ലണ്ടൻ: യുകെയിൽ മൃഗശാലയിൽ അതിക്രമിച്ചുകയറിയ യുവാവിനെ കടുവ കടിച്ചുകൊന്നു. യോർക്ക്ഷയർ വൈൽഡ്‌ലൈഫ് പാർക്കിൽ ശനിയാഴ്ച നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെത്തുടർന്ന് പാർക്കിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് താൽക്കാലികമായി വിലക്കേർപ്പെടുത്തി.
സൗത്ത് യോർക്ക്ഷയർ പൊലീസ് നൽകിയ വിവരമനുസരിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 1.35ഓടെയാണ് യുവാവ് കടുവയുടെ കൂട്ടിലേക്ക് പ്രവേശിച്ചതായി വിവരം ലഭിച്ചത്. തുടർന്ന് കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ അടിയന്തര ചികിത്സാസംഘം സ്ഥലത്തെത്തിയെങ്കിലും ഫലം ഉണ്ടായില്ല. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവാവിന്റെ മരണത്തെ തുടർന്ന് കടുവയെ ദയാവധത്തിന് വിധേയമാക്കണമെന്ന ആവശ്യവുമായി ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ, വംശനാശ ഭീഷണി നേരിടുന്ന അമൂർ ഇനത്തിൽപ്പെട്ട അൽതായി എന്ന കടുവയാണ് യുവാവിനെ ആക്രമിച്ചത്. അതിനാൽ കടുവയെ കൊല്ലുന്ന കാര്യം പരിഗണിക്കാൻ കഴിയില്ലെന്ന് യോർക്ക്ഷയർ വൈൽഡ്‌ലൈഫ് പാർക്ക് വ്യക്തമാക്കി.
കടുവകളെ അടുത്തുനിന്ന് നിരീക്ഷിക്കാൻ കഴിയുന്ന പ്രത്യേക സംവിധാനമാണ് ഈ പാർക്കിലെ 'ലാൻഡ് ഓഫ് ദ ടൈഗേഴ്‌സ്' മേഖല. ഏകദേശം 300 മീറ്റർ നീളമുള്ള ഉയർത്തിപ്പണിത നടപ്പാതയിലൂടെ സന്ദർശകർക്ക് കടുവകളെ നിരീക്ഷിക്കാം. വനപ്രദേശത്തിന് സമാനമായ അന്തരീക്ഷവും പുൽമേടുകളും വെള്ളച്ചാട്ടമുള്ള കുളവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കടുവയുടെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ പശ്ചാത്തലവും അധികൃതർ പരിശോധിച്ചുവരികയാണ്.
A young man was mauled to death by a tiger after entering its enclosure at Yorkshire Wildlife Park in the UK on Saturday. Emergency teams arrived at the scene, but he could not be saved. The incident has gone viral on social media. The park has ruled out euthanising Altai, an endangered Amur tiger, and an investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |