SignIn
Kerala Kaumudi Online
Saturday, 03 October 2026 3.52 AM IST

കാനറികൾക്ക് കാതോർത്ത് കൊൽക്കത്ത

carlo
ഇന്നലെ പത്രസമ്മേളനത്തി​നെത്തി​യ ഇന്ത്യൻ കോച്ച് ഖാലിദ് ജമീലി​നെ ചേർത്തുപിടിച്ച് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി​

തങ്ങളുടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിന് ഇന്ത്യൻ ഫുട്ബാൾ ടീം കച്ചകെട്ടുമ്പോൾ കൊൽക്കത്ത ആവേശത്തിമിർപ്പിലാണ്. ടി.വി സ്ക്രീനിൽ മാത്രം കണ്ടിരുന്ന ബ്രസീലിയൻ സൂപ്പർ താരങ്ങളാണ് കൊൽക്കത്തയു‌ടെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. വിനീഷ്യസ് ജൂനിയറും എൻഡ്രിക്കും മാർക്വിഞ്ഞോസുമൊക്കെ ഇന്നലെ പരിശീലനത്തിനി റങ്ങിയപ്പോൾ ഇന്ത്യയിലെമ്പാടും നിന്ന് വാർത്തനൽകാനെത്തിയ അഞ്ഞൂറിലധികം വരുന്ന മാദ്ധ്യമപ്പടതന്നെ മത്സരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതായി.

വ്യാഴാഴ്ച രാത്രി കൊൽക്കത്തയിലെത്തിയ ബ്രസീലിയൻ ടീം ഇന്നലെ വൈകുന്നേരം നാലുമണിയോടെ മത്സരവേദിയായ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. അതിന് മുമ്പ് ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിനാെപ്പം മാദ്ധ്യമങ്ങളെ കണ്ട ബ്രസീലിയൻ കോച്ച് കാർലോ ആഞ്ചലോട്ടി ഈ മത്സരം നിസാരമായി കാണുന്നില്ലെന്നും ലോകത്തിന് മുന്നിൽ തങ്ങളുടെ ഫുട‌്ബാൾ എന്താണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരമാണിതെന്നും പറഞ്ഞു.

ബ്രസീലിനെതിരെ കളിക്കളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കടുത്ത ആരാധകർ പോലും വിശ്വസിക്കുന്നില്ല. പക്ഷേ കഴിഞ്ഞദിവസം പാനമയെ തളച്ചതുപോലൊരു വിസ്മയം കൊൽക്കത്തയിൽ പിറന്നാൽ ലോക ഫുട്ബാളിൽ അത് അടയാളപ്പെടുത്തപ്പെടും. ആ നിമിഷത്തിനാണ് ഇന്ത്യൻ ആരാധകർ കൊതിക്കുന്നത്.

ടീമുകൾ ഇവരിൽ നിന്ന്

ബ്രസീൽ : ഹ്യൂഗോ സോസ,പെഡ്രോ മോറിസ്ക,ഒറ്റാവിയ (ഗോൾകീപ്പർമാർ),ആർതർ ഡയസ്,ഡഗ്ളസ് സാന്റോസ്, ഗബ്രിയേൽ മഗല്ലേസ്,ജെയ്ർ, മാർക്വിഞ്ഞോസ്,മാത്യൂസിഞ്ഞോ,മൗറോ ജൂനിയർ, വിറ്റോർ റെയ്സ്, വെസ്‌ലി (ഡിഫൻഡർമാർ),ആന്ദ്രേ സാന്റോസ്, ബ്രനോ ബിഡെൻ,ബ്രൂണോ ഗ്വിമേറസ്,ഡാനിലോ സാന്റോസ്, ഡഗ്ളസ് ലൂയിസ്, ഗബ്രിയേൽ ബോണ്ടെംപോ ( മിഡ്ഫീൽഡേഴ്സ്),എൻഡ്രിക്ക്,എസ്റ്റീവോ,ഗബ്രിയേൽ മാർട്ടിനെല്ലി,പെഡ്രോ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ(സ്ട്രൈക്കർമാർ).

ഇന്ത്യ : ഗുർപ്രീത് സിംഗ് സന്ധു, അൽബിനോ ഗോമസ്,പ്രഭ്സുഖൻ ഗിൽ,സോം കുമാർ(ഗോൾകീപ്പർമാർ), അഭിഷേക് സിംഗ് ടെക്കാം, ആകാഷ് മിശ്ര,അൻവർ അലി,ബിജോയ് വർഗീസ്,മിംഗ്താൻ മാവിയ റാൽതേ,ജത് ഗുപ്ത,പരംവീർ,റിക്കി മീതേയ്.( ഡിഫൻഡർമാർ),അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ,ഫാറൂഖ് ചൗധരി, ലാലെംഗ്മാവിയ,നിക്സൺ, സനാൻ , റിക്കി ഷാബോംഗ്,സഹൽ അബ്ദുൽ സമദ്( മിഡ്ഫീൽഡേഴ്സ്),റയാൻ വില്യംസ്, വിക്രം പ്രതാപ് സിംഗ്, മൻവീർ സിംഗ്, റഹിം അലി, ഇർഫാൻ യദ്‌വാദ്,എഡ്മണ്ട് രാൽരിൻദിക.(സ്ട്രൈക്കർമാർ).

ഈ മത്സരം നിസാരമല്ല. ഇന്ത്യയിലെ ഞങ്ങളുടെ ആരാധകർക്കുവേണ്ടി മികച്ച വിജയം നേടാൻ തന്നെ കളിക്കും. കാലത്തിനനുസരിച്ച് മാറാൻ കഴിയാത്തതുകൊണ്ടാവാം കഴിഞ്ഞ ലോകകപ്പ് നേടാൻ ബ്രസീലിന് കഴിയാതെപോയത്. പുതിയ ശൈലിയിലുള്ള ഒരു ബ്രസീൽ ടീമിനെ വാർത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

--കാർലോ ആഞ്ചലോട്ടി ബ്രസീൽ കോച്ച്

പാനമയ്ക്ക് എതിരെ സമനിലപിടിക്കാൻ കഴിഞ്ഞത് വലിയ ആത്മവശ്വാസം പകരുന്നു. പക്ഷേ ബ്രസീൽ വലിയ ശക്തിയാണ്. ബ്രസീലിനെപ്പോലൊരു ടീമിനെതിരെ കളിക്കാൻ കഴിയുന്നത് അഭിമാനകരമാണ്.

- ഖാലിദ് ജമീൽ ,ഇന്ത്യൻ കോച്ച്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360