SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.00 AM IST

'ഇത് സിനിമയല്ല, ഫോൺ വിളിച്ച് ചോദിച്ചിട്ട് ടീമിലെടുക്കാൻ,​ ശ്രേയസ് മുംബയിൽ ജനിച്ച മലയാളി',​ ടീം സെലക്ഷനെക്കുറിച്ച് ശ്രീശാന്ത്‌

sreeshanth-shreyas-iyer

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി-20 ടീമിനെ നയിക്കാൻ ശ്രേയസ് അയ്യരെ നിയമിച്ച ബിസിസിഐ സെലക്ടർമാരുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. അർഹിച്ച അംഗീകാരമാണ് ശ്രേയസിന് ലഭിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു. ബിഗ് ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ശ്രേയസിന്റെ ക്യാപ്ടൻസിയെക്കുറിച്ചും സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും ശ്രീശാന്ത് തന്റെ അഭിപ്രായം വ്യക്തമാക്കി. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായപ്പോഴും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി മികച്ച പ്രകടനം പുറത്തെടുത്തതാണ് അയ്യരെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

'ശ്രേയസ് ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്ന സമയമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയ എല്ലാ ടൂർണമെന്റുകളിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിലേക്ക് തിരിച്ചെത്താൻ അദ്ദഹം ആശ്രയിച്ചത് ആഭ്യന്തര ക്രിക്കറ്റിനെയാണ്. ഇഷാൻ കിഷനും ഇതേ വഴിയിലൂടെയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. അതുകൊണ്ട് കൃത്യ സമയത്താണ് അയ്യരെ തേടി നായകസ്ഥാനം എത്തിയിരിക്കുന്നത്.

shreyas-iyer

ശ്രേയസിന്റെ കാര്യത്തിൽ ഒരു മല്ലു കണക്ഷൻ കൂടിയുണ്ട്. അദ്ദേഹം മുംബയിൽ ജനിച്ച ഒരു മലയാളിയാണ്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. സഞ്ജു സാംസണും ഇഷാൻ കിഷനുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. കേരളത്തിൽ നിന്ന് 4-5 കളിക്കാർ ഒന്നിച്ച് ഇന്ത്യക്കായി കളിക്കണമെന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു'. -ശ്രീശാന്ത് പറയുന്നു.

അടുത്തിടെ ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും സൂര്യകുമാർ യാദവിനെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും സെലക്ടർമാരുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നുമാണ് ശ്രീശാന്തിന്റെ പക്ഷം.

'മുൻപ് നേടിയ വിജയങ്ങളെ മുൻനിർത്തി ആർക്കും ടീമിൽ തുടരാനാകില്ല. ഇന്ത്യൻ ക്രിക്കറ്റിൽ കഴിവുള്ളവർക്ക് ഒരു കുറവുമില്ല. സിനിമയിലേതുപോലെ റെഡിയാണോ എന്ന് ആരും ഫോൺ വിളിച്ച് ചോദിച്ച ശേഷമല്ല ഇവിടെ ടീമിനെ പ്രഖ്യാപിക്കുന്നത്. കളിക്കാർ ബിസിസിഐയെയും കോച്ചിനെയും ക്യാപ്ടനെയും ബഹുമാനിക്കണം. അവസരം ലഭിച്ചില്ലെങ്കിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കുകയാണ് വേണ്ടത്'.- ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SREESANTH, SREYAS, T-20 CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360