
ഖത്തറിലെ ലുസൈലിൽ ലയണൽ മെസി പൂർണതയിലേക്കും അർജന്റീന മൂന്നാം ലോകകപ്പിലേക്കും നടന്നു കയറിയ ആ സുന്ദര രാത്രിക്ക് ശേഷം, പ്രപഞ്ചം വീണ്ടും ഒരു പന്തായി മാറുന്നു. മൂന്നര വർഷത്തിനിപ്പുറം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിൽ ഒന്നായ ഫിഫ ലോകകപ്പിന്റെ പുത്തൻ പതിപ്പിന് ഇന്ന് രാത്രി മെക്സിക്കോ സിറ്രിയിലെ ആസ്ടെക്ക സ്റ്രേഡിയത്തിൽ കിക്കോഫ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടങ്ങുന്ന ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെ കാൽപ്പന്തിന്റെ ലോക കാർണിവലിന് തുടക്കമാകും. ഇനിയുള്ള 39 ദിവസത്തേക്ക് ലോകത്തിന്റെ കണ്ണും കാതും ഹൃദയവും യു.എസ്.എയിലേക്കും കാനഡയിലേക്കും,മെക്സിക്കോയിലേക്കും കൂർപ്പിച്ചുവയ്ക്കും, ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പാണിത്. ഏറ്റവും കൂടുതൽ രാജ്യങ്ങളും കളിക്കാരും പങ്കെടുക്കുന്ന ടൂർണമെന്റും ഇതു തന്നെ.
ഉദ്ഘാടന മഹാമഹം
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് ആതിഥേയരാജ്യങ്ങളിലും ഉദ്ഘാടനച്ചടങ്ങുകൾ നടക്കും, ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 10.30 ഓടെയാണ് മെക്സിക്കോ സിറ്റി സ്റ്രേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ അരങ്ങേറുക. ഇത്തവണത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ്‌യുടെ പിന്നണി പ്രവർത്തകരായ ഷക്കീറയും ബർണ ബോയിയുമെല്ലാം പരിപാടികൾ അവതരിപ്പിക്കും.
കാനഡ വേദിയാകുന്ന ഉദ്ഘാടനച്ചടങ്ങ് നാളെ രാത്രിയാണ്. കാനഡയും ഹോസ്‌നിയയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ടൊറാന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കനേഡിയൻ ഗായകരായ മൈക്കിൾ ബുൾബെ, അലാനിസ് മോറിസ്സെറ്രെ, മലയാളത്തിലും അഭിനയിച്ചിട്ടുള്ള നടി നോറ ഫത്തേഹി എന്നിവരെല്ലാം അണിനിരക്കും,
യു.എസ്.എയിലെ ഉദ്ഘാടനച്ചടങ്ങുകൾ ലോസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലാണ്. യു.എസ്.എയും പരാഗ്വെയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നടക്കുന്ന പരിപാടിയിൽ കാത്തി പെറി, അനിറ്റ എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ.
മെക്സിക്കൻ തിരമാലയും ബഫാന ബഫാനയും
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിലെ ആദ്യ ജയമെന്ന ലക്ഷ്യവുമായി ഇന്ന് രാത്രി ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ടീമുകളായ ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്രുമുട്ടം. ചരിത്ര പ്രസിദ്ധമായ ആസ്ടെക്ക സ്റ്റേഡിയമാണ് മത്സരവേദി. മെക്സിക്കോ ആതിഥേയരെന്ന നിലയിൽ നേരിട്ട് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചപ്പോൾ. ആഫ്രിക്കൻ മേഖലയിലെ യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് സിയിലെ ചാമ്പ്യൻമാരായാണ് ദക്ഷിണാഫ്രിക്ക ഇത്തവണ ലോകകപ്പിന് ടിക്കറ്രെടുത്തത്. കരുത്തരായ നൈജീരിയയെ ഉൾപ്പെടെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
നോട്ട് ദ പോയിന്റ്
2010ൽ തങ്ങൾ ആതിഥേയത്വം വഹിച്ച ലോകകപ്പിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്.
2010ലെ ഉദ്ഘാടന മത്സരത്തിലും മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഏറ്രുമുട്ടിയത്. ആ മത്സരം 1-1ന്റെ സമനിലയിലാണ് അവസാനിച്ചത്.
ദക്ഷിണാഫ്രിക്കയുടെ നാലാം ലോകകപ്പാണിത്.
മെക്‌സിക്കോയുടെ 18-ാം ലോകകപ്പാണിത്, തുടർച്ചയായ 8-ാമത്തേതും.
ഇത് എട്ടാം തവണയാണ് മെക്സിക്കോ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കളിക്കുന്നത്. ഏറ്രവും കൂടുതൽ ഉദ്ഘാടന മത്സരങ്ങൾ കളിച്ച ടീമും മെക്സിക്കോയാണ്.
രണ്ട് ടീമും ഇതുവരെ നാല് മത്സരങ്ങളിൽ മുഖാമുഖം വന്നിട്ടുണ്ട്. രണ്ടെണ്ണത്തിൽ മെക്സിക്കോ ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു വിജയം. ഒരു മത്സരം സമനിലയായി.
എ.സി മിലാൻ സ്ട്രൈക്കർ സാന്റിയാഗോ ജിമിനെസ്. മിഡ്ഫീൽഡർമാരായ എഡിസൺ അൽവാരെസ്,എൽവാരോ ഫിഡെൽഗോ,ഗിൽബർട്ടോ മോറ എന്നിവരാണ് മെക്സിക്കോയുടെ തുറുപ്പ് ചീട്ടുകൾ. മുൻ ലോകകപ്പുകളിൽ തിളങ്ങിയ വെറ്റ്‌റൻ ഗോൾകീപ്പർ ഗ്വിലെർമോ ഒച്ചോവ കളത്തിലിറങ്ങുമോയെന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നു.
ബേൺലിയുടെ സ്ട്രൈക്കർ ലൈൽ ഫോസ്റ്റർ,ഗോൾകീപ്പർ റോൺവെൻ വില്യംസ്, വിംഗർ ഓസ്‌വിൻ അപ്പോളിസ്, മിഡ്ഫീൽഡർ ടെബോഹോ മൊക്കേന എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മിന്നും താരങ്ങൾ.
നാളെ ഇന്ത്യൻ സമയം രാവിലെ 7.30ന് തുടങ്ങുന്ന ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണകൊറിയയും ചെച്ചിയയും തമ്മിൽ ഏറ്രുമുട്ടും.
അർജന്റീനയും
മെസിയും സെറ്റ്
അലബാമ (യു.എസ്): ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമായിരുന്ന ഐസ്ലാൻഡിനെതിരായ സൗഹൃദ മത്സരത്തിൽ 3-0ത്തിന്റെ ജയംനേടി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന.ടീമിലേക്ക് തിരിച്ചെത്തിയ നായകൻ ലയണൽ മെസി കളത്തിലിറങ്ങി മിനിട്ടുകൾക്കകം ഗോൾ നേടി ജോർദാൻ ഹയർ സ്റ്റേഡിത്തിലേക്ക് ഒഴുകിയെത്തിയ 85,000ത്തോളം കാണികളെ ആവേശത്തിലാറാടിച്ചു. ഹോണ്ടുറാസിനെതിരായ സന്നാഹ മത്സരത്തിൽ കളിക്കാതിരുന്ന മെസി ഐസ്ലാൻഡിനെതിരെ 69-ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെ ഐസ്ലാൻഡ് ഗോളി ഒലെഫ്സ്സൺ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മെസി, മെസി എന്ന ആരാധകരുടെ ആർപ്പുവിളികൾ കാലുകളിൽ ആവാഹിച്ച ഇതിഹാസതാരം അനായാസമായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഗാലറി പൊട്ടിത്തെറിച്ചു. മത്സരത്തിൽ അർജന്റീനയുടെ രണ്ടാം ഗോളായിരുന്നു ഇത്. 86-ാം മിനിട്ടിൽ തിയാഗോ അൽമേഡ നേടിയ മൂന്നാം ഗോളിൽ റോഡ്രിഗോ ഡി പോളിനൊപ്പം മെസിയിടേയും കാലൊപ്പുണ്ടായിരുന്നു. നേരത്തേ 8-ാം മിനിട്ടിൽ വാലന്റിൻ ബാർകോയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്.ഇതോടെ സന്നാഹ മത്സരങ്ങളിലെല്ലാം ഗംഭീര വിജയം നേടിയ അർജന്റീന തുടർച്ചയായ ഏഴാം ജയവുമായാണ് ലോകകപ്പ് നിലനിറുത്താൻ ബൂട്ടുകെട്ടുന്നത്.
117-മെസിയുടെ 117-ാം അന്താരാഷ്ട്ര ഗോളായിരുന്നു മത്സരത്തിലേത്. അർജന്റീനയ്ക്കായി ഗോൾ നേടുന്ന ഏറ്രവും പ്രായമേറിയ താരമെന്ന റെക്കാഡും മെസി സ്വന്തമാക്കി.
ലോകചാമ്പ്യന്മാർ ഇതുവരെ
1930- ഉറുഗ്വെ
1934- ഇറ്റലി
1938-ഇറ്രലി
1950- ഉറുഗ്വെ
1954-ജർമ്മനി
1958-ബ്രസീൽ
1962-ബ്രസീൽ
1966- ഇംഗ്ലണ്ട്
1970-ബ്രസീൽ
1974-ജർമ്മനി
1978-അർജന്റീന
1982-ഇറ്റലി
1986-അർജന്റീന
1990-ജർമ്മനി
1994-ബ്രസീൽ
1998- ഫ്രാൻസ്
2022-ബ്രസീൽ
2026- ഇറ്റലി
2010- സ്‌പെയിൻ
2014-ജർമ്മനി
2018- ഫ്രാൻസ്
2022- അർജന്റീന
ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് - ബ്രസീൽ 5 തവണ, ഇറ്റലിയും ജർമ്മനിയും 4 തവണ വീതം ലോകകപ്പ് നേടി
8-ഇതുവരെ 8 രാജ്യങ്ങളാണ് ഫിഫ ലോകകപ്പ് നേടിയിട്ടുള്ളത്.
3-ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കിരീട നേട്ടങ്ങളിൽ പങ്കാളിയായത് ബ്രസീലിന്റെ ഇതിഹാസം പെലെ (3 ലോകകപ്പ് നേടി, 1958,1962,1970)
16- ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ജർമ്മനിയുടെ മിറാസ്ലാവ് ക്ലോസെയാണ്. 2002 മുതൽ 14വരെയുള്ള ലോകകപ്പുകളിൽ നിന്നായി ക്ലോസെ 16 ഗോളുകൾ നേടി.
26- ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത് ലയണൽ മെസിയാണ്. 26 മത്സരങ്ങൾ.
2- ടീമുകൾക്ക് മാത്രമേ ഇതുവരെ ലോകകപ്പ് നിലനിറുത്താനായിട്ടുള്ളൂ.1958ലും 62ലും ബ്രസീലിനും 1934ലും 38ലും ഇറ്റലിയ്ക്കും.
6- ലോകചാമ്പ്യന്മാരെന്ന പകിട്ടിലെത്തി അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് 6 ടീമുകളാണ്,
6-അർജന്റീനൻ നായകൻ മെസി, പോർച്ചുഗീസ് കപ്പിത്താൻ ക്രിസ്റ്ര്യാനൊ റൊണാൾഡോ, മെക്സിക്കൻ ഷോട്ട് സ്റ്റോപ്പർ ഗ്വില്ലർമോ ഒച്ചോവ എന്നിവർക്ക് ഇത് ആറാം ലോകകപ്പാണ്
2720- ഇതുവരെ നടന്ന 22 ലോകകപ്പ് എഡിഷനുകളിലായി പിറന്നത് 2720 ഗോളുകളാണ്. 964 മത്സരങ്ങളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |