SignIn
Kerala Kaumudi Online
Saturday, 18 July 2026 2.08 AM IST

ലാസ്റ്റ് ബാൾ

cricket

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സിന് അന്ത്യാഞ്ജലി


ബാർബഡോസ് : ക്രിക്കറ്റിനെ കരീബിയൻ കരുത്ത് കാൽക്കീഴിലാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് മുടിചൂടാന്നന്മാരായിരുന്ന വിൻഡീസിനെ നയിച്ച, ബാറ്റുകൊണ്ടും ബാളുകൊണ്ടും വിസ്മയം തീർത്ത ഒരു ഇടംകയ്യനെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ പറഞ്ഞു - '' ഞാൻ കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർ"". ഏത് ബൗളറെയും അതിർത്തിവരയ്ക്കപ്പുറത്തേക്ക് കടത്താനും ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാനുമുള്ള കഴിവ്, ഇടതുകൈകൊണ്ട് പേസും സ്പിന്നും ഒരുപോലെറിയുവാനുള്ള മികവ്, ഏത് പൊസിഷനിലും ഫീൽഡ് ചെയ്യാനുള്ള പ്രാവീണ്യം. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാനുള്ള ശേഷി ഇതൊക്കെയായിരുന്നു ഗാർഫീൽഡ് സോബേഴ്സ് എന്ന ഗാരി സോബേഴ്സിനെ ലോകം വാഴ്ത്താൻ കാരണം.

കരീബിയൻ ദ്വീപായ ബാർബഡോസിൽ ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട സോബേഴ്സിനെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. അത്‌ലറ്റിക്സും ഫുട്ബാളുമൊക്കെയുണ്ടായിരുന്നെങ്കിലും ക്രിക്കറ്റായിരുന്നു സോബേഴ്സിന്റെ ഇഷ്ടകായിക ഇനം. 16-ാം വയസിൽ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറി. 21-ാം വയസിൽ അരങ്ങേറ്റ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടി. ഇന്നും ടെസ്റ്റിലെ ഏറ്റവും പ്രായംകുറഞ്ഞ ട്രിപ്പിൾ സെഞ്ച്വറിക്കുടമ സോബേഴ്സാണ്.1965ലാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻസി ഏറ്റെടുത്തത്. ലോകോത്തര ബാറ്റർമാരും പേസർമാരും നിറഞ്ഞ ആ ടീമിനെ നയിക്കാൻ ബാറ്റിംഗിലും ബൗളിംഗിലും ഇത്രമേൽ പ്രാവീണ്യം നേടിയ മറ്റാരമുണ്ടായിരുന്നില്ല. വിശ്വജേതാക്കളായി കരീബിയൻ ടീം ലോകത്തെ വിറപ്പിച്ചപ്പോൾ പതറാത്ത നായകനായി സോബേഴ്സ് ആൾറൗണ്ടർ എന്ന പദത്തിന് പര്യായമായി മാറി.ഇംഗ്ളീഷ് കൗണ്ടിൽ ഗ്ളമോർഗന്റെ മാൽക്കം നാഷിനെ ഒരോവറിൽ ആറുസിക്സറുകൾക്ക് പായിച്ചപ്പോഴോ , റെക്കാഡുകൾ ഓരോന്നായി തിരുത്തിക്കുറിച്ചപ്പോഴോ അഹങ്കരിച്ചില്ല. റെക്കാഡുകളിലല്ല ടീമിന്റെ വിജയത്തിലാണ് കാര്യമെന്ന് പറഞ്ഞ് വിനീതനായി.

1970ൽ വർണവെറി നിലനിന്നിരുന്ന റൊഡേഷ്യയിൽ ( ഇന്നത്തെ സിംബാബ്‌വേ) കളിക്കാൻ പോയ സോബേഴ്സിനെ വിൻഡീസ് ക്യാപ്‌ൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മുറവിളിയുണ്ടായി. എന്നാൽ താൻ ക്രിക്കറ്റ് കളിക്കാൻ മാത്രമാണ് പോയതെന്നും അതിത്ര വലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നെന്നും കരീബിയൻ ബോർഡിന് കത്തുനൽകി സോബേഴ്സ് ക്യാപ്ടൻസി നിലനിറുത്തി.

പ്രായാധിക്യത്തിലും ക്രിക്കറ്റ് ഗ്രൗണ്ടുകളെ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന സോബേഴ്സ് ഇന്ത്യൻ ക്രിക്കറ്റ് ടീം വിൻഡീസ് പര്യടനത്തിനെത്തുമ്പോൾ സച്ചിനെയും രോഹിതിനെയും വിരാട് കൊഹ്‌ലിയേയുമൊക്കെ കാണാനെത്തുന്നത് പതിവായിരുന്നു. ജീവിതാന്ത്യം വരെ ക്രിക്കറ്റിനെ സ്നേഹിച്ച ആ മഹാപ്രതിഭ ലാസ്റ്റ് ബാളും കഴിഞ്ഞ് ഓർമ്മയുടെ ഗാലറിയിലേക്ക് മടങ്ങിയിരിക്കുന്നു.

1954 മുതൽ 1974 വരെ 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 57.78 ശരാശരിയിൽ 8032 റൺസ് . 23 സെഞ്ച്വറികളും 30 അർദ്ധസെഞ്ച്വറികളും. 235 ടെസ്റ്റ് വിക്കറ്റുകൾ.

ഒരേയൊരു ഏകദിന ക്രിക്കറ്റ് മത്സരം മാത്രമാണ് സോബേഴ്സ് കളിച്ചത്. അതിൽ ഒരു വിക്കറ്റ് വീഴ്ത്തി.

1958ൽ പാകിസ്ഥാനെതിരെ ടെസ്റ്റിൽ സോബേഴ്സ് നേടിയ 365 റൺസ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി നിലനിന്നത് 36 വർഷമാണ്. 1994ൽ ഇംഗ്ളണ്ടിനെതിരെ 375 റൺസ് നേടി മറ്റൊരു വെസ്റ്റ് ഇൻഡീസുകാരൻ ബ്രയാൻ ലാറയാണ് ആ റെക്കാഡ് തകർത്തത്.

1968ൽ നോട്ടിംഗ്ഹാംഷയറിനായി ഇംഗ്ളീഷ് കൗണ്ടിയിൽ കളിക്കുമ്പോൾ ഗ്ളമോർഗനെതിരെ ഒരോവറിലെ ആറുപന്തുകളും സിക്സ് പറത്തി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ റെക്കാഡ് സൃഷ്ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360