മറ്റുള്ള ക്രിക്കറ്റ് താരങ്ങൾ അവരുടെ കരിയറിൽ നേടിയതിനേക്കാൾ കൂടുതൽ നേട്ടങ്ങളാണ് ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി തന്റെ 15ാം വയസിൽ സ്വന്തമാക്കിയത്. അതേസമയം ദേശീയ ടീമിലെ അവസരത്തിനായി ഇനിയും വൈഭവ് കാത്തിരിക്കേണ്ടി വരുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ക്യാപ്ടൻ ശ്രേയസ് അയ്യർ വ്യക്തമാക്കുന്നത്. പ്രതിഭയുടെ കാര്യത്തിൽ സംശയമില്ലെന്നും എന്നാൽ ടീമിലെ സ്ഥിരതയുള്ള ഓപ്പണർമാരുടെ സാന്നിദ്ധ്യമാണ് വൈഭവിന്റെ അവസരങ്ങൾ കുറയ്ക്കുന്നതെന്നും ശ്രേയസ് പറഞ്ഞു.
വൈഭവിന്റെ സ്വഭാവത്തെക്കുറിച്ചും ശ്രേയസ് അയ്യർ തുറന്നുപറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് എല്ലാവരും വൈഭവിനോട് സംസാരിക്കുന്നതിനാൽ കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളാണ് താൻ താരവുമായി കൂടുതൽ സംസാരിക്കുന്നതെന്നും ശ്രേയസ് പറഞ്ഞു. 'വളരെ ശാന്തനായ താരമാണ് വൈഭവ്. എന്നാൽ കളിക്കളത്തിൽ എത്തുമ്പോൾ അതീവ ആക്രമണകാരിയാകുന്നു. അതാണ് അവനിലെ ഏറ്റവും വലിയ പ്രത്യേകത. വളരെ സൗമ്യനും ഇടപഴകാൻ ഇഷ്ടപ്പെടുന്നയാളുമാണ്. ഡ്രസിംഗ് റൂമിൽ അവനെപ്പോലൊരു താരം ഉണ്ടാകുന്നത് സന്തോഷകരമാണ്,' ശ്രേയസ് പറഞ്ഞു.
ദേശീയ ടീമിൽ അവസരം ലഭിക്കുന്ന കാര്യത്തിൽ വൈഭവിന് ക്ഷമയോടെ കാത്തിരിക്കേണ്ടിവരുമെന്നും ക്യാപ്ടൻ വ്യക്തമാക്കി. 'അവന്റെ സമയം വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോൾ ലോകകപ്പ് നേടിയ ഓപ്പണർമാരാണ് ഞങ്ങൾക്കൊപ്പമുള്ളത്. അവർക്ക് അവസരം നൽകേണ്ടതുണ്ട്. വൈഭവ് ഇപ്പോഴും ടീമിലെ 15 അംഗങ്ങളിലുണ്ട്. അവന്റെ സമയം വരുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ അവൻ ആധിപത്യം സ്ഥാപിക്കും,' ശ്രേയസ് പറഞ്ഞു.

ജൂണിലെ ഇംഗ്ലണ്ട് പര്യടനം മുതൽ വൈഭവ് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമാണ്. എന്നാൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത് വളരെ കുറച്ച് തവണ മാത്രം. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിൽ ഒരു മത്സരത്തിൽപ്പോലും കളിക്കാനായില്ല. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ജപ്പാനെതിരായ ഏക ട്വന്റി-20യിലും വൈഭവ് പുറത്തിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യൻ ഗെയിംസ് സെമിഫൈനലിലാണ് വൈഭവിന് അവസരം ലഭിച്ചത്. ലഭിച്ച അവസരം മുതലാക്കിയ താരം 38 റൺസിന്റെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. പാകിസ്ഥാനെതിരായ ഫൈനലിൽ ഒൻപത് പന്തിൽ 15 റൺസെടുത്ത് പുറത്തായെങ്കിലും ഇന്ത്യയുടെ സ്വർണനേട്ടത്തിൽ പങ്കാളിയാകാനും താരത്തിനായി.

ഇതിനോടകം തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി റെക്കാഡുകൾ വൈഭവ് സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി-20 രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം, രാജ്യാന്തര പുരുഷ ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കാഡുകൾ താരത്തിന്റെ പേരിലാണ്. 15 വയസും ആറ് മാസവും ആറ് ദിവസവും പ്രായമുള്ളപ്പോൾ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയതോടെ മറ്റൊരു നേട്ടവും വൈഭവിന്റെ പേരിലായി. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഷൂട്ടർ സൗരഭ് ചൗധരി സ്ഥാപിച്ച റെക്കാഡാണ് വൈഭവ് മറികടന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായി അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ആരിറങ്ങുമെന്നതിൽ മലയാളി താരം സഞ്ജു സാംസണും വൈഭവും തമ്മിലുള്ള മത്സരം തുടരുകയാണ്. എന്നാൽ തുടർച്ചയായി മികച്ച പ്രകടനം നടത്തുന്ന സഞ്ജു-അഭിഷേക് കൂട്ടുകെട്ട് നിലനിർത്താനാണ് ടീം മാനേജ്‌മെന്റ് കൂടുതൽ താത്പര്യപ്പെടുന്നതെന്നാണ് സൂചന.
Indian prodigy Vaibhav Suryavanshi, aged 15, has set multiple records, including youngest T20I debutant and Asian Games gold winner. While captain Shreyas Iyer praised his talent, he emphasized Vaibhav needs to wait for a national team spot due to strong competition from current openers. Suryavanshi has shown promise in limited senior team appearances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |