
ആദ്യ കിരീടം തേടി ട്രിവാൻഡ്രം റോയൽസ്
ആദ്യ സീസണിൽ സെമിയിൽ വീണു. രണ്ടാം സീസണിൽ സെമിക്കുമുന്നേ വീണു. മൂന്നാമൂഴത്തിലെങ്കിലും കെ.സി.എൽ കിരീടം നേടണമെന്ന പ്രതിജ്ഞയിലാണ് ട്രിവാൻഡ്രം റോയൽസ് ടീം. പുതിയ പരിശീലകൻ അഭിഷേക് മോഹനും പഴയ നായകൻ കൃഷ്ണപ്രസാദും ചേരുമ്പോൾ ടീമിന്റെ തലവിധി മാറ്റിക്കുറിക്കാമെന്ന ഉറച്ച പ്രതീക്ഷ സംവിധായകൻ പ്രിയദർശനും തെന്നിന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷുമടങ്ങുന്ന ടീമുടമകൾക്കുമുണ്ട്.
താരലേലത്തിൽ മുഴുവൻ തുകയും ചെലവിട്ട് ബാറ്റിംഗിലും ബൗളിംഗിലും ശക്തമായ ഒരു ടീമിനെയാണ് റോയൽസ് ഇക്കുറി കളത്തിലിറക്കുന്നത്. കൃഷ്ണപ്രസാദും വിഷ്ണു വിനോദും ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറും അണിനിരക്കു ന്നതാണ് ബാറ്റിംഗ് നിര.കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയടക്കം 479 റൺസ് നേടിയ കൃഷ്ണപ്രസാദ് ആയിരുന്നു ലീഗിലെ ടോപ് സ്കോറർ.ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്സ് സംഘത്തിലുണ്ടായിരുന്ന വിഷ്ണു വിനോദുകൂടിയെത്തുമ്പോൾ വീര്യം കൂടും. കേരളത്തിലെ ഏറ്റവും മികച്ച യുവബാറ്റർമാരിൽ ഒരാളായ ഗോവിന്ദ് ദേവ് കഴിഞ്ഞ രണ്ട് സീസണിലും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
വൈസ് ക്യാപ്ടൻ കൂടിയായ മുൻ കേരള ക്യാപ്ടൻ സിജോമോൻ ജോസഫ്, എം നിഖിൽ, കെ അജീഷ് എന്നിവരാണ് പ്രധാന ആൾറൗണ്ടർമാർ.വിക്കറ്റ് കീപ്പർമാരായി വിഷ്ണു വിനോദിനൊപ്പം ഉജ്വൽ കൃഷ്ണ, ഭരത് സൂര്യയുമുണ്ടാകും.ബേസിൽ എൻ.പി, സി.വി വിനോദ് കുമാർ, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവരടങ്ങുന്ന പേസ് നിരയും സ്പിന്നർ വി അജിത്തുമാണ് ബൗളിംഗിലെ കുന്തമുനകൾ.
പരിശീലനം തകൃതി
റോയൽസിന്റെ പരിശീലന ക്യാമ്പ് തുമ്പ സെന്റ് സേവ്യേഴ്സ് - കെ.സി.എ ഗ്രൗണ്ടിലാണ് നടക്കുന്നത്. ഇൻഡോർ നെറ്റ്സ് സെഷൻ വട്ടപ്പാറ ടി സ്പോർട്സ് ഹൈ പെർഫോമൻസ് സെന്ററിലാണ്.
ആദ്യ മത്സരം
ആഗസ്റ്റ് 21
Vs ആലപ്പി റിപ്പിൾസ്
കഴിഞ്ഞ രണ്ട് സീസണുകളിലും റോയൽസിന്റെ പരിശീലകസംഘത്തിലുണ്ടായിരുന്നു. വിഷ്ണുവിനോദ് ഉൾപ്പടെയുള്ള മികച്ച താരങ്ങളുടെ വരവ് ടീമിന് കൂടുതൽ ശക്തി പകർന്നിട്ടുണ്ട്.
- അഭിഷേക് മോഹൻ, ഹെഡ് കോച്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |