
മുംബയ്: ഇന്ത്യൻ ക്രിക്കറ്റിൽ ഇനി വൈഭവിന്റെ യുഗം. 15കാരനായ വിസ്മയതാരം വൈഭവ് സൂര്യവംശിയെ അയർലൻഡിലും ഇംഗ്ളണ്ടിലും നടക്കുന്ന ട്വന്റി-20 മത്സരങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഇതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ ടീമിലെത്തിയ സച്ചിൻ ടെൻഡുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കാഡ് പഴങ്കഥയായി.
ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ക്യാപ്ടനായും ഇന്നലെ ചേർന്ന സെലക്ഷൻ കമ്മറ്റിയോഗം തീരുമാനിച്ചു. ഐ.പി.എല്ലില്ലുൾപ്പെടെ ഫോമിലല്ലായിരുന്നതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്. ശ്രേയസിന് 2023ന് ശേഷം ഇന്ത്യൻ ട്വന്റി-20 ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അക്ഷർ പട്ടേലിന് പകരം തിലക് വർമ്മ വൈസ് ക്യാപ്ടനാകും. മലയാളിതാരം സഞ്ജു സാംസൺ ടീമിലുണ്ട്.
ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ 16 കളികളിൽനിന്ന് 776 റൺസെടുത്ത വൈഭവ് ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പും, എമർജിങ് പ്ലേയർ, സൂപ്പർ സ്ട്രൈക്കർ ,സൂപ്പർ സിക്സർ തുടങ്ങി പുരസ്കാരങ്ങളും വാരിക്കൂട്ടിയതോടെയാണ് വേഗത്തിൽ ദേശീയ ടീമിലെത്തിയത്.
15 വർഷവും 71 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യൻ വൈഭവ് ടീമിലെത്തുന്നത്. 1989ൽ തനിക്ക് 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ടീമിലെത്തിയത്.
വൈഭവിനൊപ്പം അച്ഛനും അമ്മയും
വൈഭവ് സൂര്യവംശിക്കൊപ്പം അയർലാൻഡിലേക്കും ഇംഗ്ളണ്ടിലേക്കും മാതാപിതാക്കളെക്കൂടി അയയ്ക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. പണ്ട് സച്ചിനൊപ്പം പാക് പര്യടനത്തിന് ജേഷ്ഠൻ അജിത്തിനെ അയച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |