SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

എണ്ണയിൽ ആശ്വാസം, വിപണികളിൽ കുതിപ്പ്

crude

ബ്രെന്റ് ക്രൂഡ് 95 ഡോളറിൽ താഴെ

കൊച്ചി: ഇറാനെതിരായ പുതിയ ആക്രമണത്തിന് സാദ്ധ്യത കുറവാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ 3.59 ശതമാനം കുറഞ്ഞ് ബാരലിന് 94.5 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യു.ടി.ഐ) ക്രൂഡ് വില 89 ഡോളറിലേക്കും താഴ്ന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്.

എണ്ണവിലയിലെ ഇടിവ് ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരി വിപണികൾക്ക് ഉണർവേകി. സെൻസെക്സ് 107.25 പോയിന്റ് ഉയർന്ന് 81,106.65ലും നിഫ്റ്റി 58.25 പോയിന്റ് നേട്ടത്തോടെ 25,044.66ലും വ്യാപാരം അവസാനിപ്പിച്ചു. എസ്.ബി.ഐ, ട്രെന്റ്, ലാർസൻ ആൻഡ് ടൂബ്രോ, എൻ.ടി.പി.സി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ജപ്പാനിലെ നിക്കിയും ഷാങ്ഹായ് കോമ്പോസിറ്റും നേട്ടമുണ്ടാക്കി.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 44 ഡോളർ ഉയർന്ന് 4,114 ഡോളറിലെത്തി. കേരളത്തിൽ പവൻ വില 760 രൂപ വർദ്ധിച്ച് 1,06,040 രൂപയായി.

എണ്ണവില സമ്മർദ്ദം തുടരുമെന്ന് ഗോൾഡ്മാൻ സാക്ക്‌സ്

ക്രൂഡ് വിലയിൽ കൂടുതൽ ഇടിവുണ്ടാകുമെന്ന വിപണി പ്രതീക്ഷയ്ക്കു വിരുദ്ധമായി ഗോൾഡ്മാൻ സാക്സ് വിലപ്രവചനം ഉയർത്തി. ഡിസംബറിലെ ബ്രെന്റ് വില പ്രവചനം ബാരലിന് 90 ഡോളറിൽ നിന്ന് 105 ഡോളറായും ഡബ്ല്യു.ടി.ഐ വില 81 ഡോളറിൽ നിന്ന് 94 ഡോളറായും ഉയർത്തി. ഗൾഫ് മേഖലയിലെ എണ്ണ ഉത്പാദനം 2025ലെ ശരാശരിയേക്കാൾ പ്രതിദിനം 35 ലക്ഷം ബാരൽ കുറഞ്ഞാൽ 202ൈൽ ബ്രെന്റ് വില 140 ഡോളറിലെത്താമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360