ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ഭരണകൂടം. എക്‌സിൽ ചിത്രങ്ങളോടൊപ്പം പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് ഇറാൻ ഇന്ത്യൻ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ചത്. 'പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന്' ഇറാന്റെ എംബസി എക്സിൽ കുറിച്ചു.
ഇന്ത്യയുടെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സൗഹൃദത്തിന്റെയും അനുകമ്പയുടെയും ഹൃദയംഗമമായ ആദരവ് ഒരിക്കലും മറക്കില്ല. രക്തസാക്ഷിയായ തങ്ങളുടെ നേതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിനും ആദരാഞ്ജലികൾ അർപ്പിച്ചതിനും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.- എക്സിലെ കുറിപ്പിൽ പറയുന്നു.
ബീഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) സയിദ് അത്താ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, മറ്റ് സർക്കാർ പ്രതിനിധികളും വിവിധ മതനേതാക്കളും അടങ്ങുന്ന ഉന്നതതല ഇന്ത്യൻ സംഘം വെള്ളിയാഴ്ചയാണ് ടെഹ്റാനിലെത്തിയത്. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സിഖ്- ഹിന്ദു- മുസ്ലിം- ക്രിസ്ത്യൻ മതനേതാക്കളും ഇറാനിയൻ പരമോന്നത നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |