SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.09 AM IST

ചെസിൽ ചരിത്രനേട്ടവുമായി കല്യാണി

photo

ദേശീയ ചെസ് റാങ്കിംഗിൽ കല്യാണി സിരിൻ ആറാം സ്ഥാനത്ത്

2400 ഫിഡേ റേറ്റിംഗ് പോയിന്റ് പിന്നിടുന്ന ആദ്യ മലയാളി വനിത

തൃശൂർ :ഇന്ത്യൻ വനിതാ ചെസ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്കുയർന്ന് മലയാളി താരം കല്യാണി സിരിൻ. ഇന്നലെ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) പുറത്തുവിട്ട റാങ്ക് പട്ടികയിലാണ് തൃശൂർ കൊടുങ്ങല്ലൂരുകാരിയായ കല്യാണി ടോപ് ടെന്നിനുള്ളിലെത്തിയ ആദ്യമലയാളി വനിതയായത്. ഫിഡെ റേറ്റിംഗിൽ 2401 പോയിന്റ് നേടിയതോടെ 2400 റേറ്റിംഗ് പിന്നിടുന്ന ആദ്യ മലയാളി വനിതാ ചെസ് താരമെന്ന നേട്ടവും കുറിച്ചു.

യൂറോപ്പിൽ നടന്ന അന്താരാഷ്ട്ര ഓപ്പൺ ചെസ് ടൂർണമെന്റുകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കല്യാണി തന്റെ ആദ്യ വനിതാ ഗ്രാൻഡ് മാസ്റ്റർ നോം സ്വന്തമാക്കിയിരുന്നു. വനിതാ ഗ്രാൻഡ് മാസ്റ്റർ ആദ്യ നോം നേടുന്ന പ്രഥമ മലയാളി കൂടിയാണ്. കേരളത്തിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്റർ എന്ന പദവിയും കല്യാണിയുടെ പേരിലുണ്ട്. 2023ൽ കേരള വനിതാ ചാമ്പ്യനായ കല്യാണി, 2024ലെ കോമൺവെൽത്ത് മത്സരങ്ങളിൽ അണ്ടർ- 20 പെൺകുട്ടികളുടെ ക്ലാസിക്, റാപിഡ് വിഭാഗങ്ങളിലും വനിതാ ബ്ലിറ്റ്‌സിലും സ്വർണം നേടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനും അർഹയായിട്ടുണ്ട്. ടീം ചാമ്പ്യൻഷിപ്പുകളിൽ എയർപോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യക്കായി കളിക്കുന്ന കല്യാണി 2025ലെ ദേശീയ ടീം ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു.

സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് വർഷം സബ് ജൂനിയർ ചാമ്പ്യനായതോടെയാണ് ശ്രദ്ധേയായത്. രഘുനാഥൻ മേനോന്റെയും ഇ.പി. നിർമ്മലിന്റെയും ശിക്ഷണത്തിൽ ചെസ് പരിശീലനം ആരംഭിച്ച കല്യാണി പിന്നീട് ഗ്രാൻഡ് മാസ്റ്റർമാരായ ജി.എ. സ്റ്റാനി , സ്വയംസ് മിശ്ര എന്നിവരുടെ കീഴിലും പരിശീലനം നടത്തിയിരുന്നു. കൊടുങ്ങല്ലൂർ നഗരസഭാ മുൻ ചെയർമാൻ പരേതനായ വി.കെ. ഗോപിയുടെ മകനും സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ സിരിന്റെയും കുഴൂർ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപിക കെ.വി. ധന്യയുടെയും മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360