SignIn
Kerala Kaumudi Online
Monday, 08 June 2026 3.29 AM IST

ഇന്ത്യ കൊമ്പത്ത്, അഫ്ഗാൻ വരമ്പത്ത്

cricket

ഇന്ത്യ 564/8 ഡിക്ളയേഡ്

അഫ്ഗാനിസ്ഥാൻ 113/5

മുള്ളൻപുർ : അഫ്ഗാനിസ്ഥാനെതിരായ ഏകടെസ്റ്റിൽ പടുകൂറ്റൻ സ്കോർ ഉയർത്തി ഡിക്ളയർ ചെയ്ത് ഇന്ത്യ. രണ്ടാം ദിവസം ലഞ്ചിന് ശേഷം 564/8 എന്ന സ്കോറിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. മറുപടിക്കിറങ്ങിയ അഫ്ഗാൻ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 113/5 എന്ന നിലയിലാണ്. തന്റെ ആദ്യ ഓവറിലേതുൾപ്പടെ മൂന്ന് വിക്കറ്റുകളുമായി അരങ്ങേറ്റം അസലാക്കിയ മാനവ് സുതറാണ് അഫ്ഗാൻ ബാറ്റിംഗിനെ ചിതറിച്ചത്.

368/3 എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. 103 റൺസുമായി ബാറ്റിംഗിനെത്തിയ ഗിൽ 126 റൺസിന് പുറത്തായപ്പോൾ 50 റൺസുമായെത്തിയ റിഷഭ് പന്ത് ഒരറ്റത്ത് തുടർന്നു. ഗില്ലിന് പകരമെത്തിയ ധ്രുവ് ജുറേൽ (19) മടങ്ങിയതിന് പിന്നാലെയാണ് പന്തും (81) പുറത്തായത്.121 പന്തുകൾ നേരിട്ട പന്ത് ആറുഫോറുകളും മൂന്ന് സിക്സുകളും പറത്തി.തുടർന്ന് വാഷിംഗ്ടൺ സുന്ദർ (52നോട്ടൗട്ട്) ഒരറ്റത്ത് തുടരവേ അരങ്ങേറ്റക്കാരൻ മാനവ് സുതർ (28), മുഹമ്മദ് സിറാജ് (22) എന്നിവർ പുറത്തായി. സുന്ദർ അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ഗിൽ ഡിക്ളയർ ചെയ്തത്. അഫ്ഗാനുവേണ്ടി പേസർ മുഹമ്മദ് സലീം 27 ഓവറിൽ 140 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ അഫ്ഗാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് അരങ്ങേറ്റക്കാരൻ ഇടം കയ്യൻ സ്പിന്നർ മാനവ് സുതറാണ്. തന്റെ ആദ്യ ഓവറിന്റെ നാലാം പന്തിൽ അബ്ദുൽ മാലിക്കിനെ (16) സിറാജിന്റെ കയ്യിലെത്തിക്കുകയായിരുന്നു മാനവ്. തുടർന്ന് പ്രസിദ്ധ് കൃഷ്ണ സെദീക്കുള്ള അതലിനെ(17) ബൗൾഡാക്കി.ക്യാപ്ടൻ ഹഷ്മത്തുള്ള ഷാഹിദിയെ (20)യും പ്രസിദ്ധ് മടക്കി അയച്ചപ്പോൾ മാനവ് റഹ്മാനുള്ള ഗുർബാസിനെ (12) സായ്‌യുടെ കയ്യിലെത്തിക്കുകയും അഫ്സർ സസായിയെ റിട്ടേൺ ക്യാച്ചിൽ പുറത്താക്കുകയും ചെയ്തു. ഇപ്പോൾ 451 റൺസ് പിന്നിലാണ് അഫ്ഗാൻ.

ടിനുവിന് ശേഷം മാനവ് 2001ൽ മലയാളി പേസർ ടിനു യോഹന്നാന് ശേഷം അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഓവറിൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറാണ് മാനവ് സുതർ. ടിനു അന്ന് ഇംഗ്ളണ്ടിന്റെ മാർക്കസ് ട്രെസ്കോത്തിക്കിനെയാണ് പുറത്താക്കിയത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഓവറിൽ വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബൗളറാണ് മാനവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360