SignIn
Kerala Kaumudi Online
Saturday, 06 June 2026 4.56 AM IST

കളം വാഴാൻ കാർലോയുടെ കാനറികൾ

world-cup-brazil

ലോകകപ്പ് വീണ്ടെടുക്കാൻ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീൽ എത്തുന്നു

അഞ്ചുവട്ടം ലോകകപ്പിൽ മുത്തമിട്ട ഒരു ടീമേയുള്ളൂ ; കഴിഞ്ഞ അഞ്ചുലോകകപ്പുകളിലും ഒന്നുമാകാതെപോയ ബ്രസീൽ. പെലെയും ഗരീഞ്ചയും സോക്രട്ടീസും കഫുവും സീക്കോയും റിവാൾഡോയും റോബർട്ടോ കാർലോസും റൊണാൾഡോയും റൊണാൾഡീഞ്ഞോയുമൊക്കെച്ചേർന്ന് രചിച്ച വീരേതിഹാസങ്ങൾക്കപ്പുറം കാനറികളുടെ പുതുതലമുറയ്ക്ക് ആഘോഷിക്കാനൊന്നുമില്ല. 2002ന് ശേഷം കിരീടമെത്താത്ത ബ്രസീൽ പക്ഷേ ഇത്തവണ സാംബാ താളമൊരുക്കുന്നത് കപ്പുയർത്താൻ തന്നെയാണ്. അതിനവരെ പ്രാപ്തരാക്കാൻ ഒരാൾ ഒപ്പമുണ്ട് ; കാർലോ ആഞ്ചലോട്ടി.

ക്ലബ് ഫുട്ബാളിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇറ്റലിക്കാരനായ കാർലോ. നിരവധി കിരീടങ്ങൾക്കും അതുല്യമായ പരിചയസമ്പത്തിനുമുടമ. വലിയ മത്സരങ്ങളുടെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിലും താരങ്ങളുടെ കഴിവ് പുറത്തെടുക്കുന്നതിലും റിംഗ് മാസ്റ്ററുടെ വൈദഗ്ദ്ധ്യം. പക്ഷേ യോഗ്യതാ റൗണ്ടിൽ വളരെ പ്രയാസപ്പെട്ടാണ് ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. അർജന്റീന, ഉറുഗ്വേ, കൊളംബിയ എന്നിവർക്കെതിരായ തോൽവികൾ ടീമിന്റെ ദൗർബല്യങ്ങൾ പുറത്തുകൊണ്ടുവന്നു.എങ്കിലും കപ്പടിക്കാനുള്ള വ്യക്തിഗത മികവും ആക്രമണശേഷിയും പരിചയസമ്പത്തും ബ്രസീലിന് ഇപ്പോഴുമുണ്ട്. എന്നാൽ ആ കഴിവുകളെ സ്ഥിരതയുള്ള പ്രകടനമാക്കി മാറ്റുകയാണ് പ്രധാന വെല്ലുവിളി. ആഞ്ചലോട്ടിയുടെ തന്ത്രപരമായ മികവ്, വിനീഷ്യസിന്റെ സ്‌ഫോടനാത്മക ആക്രമണം, കാസെമിറോയുടെ നേതൃപാടവം, നെയ്മറിന്റെ അനുഭവസമ്പത്ത് ഇവ ഒന്നിച്ചുചേർന്നാൽ ബ്രസീലിന് വീണ്ടുംഅമരത്തെത്താം.

ആക്രമണമാണ് ശക്തി

ബ്രസീലിന്റെ ആക്രമണനിര ഇന്നും എതിരാളികളെ ഏറ്റവും ഭയപ്പെടുത്തുന്നതാണ്. വിനീഷ്യസിനൊപ്പം ഗബ്രിയേൽ മാർട്ടിനേലി, യാവോ പെഡ്രോ തുടങ്ങിയവരെത്തുമ്പോൾ എതിർ പ്രതിരോധങ്ങൾക്ക് വലിയ തലവേദനയാണ്. വേഗതയും ഡ്രിബ്ലിംഗും മത്സരം മാറ്റിമറിക്കാനുള്ള കഴിവും ഈ താരങ്ങളെ അപകടകാരിയാക്കുന്നു. കൗണ്ടർ അറ്റാക്കുകളിൽ ബ്രസീലിന്റെ വേഗത ലോകത്തിലെ ഏത് പ്രതിരോധത്തെയും തകർക്കാന്‍ കഴിവുള്ളതാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല പ്രശ്‌നങ്ങളും നേരിട്ടെങ്കിലും ഡ്രസിംഗ് റൂം അന്തരീക്ഷം ഇപ്പോൾ ശാന്തമാണ്. നെയ്മറിനേയും കാസിമെറോയെയും പോലുള്ള പരിചയസമ്പന്നരായ താരങ്ങൾ ടീമിന്റെ മാനസിക ശക്തിയായി മാറിയിട്ടുണ്ട്. മുൻകാലത്തെ പോലെ ടീമിന്റെ മുഴുവൻ ഭാരം നെയ്മറിന്റെ ചുമലിലല്ല.

വെല്ലുവിളി പരിക്കുകൾ

ഫിറ്റ്നെസില്ലാത്തതുകാരണം ഒരുവർഷത്തോളം ടീമിന് പുറത്തായിരുന്ന നെയ്മറെ ലോകകപ്പിനുള്ള സംഘത്തിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വീണ്ടും പരിക്കേറ്റിരിക്കുകയാണ്. സന്നാഹമത്സരങ്ങളിലും ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിലും നെയ്മർ കളിച്ചേക്കില്ല. റോഡ്രിഗോയും എദർ മിലിറ്റാവോയും എസ്റ്റാവോയും പരിക്കുമൂലം ലോകകപ്പിനില്ല. മറ്റൊരു ദൗർബല്യം ഒരുകാലത്ത് കഫുവും റൊബർട്ടോ കാർലോസും നയിച്ചിരുന്ന ഫുൾബാക്ക് പൊസിഷനിൽ മികച്ച താരങ്ങളില്ലെന്നതാണ്.

ബ്രസീൽ ടീം

ഗോൾ കീപ്പർമാർ: അലിസൺ ബക്കർ, എഡേഴ്‌സൺ,വെവേർട്ടൻ
പ്രതിരോധം: അലക്സ് സാൻഡ്രോ,ഡീനിലോ, ലിയോ പരേര, ബ്രെമർ,ഡൗഗ്ലസ് സാന്റോസ്, ഗബ്രിയേൽ മഗാൽഹീസ്, ഇബാനസ്, മാർക്വിഞ്ഞോസ്, വെസ്‌ലി.

മിഡ്‌ഫീൽഡർമാർ: ഗുയിമാറസ്,കസെമിറൊ, ഡീനിലോ സാന്റോസ്,ഫാബീഞ്ഞോ, ലൂക്വാസക് പക്വേറ്റ.

മുന്നേറ്റനിര :എൻഡ്രിക്ക്, മാർട്ടിനെല്ലി, ഇഗോർ തിയാഗോ, ലൂയിസ് ഹെൻറിക്വെ,മത്യാസ് കുൻഹ, നെയ്മർ ജൂനിയർ,റഫീഞ്ഞ, റയാൻ,വിനീഷ്യസ്.

ഗ്രൂപ്പ് ഫിക്സ്ചർ

ജൂൺ 14 Vs മൊറോക്കോ

ജൂൺ 20 Vs ഹെയ്തി

ജൂൺ25 Vs സ്കോട്ട്‌ലാൻഡ്

1958,1962,1970,1994,2002 ലോകകപ്പുകളിലാണ് ബ്രസീൽ കപ്പുയർത്തിയത്.

128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുള്ള നെയ്‌മറാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BRAZIL WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360