SignIn
Kerala Kaumudi Online
Thursday, 11 June 2026 1.56 AM IST

കിക്ക് കിക്കോ...

f

മെക്സിക്കോ സിറ്റി: ഭൂഗോളം കാൽപ്പന്തായി. ട്രയോണ്ടയെന്ന പന്തിലുടക്കി ചിരിയും ചിന്തയും. പ്രിയ ടീമിനായി പ്രാർത്ഥന. ലൈവ് സ്ക്രീനിനു മുന്നിൽ ഇനി കളിയാവേശം. വിജയ ലഹരി. ഉറക്കമില്ലാ രാവുകൾ.

മെസി,​ റൊണാൾഡോ,​ നെയ്മർ,​ എംബാപ്പെ,​ യമാൽ,​ വിനീഷ്യസ്,​ ഹാരികേൻ,​ ബെല്ലിംഗ്ഹാം,​ ഹാലാൻഡ്,​ മൊഡ്രിച്ച്... സൂപ്പർ താരങ്ങളെ നെഞ്ചിലേറ്റിയുള്ള കാത്തിരിപ്പിന് വിരാമം. ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് ആദ്യ വിസിൽ മുഴങ്ങും. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

യൂറോപ്യൻ മെയ്ക്കരുത്തും ലാറ്റിനമേരിക്കൻ പന്തടക്കവും ആഫ്രിക്കൻ വന്യതയും ഏഷ്യൻ തന്ത്രവും അമേരിക്കൻ മണ്ണിൽ മാറ്റുരയ്ക്കപ്പെടുന്ന കാലം. യു.എസിലും കാനഡയിലും മെക്സിക്കോയിലുമായിട്ടാണ് 48 ടീമുകളുടെ പോര്.

കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ടിൽ 32 ടീമുകളായിരുന്നു. ഇത്തവണ പ്രാഥമിക റൗണ്ടിൽ നാലുടീമുകൾ വീതമടങ്ങുന്ന 12 ഗ്രൂപ്പുകൾ. 104 മത്സരങ്ങൾ. ഫൈനൽ ജൂലായ് 20ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അമേരിക്കയിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ.

ആദ്യ മത്സരം

മെക്സിക്കോ Vs ദക്ഷിണാഫ്രിക്ക

(ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന്)

ലാസ്റ്റ് ഡാൻസ്

ഇതിഹാസ താരങ്ങളായ മെസി, റൊണാൾഡോ, നെയ്‌മർ, ലൂക്കാ മൊഡ്രിച്ച് എന്നിവരുടെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലും കളിച്ച നാലുപേരേയുള്ളൂ; റൊണാൾഡോ, മെസി,മൊഡ്രിച്ച്, പിന്നെ മെക്സിക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവോയും. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലും ഗോളടിച്ച ഏക താരം റൊണാൾഡോ.

സൂപ്പറാകാൻ

കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും വിസ്മയമായ ഫ്രഞ്ച് നായകൻ എംബാപ്പെ, ഇംഗ്ളണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ്, വിറ്റീഞ്ഞ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, സ്പെയ്നിന്റെ ഗാവി, റൊഡ്രി,പെഡ്രി, ജർമ്മനിയുടെ ജമാൽ മുസൈല തുടങ്ങി നിലവിലെ സൂപ്പർ സ്റ്റാറുകൾകൂടി കളം വാഴാനെത്തുന്നതോടെ കളി കടുക്കും.

അരങ്ങേറ്റക്കാരുടെ കരുത്ത്

ഫ്രാൻസിന്റെ 20കാരൻ മിഡ്ഫീൽഡർ വാറൻ സെയ്ർ എംറി, ബ്രസീലിന്റെ 19കാരൻ എൻഡ്രിക്ക്. ഇംഗ്ളണ്ടിന്റെ ലെഫ്റ്റ്ബാക്ക് നിക്കോ ഒറെയ്‌ലി, ജർമ്മനിയുടെ കാൾ ലെന്നാട്ട്, സ്പെയ്നിന്റെ പൗ കുബാർസി,മൊറോക്കോയുടെ അയ്യൂബ് ബുവാദി, ഷംസുദീൻ തൽബി, ഐവറി കോസ്റ്റിന്റെ യാൻ ഡയമണ്ടെ, ജപ്പാന്റെ കെയ്സുക്കെ ഗോട്ടോ, ഇക്വഡോറിന്റെ കെൻഡ്രി പെയേസ്,അൾജീരിയയുടെ ഇബ്രാഹിം മാസ തുടങ്ങി യുവപ്രതിഭകളുടെ അരങ്ങേറ്റം ഈ ലോകകപ്പിനെ ആവേശകരമാക്കും.

