SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

കടുത്ത നിർദ്ദേശവുമായി ട്രംപ് --- അനധികൃത കുടിയേറ്റക്കാർ ഗ്വാണ്ടനാമോ തടവറയിലേക്ക്

pic

വാഷിംഗ്ടൺ: ഇന്നും നിഗൂഢമായി തുടരുന്ന തടവറ. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സ്ഥലം. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയുടെ തടങ്കൽ സംവിധാനം വിപുലമാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 30,000 അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേയിലേക്ക് മാറ്റാനാണ് തീരുമാനം. സംവിധാനം വിപുലമാക്കാൻ പെന്റഗണിനോടും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിനോടുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള ഗ്വാണ്ടനാമോ ഉൾക്കടലിന്റെ കരയിലാണ് യു.എസിന്റെ ഗ്വാണ്ടനാമോ നേവൽ ബേസുള്ളത്. ഇവിടെയാണ് വിദേശ ഭീകരരെ അടക്കം പാർപ്പിക്കുന്ന അതീവ സുരക്ഷാ ജയിൽ. ജയിലിൽ നിന്ന് വ്യത്യസ്തമായി നേവൽ ബേസിൽ തന്നെ കുടിയേറ്റക്കാർക്കായി പ്രത്യേക കേന്ദ്രമുണ്ട് ( ഗ്വാണ്ടനാമോ മൈഗ്രന്റ് ഓപ്പറേഷൻസ് സെന്റർ -ജി.എം.ഒ.സി). കടലിൽ നിന്ന് പിടികൂടുന്ന ഹെയ്തിയൻ, ക്യൂബൻ അനധികൃത കുടിയേറ്റക്കാരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തെ വികസിപ്പിക്കാനാണ് പദ്ധതി.

ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജൻസിക്കാകും നടത്തിപ്പ് ചുമതല. ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ഇവിടെ പാർപ്പിക്കും. നിയമവിരുദ്ധമായി യു.എസിലേക്ക് കടക്കുന്നവരെ സൈനിക വിമാനങ്ങളിൽ അവരുടെ രാജ്യത്തേക്ക് നാടുകടത്താൻ തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. പദ്ധതി ക്രൂരമാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ പ്രതികരിച്ചു.

# ഭയപ്പെടുത്തും തടവ്

 കുപ്രസിദ്ധ ജയിൽ

 2002ൽ ജോർജ് ഡബ്ല്യൂ. ബുഷ് സ്ഥാപിച്ചു

 2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിന് പിന്നാലെ അൽ-ക്വഇദയിലെ അടക്കം ഭീകരരെ തടവിലാക്കി

 ഇതുവരെ 48 രാജ്യങ്ങളിൽ നിന്നായി 780 പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. 9 പേർ കസ്റ്റഡിയിൽ മരിച്ചു. 756 പേരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. നിലവിൽ 15 തടവുകാർ

 കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നെന്ന് പറയപ്പെടുന്നു

കൂടുതൽ വിവരങ്ങൾ അജ്ഞാതം

 മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും ജോ ബൈഡനും ഗ്വാണ്ടനാമോ ജയിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും തടവുകാരുടെ എണ്ണം കുറയ്ക്കാനേ സാധിച്ചുള്ളൂ. തടവറ അടയ്ക്കില്ലെന്ന് ട്രംപ്

 കുടിയേറ്റക്കാർക്കുള്ള കേന്ദ്രവും തടവറയും വേവ്വേറെ. കുടിയേറ്റ കേന്ദ്രത്തിനെതിരെയും മനുഷ്യാവകാശ ലംഘന ആരോപണം

# വിസ റദ്ദാക്കും

ഹമാസ് അനുകൂലികളായ വിദ്യാർത്ഥികളുടെ സ്​റ്റുഡന്റ് വിസ റദ്ദാക്കാൻ ട്രംപ് ഉത്തരവിട്ടു. ജൂതവിരുദ്ധ കുറ്റങ്ങൾ തടയാൻ കർശന നടപടിയുണ്ടാകും. ഗാസ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭവുമായി നിരവധി വിദേശ വിദ്യാർത്ഥികൾ യു.എസിൽ തെരുവിലിറങ്ങിയിരുന്നു. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ നടത്തിയവരുടെ വിസയാണ് റദ്ദാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360