SignIn
Kerala Kaumudi Online
Friday, 07 August 2026 2.18 AM IST

സന്നാഹം ഇന്ന് തുടങ്ങും

cricket

ആദ്യ ടെസ്റ്റ് ശനിയാഴ്ച മുതൽ

കൊളംബോ : ശ്രീലങ്കയിൽ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്നുമുതൽ ശ്രീലങ്കൻ ഇലവനുമായി ത്രിദിന സന്നാഹമത്സരത്തിനിറങ്ങും.കൊളംബോയിലെ നോൺഡിസ്‌ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന 15 അംഗ ടീം കളിക്കാനിറങ്ങുന്നത്. പരിശീലന മത്സരമായതിനാൽ ടീമിലെ 15 പേർക്കും കളിക്കാൻ അവസരം ലഭിക്കും.ശനിയാഴ്ച ഗോളിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ജൂണിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്.ദുർബലരായ എതിരാളികളെ ഇന്നിംഗ്സിനും 300 റൺസിനുമാണ് തോൽപ്പിച്ചത്. ഈ വർഷം ഇന്ത്യ കളിച്ച ഏക ടെസ്റ്റും ഇതാണ്. പക്ഷേ ഈ മത്സരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിരുന്നില്ല.

ബൗളിംഗ് ആൾറൗണ്ടർ സൊനാൽ ദിനുഷയാണ് ലങ്കൻ ഇലവനെ നയിക്കുന്നത്.ശ്രീലങ്കൻ ടെസ്റ്റ് താരങ്ങളായ വിശ്വ ഫെർണാണ്ടോ,രമേഷ് മെൻഡിസ്,ലാഹിരു കുമാര,ഇസിത വിജേസുന്ദര,നിഷാൻ ഫെർണാണ്ടോ തുടങ്ങിയവർ അടങ്ങിയതാണ് ലങ്കൻ ഇലവൻ.

ഗംഭീറിന് നിർണായകം

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് നിർണായകമാണ് ഈ ടെസ്റ്റ് പരമ്പര. ഗംഭീറിന് കീഴിൽ ഏകദിന, ട്വന്റി-20 ലോകകപ്പുകൾ നേടിയെങ്കിലും ടെസ്റ്റിൽ അത്ര മികച്ച നിലയല്ല. ഗംഭീറിന് കീഴിൽ കളിച്ച 19 ടെസ്റ്റുകളിൽ 10ലും ഇന്ത്യ തോറ്റു. ഏഴ് വിജയങ്ങളും രണ്ട് സമനിലകളും. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോടും ദക്ഷിണാഫ്രിക്കയോടും സമ്പൂർണ പരാജയങ്ങളും ഏറ്റുവാങ്ങി.

പിച്ചിൽ പുല്ല്

ഇന്ന് പരിശീലനമത്സരത്തിന് വേദിയാകുന്ന കൊളംബോയിലെ നോൺഡിസ്‌ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലെ പിച്ചിൽ പുല്ല് കൂടുതലാണെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് . ഇക്കാര്യം ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചെങ്കിലും ത്രിദിന മത്സരത്തിന് സാധാരണ തങ്ങൾ ഒരുക്കുന്ന പിച്ചിൽ ഇത്രയും പുല്ലുണ്ടാകുമെന്നായിരുന്നു മറുപടി.

ഇന്ത്യൻ ടീം

ശുഭ്മാൻ ഗിൽ(ക്യാപ്ടൻ),കെ.എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ,യശസ്വി ജയ്സ്വാൾ, സായ് സുദർശൻ,റിഷഭ് പന്ത്, രവീന്ദ്ര ജഡേജ,ധ്രുവ് ജുറേൽ,കുൽദീപ് യാദവ്,സാരാംശ് ജെയിൻ,പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്,ആക്വിബ് നബി, മാനവ് സുതർ,ഗുർനൂർ ബ്രാർ.

10 am മുതൽ സോണി സ്പോർട്സിലും സോണി ലിവിലും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360