തഹ്‌സിൻ, മലയാളിത്തിളക്കം

ഖത്തർ ടീമിലെ തഹ്‌സിൻ മുഹമ്മദ് ജംഷീദ് ലോകകപ്പിൽ ബൂട്ടണിയുന്ന ആദ്യ മലയാളിയാകും. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബാൾ താരമായിരുന്ന ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനായ ഈ 19കാരൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിൽ.

ഇന്ത്യൻ വംശജർ വേറേയും

ന്യൂസിലാൻഡ് ടീമിലുള്ള സർപ്രീത് സിംഗിന്റെ മാതാപിതാക്കൾ പഞ്ചാബുകാരാണ്. ന്യൂസിലാൻഡ് ടീമിലെ നിഷാൻ വേലുപ്പിള്ളയുടെ പൂർവികരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കോംഗോ ടീമിലെ സാമുവേൽ മുത്തുസ്വാമിയുടെ പൂർവികർ തമിഴ്നാട്ടുകാരാണ്. പോർച്ചുഗൽ ഗോളി ഡീഗോ കോസ്റ്റയുടെ പൂർവികർക്ക് ഗോവൻ ബന്ധമുണ്ട്. 2006 ലോകകപ്പിൽ ഫ്രഞ്ച് ടീമിനായി കളിച്ച വികാഷ് ദൊരാസോയാണ് ലോകകപ്പിലെ ആദ്യ ഇന്ത്യൻ വംശജൻ. വികാഷിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് കുടിയേറിയ തമിഴ്നാട്ടുകാരായിരുന്നു.

ഇത്തിരിക്കുഞ്ഞന്മാരും

1.85 ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപ് കുറാസാവോയും അഞ്ചേകാൽ ലക്ഷത്തോളം ജനസംഖ്യയുള്ള കേപ് വെർദേയും ലോകകപ്പിലുണ്ട്. ഉസ്ബക്കിസ്ഥാന്റേയും ജോർദാന്റേയും ആദ്യ ലോകകപ്പാണിത്. അതേസമയം നാലുതവണ കപ്പുയർത്തിയ ഇറ്റലി 2014ന് ശേഷം ലോകകപ്പ് കളിച്ചിട്ടില്ല.

ഗ്രൂപ്പ് എ

മെക്സിക്കോ

ദക്ഷിണാഫ്രിക്ക

ദക്ഷിണകൊറിയ

ചെക് റിപ്പ്ളബിക്

ഗ്രൂപ്പ് ബി

കാനഡ

ബോസ്നിയ

ഖത്തർ

സ്വിറ്റ്സർലാൻഡ്

ഗ്രൂപ്പ് സി

ബ്രസീൽ

മൊറോക്കോ

ഹെയ്തി

സ്കോട്ട്‌ലാൻഡ്

ഗ്രൂപ്പ് ഡി

യു.എസ്.എ

പരാഗ്വേ

ഓസ്ട്രേലിയ

തുർക്കി

ഗ്രൂപ്പ് ഇ

ജർമ്മനി

കുറസാവോ

ഇക്വഡോർ

ഐവറി കോസ്റ്റ്

ഗ്രൂപ്പ് എഫ്

നെതർലാൻഡ്സ്

ജപ്പാൻ

സ്വീഡൻ

ടുണീഷ്യ

ഗ്രൂപ്പ് ജി

ബെൽജിയം

ഈജിപ്ത്

ഇറാൻ

ന്യൂസിലാൻഡ്

ഗ്രൂപ്പ് എച്ച്

സ്പെയ്ൻ

കേപ്‌വെർദേ

സൗദി അറേബ്യ

ഉറുഗ്വേ

ഗ്രൂപ്പ് ഐ

ഫ്രാൻസ്

സെനഗൽ

ഇറാഖ്

നോർവേ

ഗ്രൂപ്പ് ജെ

അർജന്റീന

അൾജീരിയ

ഓസ്ട്രിയ

ജോർദാൻ

ഗ്രൂപ്പ് കെ

പോർച്ചുഗൽ

കോംഗോ

ഉസ്ബക്കിസ്ഥാൻ

കൊളംബിയ

ഗ്രൂപ്പ് എൽ

ഇംഗ്ളണ്ട്

ക്രൊയേഷ്യ

ഘാന

പാനമ

ലൈവ് : യുണൈറ്റ് 8 സ്പോർട്സ് ചാനലുകളിലും സീ ഫൈവിലും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360