SignIn
Kerala Kaumudi Online
Thursday, 13 August 2026 8.24 PM IST

വ്യോമസേന ബേസിനു സമീപം അജ്ഞാത വിമാനം; യുഎസിന്റെ അത്യാധുനിക 'ബി-21 റൈഡർ' എന്ന് അഭ്യൂഹം

-military-aircraft-
യുഎസ് വ്യോമസേനാ താവളത്തിന് സമീപം കണ്ട അജ്ഞാത വിമാനം

വാഷിംഗ്ടൺ: യുഎസ് വ്യോമസേനാ താവളത്തിന് സമീപം അജ്ഞാത വിമാനം കണ്ടതിനെ തുടർന്ന് ദരൂഹത. കൻസാസിലെ മക്കോണൽ വ്യോമസേനാ താവളത്തിന് സമീപമാണ് വിമാനം കണ്ടെത്തിയത്. അമേരിക്കയുടെ അത്യാധുനിക സ്റ്റെൽത്ത് ബോംബർ വിമാനമായ ബി-21 റൈഡറാണിതെന്ന അഭ്യൂഹം സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച വ്യോമസേനാ താവളത്തിന് സമീപത്തുനിന്ന് പകർത്തിയ ദൃശ്യങ്ങളിൽ, യുഎസ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങളോട് സാമ്യമുള്ള ചാരനിറത്തിലുള്ള വിമാനം കാണാം. എന്നാൽ വിമാനം ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് ബി-21 റൈഡറാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇവ അമേരിക്കയുടെ പുതിയ സ്റ്റെൽത്ത് ബോംബർ വിമാനമായ B-21 റൈഡാർ ആയിരിക്കാനാണ് കൂടുതൽ സാദ്ധ്യതയെന്ന് ഔട്ട്കിക്ക് റിപ്പോർട്ടർ ഡേവിഡ് ഹുക്ക്സ്റ്റെഡ് സൂചിപ്പിക്കുന്നു. എന്നാൽ ആർ‌ക്യു-170 അല്ലെങ്കിൽ ആർ‌ക്യു-180 ഡ്രോണായിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഇവയിൽ പ്രത്യേകിച്ച് ആർക്യു-180ന്റെ സാന്നിദ്ധ്യം യുഎസ് ഭരണകൂടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ചിലർ ഈ വാദത്തോട് യോജിക്കുന്നില്ല. മക്കോണൽ വ്യോമസേനാ താവളം ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന പഴയ തലമുറയിലെ സ്റ്റെൽത്ത് ബോംബർ വിമാനമായ ബി-2 സ്പിരിറ്റായിരിക്കാമിതെന്നാണ് അവകാശവാദം. നോർത്രോപ്പ് ഗ്രുമ്മാനാണ് വിമാനം നിർമ്മിച്ചത്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള, ദീർഘദൂര ആക്രമണങ്ങൾ നടത്താൻ കഴിയുന്ന അത്യാധുനിക സ്റ്റെൽത്ത് ബോംബറാണ് ബി-2 സ്പിരിറ്റ്. ശത്രുക്കളുടെ റഡാറുകളിൽപ്പെടാതെ ആക്രമണം നടത്താൻ ഇവയ്ക്ക് കഴിയും.


ഒരു B-21 വിമാനത്തിന് ശരാശരി 692 മില്യൺ ഡോളർ ചെലവാകുമെന്നാണ് യുഎസ് വ്യോമസേനയുടെ കണക്ക്. 2022ൽ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയ B-21, B-2 സ്പിരിറ്റിന് ശേഷം അമേരിക്ക വികസിപ്പിച്ച ആദ്യത്തെ ദീർഘദൂര ബോംബർ വിമാനമാണ്. 1942ൽ ജപ്പാനിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ആക്രമണത്തിന് നേതൃത്വം നൽകിയ യുഎസ് സൈനിക സംഘമായ ഡൂലിറ്റിൽ റൈഡേഴ്‌സിന്റെ പേരിലാണ് വിമാനത്തിന് B-21 റൈഡർ എന്ന് പേര് നൽകിയത്.

വിമാനത്തിന്റെ ഭൂരിഭാഗം വിവരങ്ങളും ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. വരും വർഷങ്ങളിൽ വിമാനം സേവനസജ്ജമാകുമെന്ന് വ്യോമസേന പ്രതീക്ഷിക്കുന്നു. കുറഞ്ഞത് 100 വിമാനങ്ങളെങ്കിലും സ്വന്തമാക്കാൻ യുഎസ് വ്യോമസേന പദ്ധതിയിടുന്നുണ്ട്.

English Summary

An unknown grey aircraft was spotted near McConnell Air Force Base in Kansas, prompting speculation. Many believe it is the new B-21 Raider stealth bomber, while others suggest it could be an older B-2 Spirit or an RQ-170/180 drone. Its official identity remains unconfirmed, creating intrigue around the advanced aircraft sighting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US MILITARY BASSE, MYSTERY AIRCRAFT, USA, LATESTNEWS, B21
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360