
ഇന്ത്യ - അഫ്ഗാൻ ഏക ടെസ്റ്റിന് ഇന്ന് തുടക്കം
മുള്ളൻപുർ : ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കാനിറങ്ങുന്നു. അയൽക്കാരായ അഫ്ഗാനിസ്ഥാനുമായുള്ള ഏക ടെസ്റ്റ് ഇന്ന് ന്യൂ ചണ്ഡിഗഡിലെ മുള്ളൻപുർ സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്. ഏഴുവർഷത്തിന് ശേഷമാണ് ഇന്ത്യ അഫ്ഗാനെ നേരിടുന്നത്.
ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള രണ്ടാമത്തെ മാത്രം ടെസ്റ്റാണിത്. 2018ൽ നടന്ന ഏക ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നിംഗ്സിനും 262 റൺസിനും ജയിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ അഫ്ഗാന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.ഇതുവരെ 12 മത്സരങ്ങൾ മാത്രമാണ് അഫ്ഗാൻ കളിച്ചിട്ടുള്ളത്. അതിൽ നാലുമത്സരങ്ങൾ വിജയിച്ചിട്ടുണ്ട്.
ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ അഫ്ഗാനെ നേരിടാൻ ഇറങ്ങുന്നത്.കെ.എൽ രാഹുലാണ് വൈസ് ക്യാപ്ടൻ.യശസ്വി ജയ്സ്വാൾ,സായ് സുദർശൻ,ദേവ്ദത്ത് പടിക്കൽ,വാഷിംഗ്ടൺ സുന്ദർ,റിഷഭ് പന്ത്,ധ്രുവ് ജുറേൽ, മുഹമ്മദ് സിറാജ്, കുൽദീപ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കൊപ്പം മാനവ് സുതർ,ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് ഡൗൺ ബാറ്ററായി സായ് സുദർശൻ കളിക്കുമെന്ന് കോച്ച് ഗൗതം ഗംഭീർ അറിയിച്ചിട്ടുള്ളതിനാൽ മറുനാടൻ മലയാളിയായ ദേവ്ദത്ത് പടിക്കലിന് പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചേക്കില്ല. മൂന്നാം സ്പിന്നറായി ഹർഷ് ദുബെ,മാനവ് സുതറോ അരങ്ങേറ്റം കുറിച്ചേക്കും.
മുൻനിര ബാറ്റർ ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനെ നയിക്കുന്നത്.അസ്മത്തുള്ള ഒമർസായ്,റഹ്മാനുള്ള ഗുർബാസ്, സെദീഖുള്ള അതൽ,റഹ്മത്ത് ഷാ തുടങ്ങിയ മികച്ച താരങ്ങൾ അഫ്ഗാൻ ടീമിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ഇന്ത്യ അഫ്ഗാനുമായി കളിക്കുന്നുണ്ട്.
ഒറ്റ മത്സരം മാത്രമുള്ളതിനാൽ മത്സരഫലം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നിലയിൽ പരിഗണിക്കില്ല.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ,സായ് സുദർശൻ, റിഷഭ് പന്ത്, നിതീഷ് റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, മാനവ് സുതർ, ഹർഷ് ദുബെ, ദേവ്‌ദത്ത് പടിക്കൽ,ധ്രുവ് ജുറേൽ,ഗുർനൂർ ബ്രാർ.
അഫ്ഗാനിസ്ഥാൻ : ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്ടൻ),അഫ്സർ സസായ്,അബ്ദുൾ മാലിക്ക്,ഇഖ്രാം അഖിൽ,റഹ്മാനുള്ള, ഗുർബാസ്,സെദീഖുള്ള അതൽ,നംഗേയാലിയ ഖാരോട്ടെ,അസ്മത്തുള്ള ഒമർ സായ്,റഹ്മത്ത് ഷാ,ഷറഫുദ്ദീൻ അഷ്റഫ്,ബിലാൽ സമി, മുഹമ്മദ് സലീം,ഖ്വായിസ് അഹമ്മദ്, സിയാവുർ റഹ്മാൻ.
9.30 am മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും.
2025 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇതിനുമുമ്പുള്ള ടെസ്റ്റ് മത്സരം. ആ മത്സരത്തിൽ 408 റൺസിനും പരമ്പരയിൽ 2-0ത്തിനും ഇന്ത്യ തോറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |