
തിരുവനന്തപുരം : ജപ്പാനിലെ ആയ്ച്ചി നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥമുള്ള ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യയുടെ ഫൺ റണ്ണിന്റെ ഇന്ത്യയിലെ വേദിയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ പത്രസമ്മേളനത്തിൽ അറിയിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ ജൂൺ 23ന് വൈകിട്ട് നാലിനാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയം മുതൽ സെൻട്രൽ സ്റ്റേഡിയം വരെ അര ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുള്ള കൂട്ടയോട്ടം.
പിറ്റേന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എം.സി മേരികോം, ഗഗൻ നാരംഗ്,ഡോള ബാനർജി,യോഗേശ്വർ ദത്ത്, അചാന്ത ശരത് കമൽ തുടങ്ങിയവരുൾപ്പടെ അന്താരാഷ്ട്ര കായിക താരങ്ങളും വിദ്യാർത്ഥികളും കായിക സംഘടനാഭാരവാഹികളും പൊതുജനങ്ങളും ഫൺ റണ്ണിൽ പങ്കെടുക്കും. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എൽ.എൽ.എ മാർ, മേയർ, മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ തുടങ്ങിയവരുടേയും പങ്കാളിത്തമുണ്ടാകും.ചടങ്ങിൽ രാഷ്ട്രപതിയുടെ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള പരിശ്രമങ്ങൾ നടക്കുകയാണെന്ന് പി.ടി ഉഷ പറഞ്ഞു. 2036ൽ ഇന്ത്യ ഒളിമ്പിക്സ് നടത്തുമെങ്കിൽ തിരുവനന്തപുരത്ത് ഒരു വേദി ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ആദ്യ പടിയായി ഫൺ റൺ വിജയകരമായി നടത്തുമെന്ന് നഗരസഭാ മേയർ വി.വി രാജേഷ് പറഞ്ഞു.
ഒളിമ്പിക് മരങ്ങൾ
അഹമ്മദാബാദിൽ 2036ലെ ഒളിമ്പിക്സ് സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി ഈ ഒളിമ്പിക് ദിനത്തിൽ ഓരോ സംസ്ഥാനത്തും 2036 മരങ്ങൾ വീതം നട്ടുപിടിപ്പിക്കാനുള്ള ഐ.ഒ.എ ആഹ്വാനം ചെയ്യിട്ടുണ്ട്. കേരളത്തിൽ ഓരോ ജില്ലയിലും 2036 മരങ്ങൾ വീതം നടുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു.ഇതിന്റെ ഉദ്ഘാടനം 19-ാം തീയതി നിയമസഭാ വളപ്പിൽ മുഖ്യമന്ത്രി നിർവഹിക്കും.
പത്രസമ്മേളനത്തിൽ കെ.ഒ.എ സെക്രട്ടറി ജനറൽ എസ്.രാജീവ്, വൈസ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ,ജില്ലാ ഒളിമ്പിക് അസോസയേഷൻ സെക്രട്ടറി വിജു വർമ്മ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |