അവസാനിച്ചപ്പോൾ കളികണ്ടിരുന്നവരുടെയെല്ലാം മനസിൽ തത്തിക്കളിച്ചത് ആ അരങ്ങേറ്റക്കാരൻ മീഡിയം പേസറുടെ പേരാണ് ; ' അശ്വനികുമാർ"
ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ അവതരിപ്പിച്ച മലയാളി ചൈനാമാൻ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെപ്പോലെ മുംബയ് ഇന്ത്യൻസിന്റെ പുതുമുഖങ്ങളെ കണ്ടെത്തുന്ന സ്കൗട്ടിംഗ് ടീമിന്റെ മറ്റൊരു സംഭാവനയാണ് അശ്വനികുമാർ എന്ന പഞ്ചാബുകാരൻ ഇടംകയ്യൻ മീഡിയം പേസർ. ആഭ്യന്തര സർക്യൂട്ടിൽ പഞ്ചാബിന് വേണ്ടി നാലുമത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും അശ്വനിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് താരലേലത്തിൽ 30 ലക്ഷം നൽകി മുംബയ് ഇന്ത്യൻസിന്റെ ക്യാമ്പിലെത്തിച്ചു.
കൊൽക്കത്തയ്ക്ക് എതിരെ അശ്വനി കുമാർ ആദ്യം തിളങ്ങിയത് വിക്കറ്റ് വീഴ്ത്തിയല്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ക്വിന്റൺ ഡികോക്കിനെ പുറത്താക്കാൻ മിഡ് ഓഫിൽ ഇരുകൈകളും മുകളിലേക്ക് ഉയർത്തി ചാടിയെടുത്ത ക്യാച്ചിലൂടെയാണ്. അടുത്ത ഓവർ എറിയാൻ പന്ത് കൈയിൽകിട്ടിയ അശ്വനി ആദ്യ പന്തുതന്നെ ഓഫ്സ്റ്റംപിന് പുറത്തേക്കെറിഞ്ഞ് അജിങ്ക്യ രഹാനെയെ തിലക് വർമ്മയുടെ കയ്യിലെത്തിച്ചു !. ഐ.പി.എല്ലിൽ വിക്കറ്റോടെ അരങ്ങേറ്റമെന്ന സ്വപ്നതുല്യനേട്ടത്തിന് പിന്നാലെ 11-ാം ഓവറിൽ റിങ്കുസിംഗിനെയും മനീഷ് പാണ്ഡ്യയേയും 13-ാം ഓവറിൽ ആന്ദ്രേ റസലിനെയും കൂടി തിരിച്ചയച്ചു. മനീഷും റസലും ബൗൾഡായപ്പോൾ റിങ്കു നമാൻ ധിറിന് ക്യാച്ച് നൽകുകയായിരുന്നു. ആദ്യ മത്സരത്തിൽതന്നെ മാൻ ഒഫ് ദ മാച്ച് പുരസ്കാരവും 23കാരനായ അശ്വനിയെത്തേടിയെത്തി.
3-0-24-4
അശ്വനികുമാറിന്റെ ബൗളിംഗ് ഫിഗർ
ഐ.പി.എൽ അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റ് നേടുന്ന 15-ാമത്തെ കളിക്കാരനാണ് അശ്വനികുമാർ.
ഐ.പി.എൽ അരങ്ങേറ്റത്തിൽ നാലുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് അശ്വനി.അഞ്ച് വിദേശതാരങ്ങൾ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
2019ൽ തന്റെ 17-ാം വയസിലാണ് അശ്വനികുമാർ പഞ്ചാബിന് വേണ്ടി രഞ്ജിയിൽ അരങ്ങേറിയത്. എന്നാൽ ആദ്യ മത്സരത്തിലെ ഇരു ഇന്നിംഗ്സുകളിലും ഓരോ വിക്കറ്റ് മാത്രമാണ് നേടാനായത്.2022ൽ ഒരു ഫസ്റ്റ്ക്ളാസ് മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും വിട്ടുമാറാതെകൂടിയ പരിക്ക് വില്ലനായി. പിന്നീട് 2024-25 സീസണിൽ നാല് ലിസ്റ്റ് എ മത്സരങ്ങളിൽ അവസരം ലഭിച്ചു. മുംബയ് ഇന്ത്യൻസിലെത്തുന്നതിന് മുമ്പ് ചെന്നൈ സൂപ്പർകിംഗ്സിന്റെയും പഞ്ചാബ് കിംഗ്സിന്റേയും സെലക്ഷൻ ക്യാമ്പിലും അശ്വനി പങ്കെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് നെറ്റ്സ് ബൗളറായി ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. ചണ്ഡിഗഡിനടുത്തെ ജാഞ്ചേരി എന്ന ഗ്രാമത്തിൽ നിന്നാണ് അശ്വനിയുടെ വരവ്.
10
ഒരു വേദിയിൽ ഒരേ എതിരാളിക്കെതിരെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമായി മുംബയ് ഇന്ത്യൻസ്. വാങ്കഡേ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ തങ്ങളുടെ 10-ാം വിജയമാണ് കഴിഞ്ഞരാത്രി മുംബയ് നേടിയത്.
കൊൽക്കത്തയ്ക്ക് എതിരെ പ്ളേയിംഗ് ഇലവനിലുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ നല്ല ടെൻഷനുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കാൻ വിശപ്പ് തോന്നിയില്ല. ഒരു പഴവും കഴിച്ചാണ് കളത്തിലിറങ്ങിയത്. ആദ്യ പന്തിൽതന്നെ വിക്കറ്റ് കിട്ടുമെന്ന് കരുതിയതേയില്ല.
- അശ്വനികുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |