
തിരുവനന്തപുരം : ഈ വർഷം നടക്കുന്ന കോമൺവെത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യ ചരിത്രത്തിലെതന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. അയ്ച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ പ്രചരണാർത്ഥം നടത്തിയ ഫൺ റണ്ണിൽ പങ്കെടുക്കാനെത്തിയ ഉഷ ഏഷ്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഹാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അത്‌ലറ്റിക്സിൽ ഉൾപ്പടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഇക്കുറി അയ്ച്ചി നഗോയയിൽ അതിലേറെ മികവ് കാട്ടാനാകും. മികച്ച സംഘത്തെതന്നെ ജപ്പാനിലേക്ക് അയയ്ക്കും. ഏഷ്യയിലെ കായികശക്തിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുകയാണെന്നും ഉഷ പറഞ്ഞു. അയ്ച്ചി നഗോയയിൽ ആദ്യമായി ജപ്പാൻ ഒരുക്കുന്ന കണ്ടെയ്നർ കപ്പിലിലെ ഗെയിംസ് വില്ലേജ് ഇന്ത്യൻ താരങ്ങൾക്ക് പുതിയ അനുഭവമാകുമെന്നും ഉഷ പറഞ്ഞു.
ഓരോ ഏഷ്യൻ ഗെയിംസിന് മുന്നോടിയായും ഫൺ റൺ വിവിധ രാജ്യങ്ങളിൽ നടക്കാറുണ്ടെങ്കിലും ഇന്ത്യ ആദ്യമായാണ് ആതിഥ്യം വഹിക്കുന്നതെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനോദ് തിവാരി പറഞ്ഞു. ഇന്ത്യയിലെ ഏകവേദിയായി കേരളത്തെ തിരഞ്ഞെടുത്തത് പി.ടി ഉഷയുടെ ആഗ്രഹപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടർ മനാമി ഒകുമുറ, ഏഷ്യൻ ഗെയിംസ് ഓർഗനൈസിംഗ് കമ്മിറ്റി പ്രതിനിധി യോഷിയാക്കി തഗുച്ചി ,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഘുറാം അയ്യർ,കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |