
ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സീഷെൽസിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം സീഷെൽസ് ദേശീയ സുവർണ ജൂബിലി ആഘോഷങ്ങളിൽ പ്രധാന അതിഥിയായി പങ്കെടുക്കാനാണ് യാത്ര. സീഷെൽസ് ദേശീയ അസംബ്ലിയെയും മോദി അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രവാസികളെയും കാണും. ഇതിനൊപ്പം ലോകത്തിലെ ഏറ്റവും പ്രായമേറിയ മൃഗത്തെയും അദ്ദേഹം സന്ദർശിക്കും.
194 വയസ് പ്രായമുള്ള ആൽഡബ്ര ജയന്റ് ടോർടോയിസ് ഇനത്തിൽപ്പെട്ട ജോനാഥൻ എന്ന ആമയെയാണ് മോദി സന്ദർശിക്കുന്നത്. സീഷെൽസ് ദേശീയ ബൊട്ടാണിക്കൽ ഗാർഡൻസിലാണ് ആമയുടെ താമസം. ലോകത്തിലെ ഏറ്റവും പ്രായമേറിയ ജീവിക്കുന്ന കരമൃഗമെന്ന ഗിന്നസ് ലോക റെക്കോർഡും ജോനാഥന് സ്വന്തമാണ്. ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന വൃക്ഷത്തൈ നടീൽ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെർമിനിയുമായി സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും. രണ്ട് നാവികസേന കപ്പലുകളടക്കം ഇന്ത്യൻ സേനാ വിഭാഗങ്ങളും സീഷെൽസ് ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രധാനമന്ത്രി മോദി അവസാനമായി സീഷെൽസ് സന്ദർശിച്ചത് 2015ലാണ്.
സീഷെൽസ് ഒരു മൂല്യവത്തായ സമുദ്ര അയൽക്കാരനാണെന്നാണ് സന്ദർശനത്തിന് മുൻപ് മോദി എക്‌സിൽ കുറിച്ചത്. ഇന്ത്യയുടെ മഹാസാഗർ പദ്ധതിയിലെ പ്രധാന പങ്കാളിയുമാണ്. ആഗോള ദക്ഷിണേന്ത്യയുടെ താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സീഷെൽസ് പങ്കുവഹിക്കുന്നു. എന്റെ സുഹൃത്തും സീഷെൽസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായ ഡോ. പാട്രിക് ഹെർമിനിയുമായുള്ള ചർച്ചകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |