
തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേടി. 51 പന്തുകളിൽ അഞ്ചു ഫോറുകളും 10 സിക്സുകളുമടക്കം പുറത്താകാതെ 109 റൺസ് നേടിയ ജോബിന്റെ മികവിൽ ആദ്യം ബാറ്റുചെയ്ത കൊച്ചി നിശ്ചിത 20 ഓവറിൽ 242/4 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ റിപ്പിൾസ് 18.4 ഓവറിൽ 173 റൺസിന് ആൾഔട്ടായി. ഈ മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പി സെമിഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. വിജയിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരായ കൊച്ചിക്ക് സെമിയിലേക്ക് കടക്കാൻ സാദ്ധ്യതയില്ല.
ഈ സീസണിലെ ആറാമത്തെ സെഞ്ച്വറിയാണ് ഇന്നലെ ജോബിന്റെ ബാറ്റിൽ നിന്ന് പിറന്നത്. വിപുൽ ശക്തി (39), മനു കൃഷ്ണൻ (31), ആഷിക്ക് (31) എന്നിവർ ജോബിന് നൽകിയ പിന്തുണയും ഈ സീസണിലെ ഏറ്റവും കൂടിയ സ്കോർ ഉയർത്താൻ കൊച്ചിക്ക് തുണയായി.
മറുപടിക്കിറങ്ങിയ ആലപ്പിക്ക് 14 പന്തുകളിൽ ഒരു ഫോറും നാലു സിക്സുമടക്കം 32 റൺസ് നേടിയ മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായിരുന്നു. തുടർന്ന് കെ.എ അരുൺ (59),അക്ഷയ് (22), ശ്രീരൂപ് (26) എന്നിവരുടെ വിക്കറ്റുകൾ കൂടി പോയതോടെ തോൽവി ഉറപ്പായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |