
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് വനിതാ വിഭാഗം പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ തോൽവി. അസോസിയേഷന്റെ സ്‌പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്.ഒ.എം) വനിതാ വിഭാഗം തിരഞ്ഞെടുപ്പിൽ നാല് സ്ഥാനങ്ങളിലേക്ക് ആറു പേർ മത്സരിച്ചപ്പോൾ ഉഷ അഞ്ചാം സ്ഥാനത്തായി.
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മുൻ മലയാളി ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോർജാണ് 53 വോട്ടുകളുമായി ഒന്നാമതെത്തിയത്. മുൻ ഇന്ത്യൻ വനിതാ ഹോക്കി ക്യാപ്ടൻ റാണി രാംപാൽ 50 വോട്ടും മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി 45 വോട്ടും നേടി തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 43 വോട്ടുകളോടെ നാലാം സ്ഥാനത്തെത്തി. ബാസ്‌ക്കറ്റ്ബാൾ താരം അനിത പോൾദുരൈക്ക് ആറു വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഉഷയ്ക്ക് 40 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ഇതോടെ ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും നഷ്ടമായി.
ഒക്ടോബറിൽ ഐ.ഒ.എ പ്രസിദ്ധീകരിച്ച 80 മുൻ കായികതാരങ്ങളടങ്ങിയ വോട്ടർപട്ടികയിലെ 40 വീതം പുരുഷ വനിതാ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പുരുഷ വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, വിജേന്ദർ സിംഗ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവർ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉഷയ്ക്ക് വിദൂര സാധ്യത?
2022ൽ എതിരില്ലാതെയാണ് ഉഷ ഐ.ഒ.എയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് എസ്.ഒ.എം വിഭാഗത്തിലൂടെയായിരുന്നു ജനറൽ അസംബ്ലിയിലെത്തിയത്. ഇത്തവണ ആ വഴിയടഞ്ഞെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചിട്ടില്ല. ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ ഇടം ലഭിച്ചാൽ ഉഷയ്ക്ക് മത്സരിക്കാം. എന്നാൽ അതിനുള്ള സാദ്ധ്യത കുറവാണ്. ഡിസംബർ അഞ്ചിനാണ് പുതിയ എക്സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ്.
പ്രസിഡന്റ് പദവിയിലേക്കുള്ള യോഗ്യത
ഐ.ഒ.എ ഭരണഘടനപ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്.ഒ.എം പ്രതിനിധിയോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. എസ്.ഒ.എം വിഭാഗത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എട്ടുപേർ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകും.
ഇതിനു പുറമേ ദേശീയ കായിക ഫെഡറേഷനുകൾക്കും പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യാം. ജനറൽ അസംബ്ലി അംഗങ്ങൾക്ക് എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും മത്സരിക്കാനും അർഹതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന എട്ട് എസ്.ഒ.എം പ്രതിനിധികളിൽനിന്ന് ഒരു പുരുഷനും ഒരു വനിതയും എക്സിക്യൂട്ടീവ് കൗൺസിലിലും അംഗങ്ങളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |