SignIn
Kerala Kaumudi Online
Monday, 08 June 2026 2.10 AM IST

സ്വരേവിന് കിരീട'മധുരം'

zverev
zverev

അലക്സാണ്ടർ സ്വരേവ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ചാമ്പ്യൻ

പാരീസ് : മൂന്നുതവണ ഫൈനലുകളിൽ പൊരുതിവീണ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവിന് ഇന്നലെ റൊളാംഗ് ഗാരോസിൽ തന്റെ കന്നി ഗ്രാൻസ്ളാം കിരീടം. അഞ്ചുസെറ്റ് നീണ്ട ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇറ്റാലിയൻ താരം ഫ്ളാവിയോ കൊബോളിയെ തോൽപ്പിച്ചാണ് സ്വരേവ് ചാമ്പ്യനായത്. ആദ്യ നാലുസെറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി തളർന്ന കൊബോളിയെ അഞ്ചാം സെറ്റിൽ നിഷ്പ്രഭമാക്കിയാണ് സ്വരേവ് കിരീ‌ടമുയർത്തിയത്. സ്കോർ : 6-1,4-6,6-4,7-7(7/5),6-1. നാലുമണിക്കൂർ 16 മിനിട്ടാണ് പോരാട്ടം നീണ്ടത്.

ആദ്യ സെറ്റ് 6-1ന് സ്വരേവ് നേടിയപ്പോൾ രണ്ടാം സെറ്റ് 6-4ന് സ്വന്തമാക്കി കൊബോളി തിരിച്ചടിച്ചു. 3-3ന് തുല്യനിലയിൽ ആയിരിക്കേ സ്വരേവിന്റെ സർവ് ബ്രേക്ക് ചെയ്താണ് കൊബോളി രണ്ടാം സെറ്റ് നേടിയത്. എന്നാൽ മൂന്നാം സെറ്റിൽ സ്വരേവ് തിരിച്ചടിച്ചു. മികച്ച പോരാട്ടം കണ്ടത് നാലാം സെറ്റിലായിരുന്നു. ഇതിന്റെ വിധി നിർണയിക്കാൻ ടൈബ്രേക്കർ വേണ്ടിവന്നു പൊരുതിനിന്ന് അഞ്ചാം സെറ്റിലേക്ക് നീട്ടിയെങ്കിലും പിന്നീട് കൊബോളി തളർന്നുപോയി.

സെമിയിൽ 26-ാം സീഡായ ചെക് റിപ്പബ്ളിക്കിന്റെ യാക്കൂബ് മെൻസിക്കിനെ 7-5,6-2,3-6,6-3ന് തോൽപ്പിച്ചാണ് രണ്ടാം സീഡായ സ്വരേവ് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തിയത്. 2024ലും ഫൈനലിലെത്തിയിരുന്നെങ്കിലും കാർലോസ് അൽക്കാരസിനോട് തോൽക്കുകയായിരുന്നു. സ്വരേവിന്റെ നാലാം ഗ്രാൻസ്ളാം ഫൈനലായിരുന്നു ഇത്. സെമിയിൽ സ്വന്തം നാട്ടുകാരൻ മാറ്റിയോ അർനാൾഡി പിൻമാറിയതിനാൽ കൊബോളിക്ക് ഫൈനലിലേക്ക് വാക്കോവർ ലഭിക്കുകയായിരുന്നു.

ടൈപ്പ് വൺ പ്രമേഹരോഗി

നാലാംവയസുമുതൽ ടൈപ്പ് വൺ പ്രമേഹത്തിന് ചികിത്സ തേടുന്നയാളാണ് സ്വരേവ്. മത്സരങ്ങൾക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് പരിശോധിക്കുകയും ഇൻസുലിൻ എടുക്കുകയും ചെയ്താണ് സ്വരേവ് കളിക്കുന്നത്. 2023ലെ ഫൈനലിനിടെ ഇൻസുലിൻ എടുക്കുന്നത് അധികൃതർ തടഞ്ഞെങ്കിലും ടൈപ്പ് വൺ പ്രമേഹരോഗികളുടെ സംഘടന ശക്തമായി ശബ്ദമുയർത്തിയതിനെത്തുടർന്ന് തീരുമാനം മാറ്റി. ടൈപ്പ് വൺ പ്രമേഹരോഗികൾക്കായി ചാരിറ്റി സംഘടനയും സ്വരേവ് നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ZVEREV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360