
സൂര്യകുമാറിന് പകരം ശ്രേയസ് അയ്യർ ട്വന്റി-20 ക്യാപ്ടനായേക്കും
വൈഭവ് സൂര്യവംശിയെ ടീമിലെടുക്കും, ഇന്ന് പ്രഖ്യാപനം
മുംബയ് : ഇന്ത്യൻ ട്വന്റി -20 ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവ് യാദവിനെ മാറ്റി പകരം ആരെ നിയമിക്കണമെന്നതിൽ ഇന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സെലക്ഷ കമ്മറ്റി തീരുമാനമെടുക്കും. ഈ മാസം അയർലാൻഡിനെതിരെ നടക്കുന്ന രണ്ട് ട്വന്റി-20കൾ , അടുത്തമാസം ഇംഗ്ളണ്ടിനെതിരെ നടക്കുന്ന അഞ്ച് ട്വന്റി-20കൾ,സെപ്തംബറിൽ അയ്ച്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കുള്ള ടീമുകളെ സെലക്ട് ചെയ്യാനാണ് കമ്മറ്റി ചേരുന്നത്. 2027 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ടീമിനെ വാർത്തെടുക്കാനാണ് കമ്മറ്റി ശ്രമിക്കുക.
ഐ.പി.എല്ലിൽ ഉൾപ്പടെ മോശം ഫോമിൽ തുടരുന്ന സൂര്യയെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റാൻ ബി.സി.സി.ഐ സെലക്ടർമാർക്ക് അനുമതി നൽകിയെന്നാണ് സൂചന. സൂര്യയെ കളിക്കാരൻ മാത്രമായി നിലനിറുത്തുന്നതിനെക്കുറിച്ച് സെലക്ടർമാർക്ക് തീരുമാനിക്കാം. ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സിനെ നയിച്ച ശ്രേയസ് അയ്യർക്ക് കസേര ലഭിക്കുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസൺ, തിലക് വർമ്മ , ഏകദിന,ട്വന്റി-20 ക്യാപ്ടൻ ശുഭ്മാൻ ഗിൽ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.
കൗമാരവിസ്മയം വൈഭവ് സൂര്യവംശിയെ ടീമിലെടുക്കുമെന്നും സൂചനയുണ്ട്. 15 വയസ് തികഞ്ഞതിനാൽ വൈഭവിനെ സെലക്ടർമാർക്ക് ടീമിൽ ഉൾപ്പെടുത്താം. എന്നാൽ വിദേശത്ത് ഈ പ്രായത്തിൽ താരത്തെ കളിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന അഭിപ്രായവുമുണ്ട്. അതേസമയം ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ വൈഭവിന് ഇടം ലഭിക്കുമെന്ന് സൂചനയുണ്ട്.
ശ്രേയസിന്റെ നായകശേഷി
ട്വന്റി-20 ഫോർമാറ്റിൽ ദേശീയ ടീമിനുവേണ്ടി കളിക്കാനിറങ്ങിയിട്ട് ഏറെനാളായെങ്കിലും നായകനെന്ന നിലയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഐ.പി.എൽ ജേതാക്കളാക്കിയതും ഡൽഹിയേയും പഞ്ചാബിനെയും ഫൈനലിലെത്തിച്ചതു മാണ് ശ്രേയസിന് മുതൽക്കൂട്ട്.
2023 ഡിസംബറിലാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20 കളിച്ചത്. വർഷമാദ്യം ന്യൂസിലാൻഡിന് എതിരായ പരമ്പരയിൽ പകരക്കാരനായി ടീമിലെടുത്തിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയിരുന്നില്ല.
ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 51 ട്വന്റി-20കളിൽ 1104 റൺസ് ശ്രേയസ് നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |