SignIn
Kerala Kaumudi Online
Tuesday, 20 October 2026 8.09 AM IST

പെൻഗ്വിനുകളുടെ സ്വന്തം നാട്: മക്വാറി ദ്വീപിൽ പക്ഷിപ്പനി

d

സിഡ്നി: ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള മക്വാറി ദ്വീപിൽ ആദ്യമായി എച്ച് 5 എൻ 1 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടുത്തെ എലിഫന്റ് സീലുകളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്നതാണ് തീവ്രതയേറിയ എച്ച് 5 എൻ 1.

എച്ച് 5 എൻ 1 പോലുള്ള പക്ഷിപ്പനി വകഭേദങ്ങൾ സസ്തനികളെയും മനുഷ്യരെയും ബാധിക്കാം. ദേശാടന പക്ഷികളിൽ നിന്നാണ് മക്വാറി ദ്വീപിലേക്ക് വൈറസ് ബാധ എത്തിയതെന്ന് കരുതുന്നു. ടാസ്‌മാനിയയ്ക്ക് സമീപമുള്ള ഒറ്റപ്പെട്ട ദ്വീപാണ് മക്വാറി ദ്വീപ്. ഗവേഷണത്തിന്റെ ഭാഗമായി വിരലിലെണ്ണാവുന്ന മനുഷ്യർ മാത്രമാണ് ദ്വീപിലുള്ളത്. അവരാകട്ടെ സ്ഥിരതാമസക്കാരുമല്ല. ഗവേഷകരും സഹായികളും അടക്കം ദ്വീപിലുണ്ടായിരുന്ന 24 പേരെ ഓസ്ട്രേലിയൻ സർക്കാർ ആഗസ്റ്റിൽ ഒഴിപ്പിച്ചിരുന്നു.

ലക്ഷക്കണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം. പെൻഗ്വിൻ, പെട്രൽ, ആൽബട്രോസ് തുടങ്ങിയ പക്ഷി വർഗങ്ങളാണ് ഇവിടെ കൂടുതലും. ഏകദേശം 40 ലക്ഷം പെൻഗ്വിനുകൾ ഇവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 8,50,000 ത്തോളം റോയൽ പെൻഗ്വിനുകളും ഉണ്ട്. റോയൽ പെൻഗ്വിനുകളെ കാണാൻ സാധിക്കുന്ന ഏക പ്രദേശം കൂടിയാണ് മക്വാറി ദ്വീപ്. റോയൽ പെൻഗ്വിനുകൾ ഉൾപ്പെടെ ആകെ നാല് ഇനം പെൻഗ്വിനുകളാണ് ഇവിടെയുള്ളത്. കിംഗ് പെൻഗ്വിൻ, ജെൻറ്റൂ പെൻഗ്വിൻ, ഈസ്റ്റേൺ റോക്ക്‌‌ഹോപ്പർ പെൻഗ്വിൻ എന്നിവയാണ് ഇവിടെക്കാണുന്ന മറ്റ് സ്‌പീഷീസുകൾ. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് മക്വാറി ദ്വീപ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360