SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.41 AM IST

ഓർമ്മയാകും സ്പോർട്സ് കൗൺസിൽ

sports-council

ഇന്ന് സംസ്ഥാന കായികദിനം

പുതിയ സ്പോർട്സ് ബിൽ ഈ സഭാസമ്മേളനത്തിൽ അവതരിപ്പിക്കും

സ്പോർട്സ് കൗൺസിലിന് പകരം സംവിധാനം കൊണ്ടുവരാൻ നീക്കം

തിരുവനന്തപപുരം : സംസ്ഥാനത്ത് കായികരംഗത്ത് ശുദ്ധീകരണം ലക്ഷ്യമിട്ട് പുതിയ സ്പോർട്സ് ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കായിക വകുപ്പ് തയ്യാറാക്കിയ ബിൽ നിയമവകുപ്പിന്റെ അന്തിമ പരിശോധനയ്ക്ക് ശേഷം നാളെ കാബിനറ്റിൽ വയ്ക്കുമെന്നാണ് സൂചന.

അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച സംസ്ഥാന സ്പോർട്സ് കൗൺസിൽ സംവിധാനത്തിന് പകരം സ്പോർട്സ് അതോറിറ്റി ഒഫ് കേരള എന്ന പേരിൽ പുതിയ സംവിധാനം കൊണ്ടുവരാനാണ് ബിൽ വിഭാവനം ചെയ്യുന്നത്. നിലവിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഡയറക്ടറേറ്റിനെയും സ്പോർട്സ് കൗൺസിലിനേയും സംയോജിപ്പിച്ചാണ് സ്പോർട്സ് അതോറിറ്റി ഒഫ് കേരള രൂപീകരിക്കുക. മന്ത്രിമാർക്കും കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്കും കായികതാരങ്ങൾക്കുമാണ് ഈ സമിതിയുടെ നേതൃത്വം ലഭിക്കുക. നിലവിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ സർക്കാർ നാമനിർദ്ദേശം ചെയ്യുകയും ഭാരവാഹികളെ കായിക അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പടെയുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന് സ്പോർട്സ് ഡയറക്ടറേറ്റും ദേശീയ മത്സരങ്ങൾക്ക് ടീമിനെ അയയ്ക്കുന്നതും സ്പോർട്സ് ഹോസ്റ്റലുകൾ നടത്തുന്നതുമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സ്പോർട്സ് കൗൺസിലുമാണ് നേതൃത്വം നൽകുന്നത്. ഒരേ വിഷയത്തിൽ രണ്ട് ഏജൻസികളുള്ളത് ഖേലോ ഇന്ത്യ ഉൾപ്പടെയുള്ള കേന്ദ്രപദ്ധതികളുടെ നടത്തിപ്പിന് തടസമാകുന്നതിനാലാണ് ഒരൊറ്റ ഏജൻസി എന്ന രീതിയിലേക്ക് കേരളവും നീങ്ങുന്നത്. കേരളമൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്പോർട്സിന് ഒരൊറ്റ ഏജൻസി മാത്രമാണുള്ളത്.

ജീവനക്കാർക്ക് ആശ്വാസമാകും

സ്പോർട്സ് അതോറിറ്റി ഒഫ് കേരള വരുന്നത് സമയത്ത് ശമ്പളം ലഭിക്കാത്ത അർദ്ധസർക്കാർ സ്ഥാപനമായ സ്പോർട്സ് കൺസിൽ ജീവനക്കാർക്ക് ആശ്വാസമാകും. ഇവർക്ക് സർക്കാരിൽ നിന്ന് നേരിട്ട് ശമ്പളം ലഭിക്കുന്ന സ്ഥിതിയുണ്ടാകും. കഴിഞ്ഞ കാലങ്ങളിൽ കായിക അസോസിയേഷനുകൾക്ക് സമയത്ത് ഫണ്ട് നൽകാതെയും സ്പോർട്സ് ഹോസ്റ്റലുകൾക്ക് വേണ്ട പണം നൽകാതെയുമിരുന്നത് വിവാദമായിരുന്നു. ആ സാഹചര്യത്തിനും പുതിയ നിയമം വരുന്നതോടെ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം രാഷ്ട്രീയ,കായിക സഘടനാ നേതൃത്വത്തിലുള്ളവരെ മാറ്റി ഉദ്യോഗസ്ഥരിലേക്ക് കായികഭരണം കേന്ദ്രീകരിക്കുന്നുവെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360