
വാഷിംഗ്ടൺ: മിഡ്ടേം തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പിന്നാലെ, ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനെ പറ്റി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി അഭ്യൂഹം.
ഇറാനിൽ വൻ ആക്രമണങ്ങൾ നടത്താനുള്ള സാദ്ധ്യത തീരെ കുറവാണെന്നും സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞത് ചർച്ചയായി. പരോക്ഷ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പറഞ്ഞു.
അമേരിക്കക്കാർക്ക് താത്പര്യമില്ലാത്ത ഇറാൻ യുദ്ധം ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ട്രംപിനോട് പുതിയ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാക്കളിൽ ഒരാളായ മില്ലറാണ് സർക്കാരിന്റെ കുടിയേറ്റ നയങ്ങളുടെ പ്രധാന ശില്പി.
ഇറാൻ യുദ്ധപശ്ചാത്തലത്തിലുണ്ടായ വിലക്കയറ്റമാണ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായത്. യു.എസ് കോൺഗ്രസിന്റെ നിയന്ത്രണം എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടി പിടിച്ചെടുത്തു.
വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കം റിപ്പബ്ലിക്കൻ നേതാക്കളും അനന്തമായി നീളുന്ന ഇറാൻ യുദ്ധത്തെ വിമർശിച്ചിരുന്നു. 2028ൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ പാർട്ടിയുടെ പ്രതാപം തിരിച്ചുപിടിക്കേണ്ടത് ട്രംപിന് അനിവാര്യമാണ്.
# സമാധാന നിർദ്ദേശവുമായി ഖത്തർ
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ - താനി യു.എസിൽ. ഖത്തർ ആവിഷ്കരിച്ച സമാധാന നിർദ്ദേശം ട്രംപിന് സമർപ്പിക്കും
രണ്ട് ദിവസം കൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറാകുമെന്ന് നിർദ്ദേശത്തിൽ. ഇതിനായി ഇറാനെതിരായ നാവിക ഉപരോധം യു.എസ് നീക്കണം. 800 കോടി - 1000 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം
ഇറാന്റെ ഉപാധികൾ അസ്വീകാര്യമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആണവ വിഷയത്തിൽ ഉറപ്പുകൾ വേണമെന്നും ആവശ്യം
# ട്രംപ് - പുട്ടിൻ - ഷീ ചർച്ച
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരുമായി ത്രികക്ഷി ചർച്ച നടത്തുമെന്ന് ട്രംപ്. അടുത്ത ആഴ്ച ചൈനയിലെ ഷെൻഷെനിൽ അപെക് ഉച്ചകോടിയിൽ ചർച്ച നടന്നേക്കുമെന്നും പറഞ്ഞു. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം, ഇറാന്റെ ആണവായുധ ശേഷി ഇല്ലാതാക്കുന്നതും ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |