സിഡ്നി: പന്ത് ചുരുട്ടൽ വിവാദത്തിൽ മുൻ താരം ഉസ്‌മാൻ ഖ്വജയുടെ വെളിപ്പെടുത്തലുകൾക്ക് പിന്തുണയുമായി മുൻ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. 2018ൽ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ സാൻഡ്‌പേപ്പർ വിവാദത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി.എ) നടത്തിയ അന്വേഷണം തിടുക്കത്തിൽ പൂർത്തിയാക്കിയെന്നും പിഴവുകൾ ഉണ്ടായിരുന്നതായും മുൻ ഓസീസ് താരം വ്യക്തമാക്കി. സംഭവത്തിൽ സഹതാരം ഉസ്മാൻ ഖ്വാജ നടത്തിയ വെളിപ്പെടുത്തലുകൾ നൂറുശതമാനം ശരിയാണെന്നും വാർണർ പറഞ്ഞു. നേപ്പാൾ പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയായിരുന്നു വാർണർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
ഖ്വാജയുടെ ആത്മകഥയായ 'സാബർ' പുറത്തിറങ്ങാനിരിക്കെ, കഴിഞ്ഞയാഴ്ച നൽകിയ അഭിമുഖങ്ങളിലാണ് വിവാദത്തെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. പന്തിൽ കൃത്രിമം കാണിക്കുന്ന വിവരം ടീമിലെ മുഴുവൻ താരങ്ങൾക്കും അറിയാമായിരുന്നുവെന്നും കേപ്ടൗൺ ടെസ്റ്റിന് തൊട്ടുമുമ്പ് പോർട്ട് എലിസബത്ത് ടെസ്റ്റിലും ഇതേ രീതി പരീക്ഷിച്ചിരുന്നുവെന്നും ഖ്വാജ ആരോപിച്ചിരുന്നു.
എട്ടുവർഷം മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലായിരുന്നു പന്തിൽ കൃത്രിമം കാണിക്കാൻ സാൻഡ്‌പേപ്പർ ഉപയോഗിച്ചത് പുറത്തുവന്നത്. സംഭവത്തിൽ അന്നത്തെ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണർക്കും 12 മാസത്തെ വിലക്കും യുവതാരം കാമറൂൺ ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം മൂന്ന് താരങ്ങളിൽ മാത്രം ഒതുക്കാതെ ടീം ഒന്നാകെ ഏറ്റെടുക്കണമെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണസംഘം തന്നെ ചോദ്യം ചെയ്തിരുന്നില്ലെന്നും ഖ്വാജ ചൂണ്ടിക്കാട്ടി. ബാൻക്രോഫ്‌റ്റിനൊപ്പം ഉണ്ടായിരുന്ന താൻ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്നുതന്നെ രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''എട്ടുവർഷമായി ഈ വിഷയത്തിൽ ഞാൻ സംസാരിച്ചിട്ടില്ല. ഉസ്മാൻ, നീ പറഞ്ഞ കാര്യങ്ങൾക്ക് എന്റെ പൂർണ പിന്തുണയുണ്ട്. നീ പറഞ്ഞത് നൂറുശതമാനം ശരിയാണ്. അന്നത്തെ സംഭവങ്ങൾ ഓരോന്നും ഉസ്മാൻ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സത്യം പുറത്തുകൊണ്ടുവന്നതിന് നന്ദി. അന്വേഷണ നടപടികൾ തിടുക്കത്തിൽ നടത്തിയതും പിഴവുകൾ നിറഞ്ഞതുമായിരുന്നു. കാമറൂൺ ബാൻക്രോഫ്‌റ്റിന്റെ തൊട്ടടുത്തുണ്ടായിരുന്ന ഉസ്മാനെപ്പോലും ചോദ്യം ചെയ്തില്ല. അങ്ങനെയൊരു അന്വേഷണം എങ്ങനെയാണ് സമഗ്രമാകുന്നത്? സംഭവത്തിൽ ഉത്തരവാദിത്വവും സുതാര്യതയുമാണ് വേണ്ടത്. അന്വേഷണത്തിന് ഉത്തരവാദികളായവരാണ് ഇപ്പോൾ വിശദീകരണം നൽകേണ്ടത്. വ്യക്തികളെ മാത്രം നിരന്തരം ചോദ്യം ചെയ്യുന്നതിനു പകരം അന്വേഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം''-വാർണർ ആവശ്യപ്പെട്ടു.
അതേസമയം, കേപ്ടൗൺ ടെസ്റ്റിൽ പന്തെറിഞ്ഞിരുന്ന മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ് എന്നിവർ 2021ൽ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. പന്തിന്റെ അവസ്ഥ മാറ്റാൻ ഏതെങ്കിലും വിദേശവസ്തു ഉപയോഗിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നു എന്നാണ് ഇവരുടെ വിശദീകരണം.
വിവാദത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയും കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. 2018ലെ കേപ്ടൗൺ ടെസ്റ്റിന് ശേഷം നിരവധി അഭ്യുഹങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇതുവരെ ലഭിച്ച വിവരങ്ങളെല്ലാം സമഗ്രമായി പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണത്തിലെ കണ്ടെത്തലുകളിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം.
Former Australian opener David Warner has supported Usman Khawaja's revelations about the 2018 Sandpapergate scandal. Warner said Khawaja's claims are 100% true and that Cricket Australia's investigation was rushed and flawed.Khawaja, in interviews ahead of his autobiography 'Saber', had claimed that the whole team knew about ball-tampering, and the same method was tried in the Port Elizabeth Test before Cape Town.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |