SignIn
Kerala Kaumudi Online
Monday, 08 June 2026 3.29 AM IST

മിറ,കൊഞ്ചിതയുടെ കുഞ്ഞുകൂട്ടുകാരി

mirra-andreeva

കഴിഞ്ഞരാത്രി റൊളാംഗ് ഗാരോയിലെ കളിമൺ കോർട്ടിൽ മിറ ആൻഡ്രീവയെന്ന 19കാരി തന്റെ ആദ്യ ഗ്രാൻസ്ളാം കിരീട‌മുയർത്തിയപ്പോൾ ഗാലറിയിരുന്ന് കയ്യടിക്കുകയായിരുന്നു കൊഞ്ചിത മാർട്ടിനെസ് എന്ന പഴയ വനിതാ ടെന്നിസ്

താരം.1994ലെ വിംബിൾഡൺ ജേതാവും 2000ത്തിലെ ഫ്രഞ്ച് ഓപ്പൺ റണ്ണർ അപ്പുമായ കൊഞ്ചിത ഈ ഫ്രഞ്ച് ഓപ്പണിനെത്തിയത് മിറയുടെ പരിശീലകയെന്ന നിലയിലാണ്. കൗമാരം കടക്കാത്ത പെൺകുട്ടിയായി തന്റെയരികിലെത്തിയ മിറയെ രണ്ടുവർഷംകൊണ്ട് 26 വർഷം മുമ്പ് തനിക്ക് നഷ്ടമായ ഫ്രഞ്ച് ഓപ്പൺ തന്നെ നേടിയെടുക്കാൻ പ്രാപ്തയാക്കിയത് കൊഞ്ചിതയുടെ പരിശീലനമുറകളാണ്.

ദീർഘനാളായി പരിശീലകയായി രംഗത്തുള്ള, മികച്ച വനിതാ കോച്ചിനുള്ള ഡബ്ളിയു.ടി.എ പുരസ്കാരം നേടിയിട്ടുള്ള കൊഞ്ചിതയും മിറയും ഒരുമിക്കുന്നത് 2024ലാണ്. തന്റെ ഗ്രാൻസ്ളാം കിരീ‌ടവിജയത്തിന് മിറ നന്ദി പറയുന്നത് കൊഞ്ചിതയ്ക്കാണ്. ഒരുനിമിഷം പോലും അലസമായിരിക്കാൻ കൊഞ്ചിത സമ്മതിക്കാറില്ലെന്ന് മിറ പറയുന്നു. താൻ കണ്ട ഏറ്റവും കഠിനാദ്ധ്വാനിയായ ശിഷ്യയാണ് മിറയെന്ന് കൊഞ്ചിതയും പറയുന്നു.

പരിശീലനത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് ഇരുവരും പറയുമ്പോഴും കളത്തിന് പുറത്ത് കളിക്കൂട്ടുകാരെപ്പോലെയാണിവർ. മിറയുമൊത്ത് യുനോ (കുട്ടികളുടെ കാർഡ് ഗെയിം) കളിച്ച് ജയിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യമെന്നാണ് കൊഞ്ചിത പറയുന്നത്.കളിച്ചും ചിരിച്ചും കൗമാരം ആസ്വദിക്കുന്ന മിറയെ കളിക്കളത്തിലേക്ക് വേണ്ടി ഒരുക്കിയെടുക്കുക എന്ന തന്റെ ജോലിയിലാണ് കൊഞ്ചിത മികവ് കാട്ടുന്നത്. 19കാരിയായ മിറയെത്തേടി ഇനിയുമൊരുപാട് ഗ്രാൻസ്ളാം കിരീടങ്ങൾ എത്തുമെന്നുറപ്പാണ്. അതിന് വഴികാട്ടാൻ കൊഞ്ചിതയ്ക്ക് കഴിയുകയും ചെയ്യും.

മിറയും റാസിയും

ഫ്രഞ്ച് ഓപ്പൺ കിരീ‌ടം ഏറ്റുവാങ്ങിയ മിറയുടെ അവളുടെ കുഞ്ഞു വളർത്തുനായയുമുണ്ടായിരുന്നു. റാസി എന്ന ബേൺഡൂഡിൽ ഇനത്തിലെ നായയെ മിറയ്ക്ക് ലഭിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരു പെറ്റ്ഡോഗിനെ വേണമെന്ന് വാശിപിടിച്ച മിറയ്ക്ക് ഡബ്ലിയു.ടി.എ റാങ്കിംഗിൽ ആദ്യ 20 സ്ഥാനത്തിനുള്ളിലെത്തിയാൽ വാങ്ങിത്തരാമെന്ന് അമ്മ വാക്കുനൽകി. വാശിയോടെ കളിച്ച് മിറ റാസിയെ സ്വന്തമാക്കി. ടൂർണമെന്റുകൾക്ക് പോകുമ്പോൾ മിറ റാസിയേയും ഒപ്പം കൂട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, MIRRAA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360