വാഷിംഗ്‌ടൺ: ഇറാനിലെ പത്ത് സെെനിക താവളങ്ങളിൽ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡറാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ഇറാൻ മാദ്ധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഹോർമുസിൽ പനാമ പതാകയുള്ള കപ്പലിനെ ഇറാൻ ആക്രമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നും യുഎസ് ഇറാനിൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അമേരിക്കയുടെ സെെനിക താവളകളെ ആക്രമിച്ചുവെന്ന് ഇറാനും അറിയിച്ചു. ജൂൺ 17ന് വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാം ദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. ഇതോടെ ഒരാഴ്ച പിന്നിടുന്ന ഇറാൻ യുഎസ് ധാരണാപത്രത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്.
ഇന്നലെ പുലർച്ചെ തെക്കൻ ഇറാനിലെ ഡ്രോൺ, മിസൈൽ, റഡാർ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ടു. വ്യാഴാഴ്ച, ഹോർമുസിൽ തായ്‌വാനീസ് കമ്പനിയുടെ ചരക്കുക്കപ്പൽ ഇറാൻ ആക്രമിച്ചതിനുള്ള തിരിച്ചടിയാണിത്. തുറമുഖ നഗരമായ സിരികിലും ഖേഷം ദ്വീപിലും ശക്തമായ സ്ഫോടനങ്ങളുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല.
ഇതിനിടെ ഇറാനെതിരെ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സെെന്യം തങ്ങളുടെ ജോലി തീർക്കാൻ നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്നാണ് ഭീഷണി. ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |