SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.13 AM IST

സ്വീകരണം, രാജകീയം

spain

മാഡ്രിഡ് : ഫിഫ ലോകകപ്പ് വിജയിച്ച സ്പാനിഷ് ടീമിന് തലസ്ഥാനമായ മാഡ്രിഡിൽ അതിഗംഭീര വരവേൽപ്. സ്പെയ്ൻ രാജാവ് ഫിലിപ്പശയും കുടുംബവും നേരിട്ടെത്തിയാണ് മാഡ്രിഡിൽ വിമാനമിറങ്ങിയ സ്പാനിഷ് താരങ്ങളെ സ്വീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും താരങ്ങളെ സ്വീകരിക്കാനെത്തി.പിന്നാലെ രാജ കൊട്ടാരത്തിൽ സ്വീകരണവുമൊരുക്കി. മാഡ്രിഡ് നഗരത്തിലെ ട്രോഫി പര്യടനത്തിൽ 20 ലക്ഷത്തോളം പേർ പങ്കെടുത്തു.

താരങ്ങൾ ഒരുമിച്ചു തിളങ്ങുന്നു എന്നെഴുതിയ ഓപ്പൺ ബസിലാണ് സ്പാനിഷ് ടീം മാഡ്രിഡ് നഗരം കറങ്ങിയത്.പ്രധാനമന്ത്രിയുടെ വസതിയായ മോൺക്ല കൊട്ടാരത്തിനു സമീപത്തുനിന്നാണ് ടീമിന്റെ വിജയാഘോഷങ്ങൾ തുടങ്ങിയത്. ആരാധകരുമായി സംസാരിച്ചും നൃത്തം ചെയ്തും അവർ വിജയം ആഘോഷിച്ചു.

ഓരോ താരത്തെയും അവരുടെ ഇഷ്ട ഗാനങ്ങൾ അവതരിപ്പിച്ചാണ് പ്രത്യേകം തയാറാക്കിയ ആഘോഷ വേദിയിലെത്തിച്ചത്. 25-ാം പിറന്നാൾ ആഘോഷിക്കുന്ന അലക്സ് ബയേനയാണ് സ്വീകരണ പരിപാടികളിൽ ട്രോഫിയേന്തിയത്. ലോകകപ്പ് ഫൈനൽ വേദിയിലേതു പോലെ നാട്ടിലെ ആരാധകർക്കു മുന്നിലും കപ്പ് കയ്യിൽ കിട്ടിയ നിമിഷത്തിലെ ആഘോഷങ്ങൾ സ്പാനിഷ് താരങ്ങൾ ആവർത്തിച്ചു.

മെസിയില്ലാതെ അർജന്റീന

ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ അർജന്റീന ടീമിനാെപ്പം മെസി പോയില്ല. താൻ ലീഗ് കളിക്കുന്ന അമേരിക്കയിൽതന്നെ മെസി തുടരുകയായിരുന്നു. സങ്കടംകൊണ്ടാണ് മെസി നാട്ടിലേക്ക് പോകാതിരുന്നതെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ഫൈനലിൽ തോറ്റെങ്കിലും ആയിരങ്ങളാണ് പിന്തുണയുമായി ബ്യൂണസ് അയേഴ്സിൽ ടീമിനെ സ്വീകരിക്കാനെത്തിയത്. അതേസമയം റണ്ണേഴ്സ് അപ്പായ ടീമിനോടുള്ള ആദരസൂചകമായി രാജ്യത്ത് പൊതു അവധി നൽകുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ എടുത്തെങ്കിലും ഒന്നും വേണ്ടെന്ന ടീമംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്ന് അർജന്റീന പ്രസിഡന്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360