ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ ഭീതിജനകമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് യാത്രക്കാരുടെ മൊഴി. വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തുകയും വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രയേൽ അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നതായി സൂചനയുണ്ട്. നേരത്തെ പൈലറ്റുമാർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലാണ് സംഭവത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
പ്രധാന പൈലറ്റിനെ സഹപൈലറ്റ് പോക്കറ്റ് കത്തി ഉപയോഗിച്ച് കുത്തിയതായാണ് റിപ്പോർട്ട്. വിമാനത്തിൽ നിലവിളി ഉയർന്നതിന് പിന്നാലെ കോക്പിറ്റിൽ രക്തം കണ്ടതായും ഒരു പൈലറ്റിന് കുത്തേറ്റിരുന്നത് കണ്ടുവെന്നുമാണ് ദൃകസാക്ഷികളുടെ മൊഴി. പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമം നടത്തിയതായും സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇത് തടഞ്ഞതായും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിനിടെ ഒരു പൈലറ്റ് ബോധരഹിതനായതായും റിപ്പോർട്ടുണ്ട്.
ഒമാൻ പൗരനായ കോ-പൈലറ്റ് യു.എ.ഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യാത്രക്കാരുടെ മൊഴി. വിമാനത്തിൽ യാത്രക്കാരായി സാധാരണ വസ്ത്രത്തിൽ രണ്ട് പൈലറ്റുമാർ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ചെയ്തത്. ഇല്ലെങ്കിൽ വലിയ അപകടത്തിനുള്ള സാദ്ധ്യത ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 180 യാത്രക്കാരുമായി ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
ജോർദാൻ-സൗദി അതിർത്തിക്ക് സമീപം പറക്കുന്നതിനിടെയാണ് വിമാനം അടിയന്തര സിഗ്നൽ പുറപ്പെടുവിച്ചത്. ആദ്യം അന്താരാഷ്ട്ര അടിയന്തര കോഡ് 7700 നൽകിയ വിമാനം പിന്നീട് 7500 എന്ന കോഡും കുറച്ചുസമയത്തേക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. 7500 സാധാരണയായി ഹൈജാക്കിംഗ് അല്ലെങ്കിൽ വിമാനത്തിൽ അനധികൃത ഇടപെടൽ ഉണ്ടായതായി സൂചിപ്പിക്കുന്ന കോഡാണിത്. ഏകദേശം 34,000 അടി ഉയരത്തിൽ നിന്ന് ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ വിമാനം 17,000 അടിയിലേക്ക് താഴുകയായിരുന്നു. വേഗതയിലും പെട്ടെന്നുള്ള വർദ്ധന രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിമാനം വീണ്ടും കുറച്ചുയർന്നെങ്കിലും പിന്നീട് 14,000 അടി താഴ്ചയിലേക്ക് പതിച്ചു.
ഏകദേശം ഒരു മണിക്കൂറോളം വിമാനം സ്ഥിരമായ ഉയരം നിലനിർത്താൻ ബുദ്ധിമുട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. അടിയന്തര സിഗ്നലിനെ തുടർന്ന് വിമാനവുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ പിന്തുടർന്നതായും റിപ്പോർട്ടുണ്ട്. ഒടുവിൽ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
A FlyDubai flight from Dubai to Tel Aviv made an emergency landing in Saudi Arabia after its co-pilot reportedly stabbed the captain and attempted to crash the aircraft. Passengers described a violent confrontation, with off-duty pilots intervening to regain control. Authorities are investigating the incident, including potential terrorism links.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |