SignIn
Kerala Kaumudi Online
Friday, 05 June 2026 3.11 AM IST

വീണ്ടും വിരിയുമോ സ്പാനിഷ് വസന്തം

world-cup

ലോകകപ്പിൽ വീണ്ടും വിസ്മയമാകാൻ ലാമിൻ യമാലിന്റെ ചിറകിലേറി സ്പെയിൻ

2010 ലോകകപ്പ്, 2008ലേയും 2012ലേയും യൂറോകപ്പുകൾ... ഫുട്ബാൾ ലോകം സ്പെയ്ൻ എന്ന യൂറോപ്യൻ ശക്തിയെ നമിച്ചുപോയ നാളുകൾ.ടിക്കി ടാക്ക എന്ന കേളീ ശൈലിയും ആന്ദ്രേ ഇനിയെസ്റ്റ, ചാവി ഹെർണാണ്ടസ്, ഐക്കർ കസിയസ് തുടങ്ങിയ പടനായകരും വീരേതിഹാസങ്ങൾ രചിച്ച സ്പെയിൻ ടീം കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും നിരാശപ്പെടുത്തുകയായിരുന്നു. എന്നാൽ ഇക്കുറി അവർ അമേരിക്കയിലേക്ക് വിമാനം കയറുന്നത് ചിലതുറച്ചാണ്. രണ്ട് വർഷം മുമ്പ് യൂറോകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ തന്നെ ലോകം വീണ്ടും സ്പെയ്നിലേക്ക് ഉറ്റുനോക്കാൻ തുടങ്ങിയിരുന്നു. ലാമിൻ യമാലെന്ന 16കാരൻ വരവറിയിച്ച യൂറോകപ്പ് ഈ വരുന്ന ലോകകപ്പിലേക്കുള്ള ടീമിന്റെ ബ്ളൂ പ്രിന്റ് കൂടിയായിരുന്നു.

നിരാശയും ദൗർഭാഗ്യവും ചേരുന്നതാണ് സ്‌പെയിനിന്റെ ലോകകപ്പ് ചരിത്രം. ക്വാർട്ടറിനപ്പുറത്തേക്ക് കടക്കാത്തവർ എന്ന നാണക്കേട് അവർ മായ്ച്ചുകളഞ്ഞത് 2010ൽ കിരീടം നേടിക്കൊണ്ടാണ്. എന്നാൽ കഴിഞ്ഞ മൂന്ന് തവണയും ക്വാർട്ടറിനപ്പുറത്തേക്ക് കടന്നില്ല. 2014 ഒരു യുഗത്തിന്റെ അവസാനമായിരുന്നെങ്കിൽ 2018ൽ ടീമിനകത്തെ അസ്ഥിരത വിജയസാധ്യത ഇല്ലാതാക്കി. 2022ൽ സൂപ്പർതാരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചു. പക്ഷേ ഈ ലോകകപ്പിൽ സ്‌പെയിനിനെ കിരീടസാധ്യതക്കാരാക്കുന്ന പല ഘടകങ്ങളുണ്ട്.ലാമിൻ യമാൽ എന്ന അതുല്യ പ്രതിഭയുടെ ഉദയവും സ്‌ക്വാഡിലെ അസാധാരണ മികവും സ്‌പെയിനെ വീണ്ടും ഉയരത്തിലേക്കെത്തിച്ചിരിക്കുന്നു. അതിന് തെളിവാണ് 2024ലെ യൂറോകപ്പ് നേട്ടം.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സ്‌പെയിനിന്റെ ആദ്യ ഇലവന്റെ ശരാശരി പ്രായം 26 വർഷവും 137 ദിവസവുമായിരുന്നു. യൂറോപ്പിലെ മറ്റ് പ്രധാന ടീമുകളെക്കാൾ യുവത്വം നിറഞ്ഞ സംഘം.യുവത്വത്തിനൊപ്പം അനുഭവസമ്പത്തുമുണ്ട്.

പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂഡേയുടെ നേതൃത്വത്തിൽ സ്‌പെയിൻ തുടർച്ചയായ 31 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. 2010 മുതൽ 2013 വരെ വിൻസെന്റ് ഡി ബുസ്‌കിന്റെ കീഴിലെ 30 മത്സരങ്ങളുടെ റെക്കാഡ് മറികടന്നു.

ടീം കൂടുതൽ സന്തുലിതം. യോഗ്യതാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ച ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ. അതിവേഗ ആക്രമണങ്ങളിലും പ്രതിരോധത്തിലും അതിശക്തർ.

ഇപ്പോഴും കരുത്ത് അവരുടെ മധ്യനിരയാണ്. പെഡ്രി, റോഡ്രി, സുബാമെൻഡി എന്നിവർ ലോകത്തെ മികച്ച മധ്യനിരതാരങ്ങൾ.അറ്റാക്കിംഗിൽ യമാൽ-നിക്കോ വില്യംസ് സംഖ്യത്തിന് തീവ്രതയേറെയാണ്.

ഗ്രൂപ്പ് എച്ച്

സ്‌പെയിൻ

ഉറുഗ്വേ

സൗദി അറേബ്യ

കേപ് വെർദേ

മത്സരങ്ങൾ

ജൂൺ 15 Vs കേപ് വെർദേ

ജൂൺ 21 Vs സൗദി അറേബ്യ

ജൂൺ 27 Vs ഉറുഗ്വേ

സ്പെയ്ൻ സ്ക്വാഡ്

ഗോൾ കീപ്പേഴ്സ് : ഉനായ് സൈമൺ, ഡേവിഡ് റായ, ജോൺ ഗാർഷ്യ

ഡിഫൻഡേഴ്സ് : പെഡ്രോ, മാർക്കോസ് ലോറന്റേ,അയ്മെറിക് ലാപോർട്ടേ,പൗ കുബാർസി,മാർക് പ്യൂബിൾ,എറിക് ഗാർഷ്യ,മാർക് കുകുറെല്ല,അലജാൻദ്രോ ഗ്രിമാൽഡോ

മിഡ്ഫീൽഡേഴ്സ് : റോഡ്രിഗോ ഹെർണാണ്ടസ്,മാർട്ടിൻ സുബിമെൻഡി,പെഡ്രി,ഫാബിയൻ റൂയിസ്, മൈക്കേൽ മെറിനോ,പാബ്ളോ പയസ് ഗാവി,അലക്സ് ബയേന.

ഫോർവേഡ്സ് : മൈക്കേൽ ഒയർസബാൽ,ലാമിൻ യമാൽ,നിക്കോ വില്യംസ്, ഫെറാൻ ടോറസ്,ബോറിയ ഇഗ്ലേഷ്യസ്, ഡാനി ഓൾമോ,വിക്ടർ മുനോസ്, യെറമി പിനോ.

2010

ലോകകപ്പ് ജേതാക്കളായതാണ് വലിയ നേട്ടം. 2014ൽ ആദ്യറൗണ്ടിൽ പുറത്തായി. 2018ൽ പ്രീ ക്വാർട്ടറിൽ ആതിഥേയരായ റഷ്യയോട് പ്രീ ക്വാർട്ടർ ഷൂട്ടൗട്ടിൽ പുറത്തായി. 2022ൽ പ്രീ ക്വാർട്ടറിൽ തോൽപ്പിച്ചത് മൊറോക്കോ.

തന്റെ ആദ്യ ലോകകപ്പിനായാണ് ലാമിൻ യമാൽ കച്ചകെട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360