SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.17 AM IST

സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്

kcl

ഇന്നലെ തൃശൂരിനോട് തോറ്റ കൊല്ലത്തിന്റെ സെമി സാദ്ധ്യതകൾ തുലാസിൽ

തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്സിനെ നാലുവിക്കറ്റിന് തോൽപ്പിച്ച തൃശൂർ ടൈറ്റൻസ് സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി. ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 11 പോയിന്റുമായി ടൈറ്റാൻസ് ഒന്നാമതാണ്. ഒരു മത്സരം കൂടിയാണ് പ്രാഥമിക റൗണ്ടിൽ ടൈറ്റാൻസിന് ശേഷിക്കുന്നത്. ഒൻപത് കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള കൊല്ലത്തിന്റെ സെമി സാദ്ധ്യതകൾ ഇതോടെ തുലാസിലായി.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. ടൈറ്റൻസ് നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

കൊല്ലത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തുടർച്ചയായ മൂന്നാം മത്സരത്തിലും തൃശൂരിന് മികച്ച തുടക്കം നൽകി. തന്റെ അടുത്ത ഓവറിൽ സെയിലേഴ്സിന്റെ ക്യാപ്ടൻ വത്സൽ ഗോവിന്ദിനെയും (6) ശരത് തന്നെ മടക്കി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന ആനന്ദ് കൃഷ്ണന്റെ (65)ഇന്നിങ്സ് സെയിലേഴ്സിന് തുണയായി. അജിനാസിനും (13)അജു പൗലോസിനു(14)മൊപ്പം ചേർന്ന് ആനന്ദ് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി. 12-ാം ഓവറിൽ സെയിലേഴ്സ് 100 കടന്നു.

എന്നാൽ ആനന്ദ് മടങ്ങിയതോടെ കൊല്ലം വീണ്ടും തകർച്ചയിലേക്ക് നീങ്ങി. അജു പൗലോസും ഒരു റണ്ണെടുത്ത ഷറഫുദ്ദീനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. അർജുൻ വേണുഗോപാലിന്റെ(31) ഇന്നിംഗ്സാണ് സെയിലേഴ്സിന്റെ സ്കോർ 150 കടത്തിയത്. ടൈറ്റൻസിന് വേണ്ടി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടിക്കി​റ​ങ്ങിയ തൃശൂരിന് സ്കോർ 32-ൽ നിൽക്കെ കെ.ആർ. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി. പത്ത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി. 20 റൺസെടുത്ത ഷോൺ റോജറും 16 റൺസെടുത്ത സഞ്ജീവ് സതീശനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. 15 റൺസെടുത്ത എം.എസ്. അഖിൽ കൂടി മടങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 96 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. തുടർന്ന് നിഖിൽ തോട്ടത്തിലിന്റെയും (41*) എസ്. ഷാരോണിന്റെയും(18) മുഹമ്മദ് ഇനാന്റേയും (17*) ഇന്നിംഗ്സുകളാണ് ടീമിന് വിജയമൊരുക്കിയത്. ഷറഫുദ്ദീൻ എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സടക്കം നിഖിലും ഷാരോണും ചേർന്ന് 21 റൺസ് നേടി. ഇതോടെ കളിയുടെ ഗതി മാറി. തൊട്ടടുത്ത ഓവറിൽ കെ.ജി. അഖിലിനെതിരെ നിഖിൽ തോട്ടത്ത് തുടരെ ഫോറും സിക്സും നേടി. ഓവറിലെ അവസാന പന്തിൽ ഷാരോൺ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഇനാൻ അവസാന ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി ടീമിനെ വിജയത്തിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360