
നഗോയ: പൊന്നില്ലാ ദിനത്തിന് പിറ്രേന്ന് സ്വർണമഴ. അയ്‌ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ പൊന്ന് നേടിയ ദിനമായിരുന്നു ഇന്നലെ. ഇന്നലെ 6 സ്വർണവും 2 വിതം വെള്ളിയും വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ ആകെ 76 മെഡലുകളുമായി പോയിന്റ് ടേബിളിൽ എട്ടിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി.
ഇടിക്കൂട്ടിൽ പൊന്മഴ
ബോക്സിംഗിൽ ഇന്നലെ ഫൈനലിനിറങ്ങിയ മൂന്ന് ഇന്ത്യൻ താരങ്ങളും സ്വർണവുമായാണ് തിരിച്ചുകയറിയത്. തന്റെ 29-ാം പിറന്നാൾ ദിനത്തിൽ വനിതകളുടെ 75 കിലോഗ്രാം ഫൈനലിനിറങ്ങിയ ലവ്‌ലിന ബോർഗോഹെയ്‌നാണ് റിംഗിൽ നിന്ന് ഇന്നലെ ആദ്യ സ്വർണം നേടിയത്. ചൈനീസ് താരം ബാവോ സ്വിയിയെ ഫൈനലിൽ ലവ്‌ലിന 5-0ത്തിന് തകർത്തു.ഓരോ റൗണ്ടിലും വ്യക്തമായ ആധിപത്യം പുലർത്തിയ ലവ്‌ലിനയ്ക്ക് അഞ്ച് ജഡ്ജിമാരും അനുകൂലമായി വോട്ട് നൽകി. മേരി കോമിന് ശേഷം (2014-ൽ) ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറായി ലവ്‌ലിന മാറി.
വനിതകളുടെ 65 കിലോഗ്രാം ഫൈനൽ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ചൈനീസ് തായ്പേയുടെ കരുത്തയായ താരം ചെൻ നിയൻ ചെന്നിനെ സ്‌പ്ലിറ്റ് ഡിസിഷനിലൂടെ 5-3ന് കീഴടക്കിയാണ് പർവീൺ ഹൂഡ പൊന്നായത്. ആദ്യ റൗണ്ടിൽ പർവീൺ 5-0 ന് മുന്നിലെത്തിയെങ്കിലും, മുൻ ലോക ചാമ്പ്യനായ തായ്‌പേയ് താരം ശക്തമായി തിരിച്ചടിച്ച് രണ്ടാം റൗണ്ട് 5-0 ന് സ്വന്തമാക്കി. എന്നാൽ നിർണ്ണായകമായ മൂന്നാം റൗണ്ടിൽ മികച്ച പഞ്ചുകളിലൂടെ കളം പിടിച്ച പർവീണിന് മൂന്ന് ജഡ്ജിമാർ പിന്തുണ നൽകിയതോടെ സ്വർണം ഇന്ത്യയുടെ അക്കൗണ്ടിലായി.
പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗം ഫൈനലിൽ ദക്ഷിണകൊറയയുടെ കിം മിൻ സോംഗിനെ അനായാസം കീഴടക്കിയാണ് അൻകുഷ് പങ്കൽ ചാമ്പ്യനാായത്. ഏകപക്ഷീയമായ ഫൈനലിൽ 4-0ത്തിനാണ് അൻകുഷിന്റെ ജയം.
വെൽഡൺ ഗേൾസ്
വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസിൽ പൊൻ തിളക്കം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ ഫൈനലിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചൈനയെ 1-0ത്തിന് വീഴ്‌ത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. മത്സരത്തിന്റെ പത്താം മിനിട്ടിൽ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോളടിച്ചത്. താരത്തിന്റെ 200-ാം അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇത്. ചൈന കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ക്യാപ്‌ടൻ സലീമ ടെറ്റെയുടെ നേതൃത്വത്തിൽ ഇന്ത്യൻടീം സമർത്ഥമായി നിർവീര്യമാക്കി.പെനാൽറ്റി സ്ട്രോക്ക് ഉൾപ്പെടെ തട്ടിയകറ്റിയ
ഗോൾകീപ്പർ സവിത പുനിയയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. അവസാന മിനിറ്റുകളിൽ ചൈന തങ്ങളുടെ ഗോൾകീപ്പറെ വരെ പിൻവലിച്ച് 11 ഔട്ട്ഫീൽഡ് കളിക്കാരെ ഇറക്കി ആക്രമിച്ചിട്ടും ഇന്ത്യ ഗോൾ വഴങ്ങാതെ ലീഡ് നിലനിർത്തി ചരിത്ര വിജയം നേടി.
നാടകീയ സുജീത്
പുരുഷൻമാരുടെ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗം ഫൈനലിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് സുജീത് സ്വർണം നേടിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ തജിക്കിസ്ഥാന്റെ ലോക മെഡൽ ജേതാവ് അബ്ദുൽമജീദ് കുദിയേവിനെ 10-9 ന് പരാജയപ്പെടുത്തിയാണ് സുജീത് ഇന്ത്യക്കായി ഈഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ ആദ്യ സ്വർണം നേടിയത്. മത്സരത്തിന്റെ അദ്യഘട്ടതിലെല്ലാം സുജീത് 2-9 ന് പിന്നിലായിരുന്നു.
എന്നാൽ അവസാന നിമിഷങ്ങളിൽ മിന്നും പ്രകടനം പുറത്തെടുത്ത സുജീത് തുടരെ 8 പോയിന്റുകൾ നേടി മത്സരം തന്റെ വരുതിയിലാക്കി.
ചരിത്ര സ്വർണം
അമ്പെയ്‌ത്ത് റീകർവ് വനിതാടീം ഇനത്തിൽ 7 തവണ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയിട്ടുള്ള ദക്ഷിണകൊറിയയെ തകർത്താണ് അങ്കിത ഭഗതും, കീർത്തി ശർമ്മയും കുംകും മോഹദും ഉൾപ്പെട്ട സംഘം പൊന്നണിഞ്ഞത്. 5-3നായിരുന്നു ഇന്ത്യയുടെ ജയം.
ഏഷ്യൻ ഗെയിംസ്ചരിത്രത്തിൽ റീകർവ് വനിതാ ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.
ഹോക്കിയിലും ക്രിക്കറ്രിലും ഇന്നും പൊൻപ്രതീക്ഷ
പുരുഷൻമാരുടെ ഹോക്കിയിലും ക്രിക്കറ്റിലും ഇന്ന് ഇന്ത്യയ്ക്ക് ഫൈനൽ. ക്രിക്കറ്റിൽ പാകിസ്ഥാനാണ് എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 10 മുതലാണ് മത്സരം. ഹോക്കിയിൽ മലേഷ്യയാണ് എതിരാളികൾ. വൈകിട്ട് 3.30 മുതലാണ് മത്സരം.
20-ാം ഏഷ്യൻ ഗെയിംസിന് നാളെ കൊടിയിറക്കം
സമാപനച്ചടങ്ങിൽ ഷൂട്ടിംഗ് താരം നീരു ദണ്‌ഡ ഇന്ത്യൻ പതാകയേന്തും
സ്വർണത്തോടെ ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സ് യോഗ്യതയും സ്വന്തമാക്കി. 1982ലാണ് ഇതിന് മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയത്.
16 സ്വർണവും 25 വെള്ളിയും 35 വെങ്കലവുമുൾപ്പെടെ 76 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |