SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.20 AM IST

ധോണിയുടെ ചെന്നൈ, സഞ്ജുവിന്റേയും

ipl-csk

കഴിഞ്ഞ 18 സീസണുകളിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖമല്ല 'തല"യായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അഞ്ച് സീസണുകളിൽ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത നായകൻ. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ഐ.പി.എൽ ടീം ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ. വാതുവയ്പ്പ് വിവാദത്തിന്റെ പേരിൽ മാറ്റിനിറുത്തപ്പെട്ടിരുന്ന രണ്ട് സീസണുകളൊഴിച്ചാൽ ധോണി കളിച്ചത് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി മാത്രമാണ്.

45-ാം വയസിലേക്ക് കടക്കാനൊരുങ്ങുന്ന ധോണി കളിക്കാരനെന്ന നിലയിൽ ചെന്നൈയുടെ മഞ്ഞക്കുപ്പായമണിയുന്ന അവസാന സീസണായിരിക്കും ഇതെന്ന് ക്രിക്കറ്റ് വിദഗ്ധർ കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ടുമൂന്ന് സീസണുകളിലായി തന്റെ നായകവേഷം മറ്റൊരാളെ ഏൽപ്പിച്ച് ടീമിനെ തയ്യാറാക്കിയെടുക്കാൻ ധോണി ശ്രമിച്ചെങ്കിലും അത് പൂർണവിജയത്തിലെത്തിയില്ല. 2022 സീസണിൽ രവീന്ദ്ര ജഡേജയെ ക്യാപ്ടനാക്കി തുടങ്ങിയെങ്കിലും പാതിവഴിയിൽ ജഡേജ പടിയിറങ്ങിയ പ്പോൾ ധോണിക്ക് തന്നെ വീണ്ടും ക്യാപ്ടനാകേണ്ടിവന്നു. 2024ൽ ക്യാപ്ടനാക്കിയ റുതുരാജ് ഗെയ്ക്ക്‌വാദിന് കഴിഞ്ഞ സീസണിൽ പരിക്കേറ്റപ്പോൾ ക്യാപ്ടൻസി വീണ്ടും ധോണി ഏറ്റെടുത്തു. ഈ സീസണിൽ റുതുരാജാണ് ക്യാപ്ടനെങ്കിലും ധോണിതന്നെയാണ് കേന്ദ്ര കഥാപാത്രം.

വിക്കറ്റ് കീപ്പറായും നായകനായും ധോണിയുടെ പിന്തുടർച്ചാവകാശിയെത്തേടിയുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ അന്വേഷണം മലയാളിതാരം സഞ്ജു സാംസണിലെത്തിനിൽക്കുകയാണ്. 2021 മുതൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു ഈ സീസണിന് മുന്നോടിയായാണ് ആ ടീമിൽ നിന്ന് മാറി ചെന്നൈയിലേക്ക് എത്തിയത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി ചെന്നൈയിലെത്തിയ സഞ്ജുവിനെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

കഴിഞ്ഞ സീസണിൽ

ഏറ്റവും പിന്നിൽ

കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ജയിക്കാനായത് വെറും നാലുമത്സരങ്ങളിൽ മാത്രം. പോയിന്റ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ധോണിയും സംഘവും. അതിൽ നിന്നൊരു പുനർജനിയാണ് ഇക്കുറി ചെന്നൈ കൊതിക്കുന്നത്.

കഴിഞ്ഞ സീണിൽ കളിച്ച ധോണി,റുതുരാജ് എന്നിവരടക്കം 16 താരങ്ങളെ ഇക്കുറിയും ചെന്നൈ നിലനിറുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയേയും സാം കറനെയും രാജസ്ഥാന് നൽകിയാണ് സഞ്ജുവിനെ സ്വന്തമാക്കിയത്.കഴിഞ്ഞ സീസണിൽ കളിച്ച രചിൻ രവീന്ദ്ര, അശ്വിൻ, വിജയ് ശങ്കർ എന്നിവരും ഇപ്പോൾ ഒപ്പമില്ല. അതേസമയം ലേലത്തിലൂടെ സർഫ്രാസ് ഖാൻ,മാറ്റ് ഹെൻറി, അകീൽ ഹൊസൈൻ, പ്രശാന്ത് വീർ, മാത്യു ഷോർട്ട് തുടങ്ങിയവർ എത്തിയിട്ടുണ്ട്.

യുവശക്തി

ലീഗിലെ ഏറ്റവും പ്രായമുള്ള താരം ടീമിലുണ്ടെങ്കിലും മികച്ച യുവനിരയാണ് ഇക്കുറി ചെന്നൈയിന്റെ ശക്തി. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രേ എന്നിവർക്കൊപ്പം സഞ്ജുവും സർഫ്രാസും ചേരുമ്പോൾ ടീമിന്റെ ശക്തിയേറും. സഞ്ജു-ആയുഷ് മാത്രേ സഖ്യത്തെ ഓപ്പണിംഗിൽ പരീക്ഷിക്കാൻ സാദ്ധ്യതയേറെയാണ്.

ചെന്നൈ സ്ക്വാഡ്

റുതുരാജ് ഗെയ്ക്ക്‌വാദ് ,മഹേന്ദ്ര സിംഗ് ധോണി, സഞ്ജു സാംസൺ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രേ, സർഫ്രാസ് ഖാൻ,ഉർവിൽ പട്ടേൽ,അമാൻ ഖാൻ സാക്ക് ഫ്ളോക്സ്,രാമകൃഷ്ണ ഘോഷ്, അൻഷുൽ കാംബോജ്, ജാമീ ഓവർട്ടൺ , മാത്യു ഷോർട്ട്,പ്രശാന്ത് വീർ, ഖലീൽ അഹമ്മദ്, രാഹുൽ ചഹർ, നഥാൻ എല്ലിസ്,ഗുർജപ്നീത് സിംഗ്,ശ്രേയസ് ഗോപാൽ മാറ്റ് ഹെൻറി,മുകേഷ് ചൗധരി,നൂർ അഹമ്മദ്.

ആദ്യ മത്സരം

മാർച്ച് 30 തിങ്കൾ
Vs രാജസ്ഥാൻ റോയൽസ്

5

തവണ ഐ.പി.എൽ കിരീടം നേടിയ ടീമാണ് ചെന്നൈ.2010,2011,2018,2021,2023 സീസണുകളിലാണ് ചെന്നൈ കിരീടമുയർത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360